Sat. Jan 18th, 2025

കണ്ണൂർ: പ്രണയാഭ്യർത്ഥന നിരസിച്ച വൈരാഗ്യത്തിൽ കണ്ണൂർ പാനൂരിനടുത്ത് വള്ള്യായിൽ വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശ്യാംജിത്ത് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷ ഈ മാസം 13 ന് വിധിക്കും.

2022 ഒക്ടോബർ 22 നായിരുന്നു വിഷ്ണുപ്രിയ കൊല്ലപ്പെട്ടത്. സുഹൃത്തുമായി ഫോണിൽ സംസാരിക്കുന്നതിനിടെ കിടപ്പുമുറിയിൽ അതിക്രമിച്ച് കയറിയ ശ്യാംജിത്ത് വിഷ്ണുപ്രിയയെ ചുറ്റിക കൊണ്ട് തലക്കടിച്ച് വീഴ്ത്തിയ ശേഷം കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു.

പ്രണയത്തിലായിരുന്ന ഇവർ സംഭവം നടക്കുന്നതിന് രണ്ടുമാസം മുന്‍പ് തെറ്റിപ്പിരിഞ്ഞെന്നും ഇതാണ് കൊലപാതകത്തിന്റെ കാരണമെന്നുമാണ് പോലീസിന്റെ കണ്ടെത്തൽ.

വിഷ്ണുപ്രിയയുടെ ശരീരത്തിൽ 29 മുറിവുകളാണുണ്ടായിരുന്നത്. ഇതിൽ 10 മുറിവുകളും മരണശേഷമായിരുന്നു. പാനൂരിൽ സ്വകാര്യ ആശുപത്രിയിൽ ഫാർമസിസ്റ്റായിരുന്നു വിഷ്ണുപ്രിയ.