Tue. May 21st, 2024
Fahadh's Aavesham

മലയാള ചിത്രം ആവേശത്തിലെ ഡയലോഗിനെതിരെ സോഷ്യല്‍ മീഡിയയായ എക്‌സിൽ പ്രതിഷേധം. ചിത്രത്തിന്റെ ഇന്റര്‍വല്‍ സീനില്‍ ഫഹദിന്റെ രംഗന്‍ എന്ന കഥാപാത്രം ആളുകള്‍ക്ക് വാണിങ് കൊടുക്കുന്ന ഭാഗത്തെച്ചൊല്ലിയാണ് വിവാദം ഉയർന്ന് വന്നിരിക്കുന്നത്.

മലയാളത്തിലും കന്നഡയിലും വാണിങ് കൊടുത്ത ശേഷം രംഗന്‍ ഹിന്ദിയില്‍ അതേ ഡയലോഗ് പറയാന്‍ പോകുന്നുണ്ട്. എന്നാല്‍ രംഗന്റെ വലംകൈയായ അമ്പാന്‍ ഹിന്ദി വേണ്ടണ്ണാ എന്ന് പറഞ്ഞ് രംഗനെ പിന്തിരിപ്പിക്കുന്നുണ്ട്. ഈ ഡയലോഗാണ് വിവാദത്തിന് കാരണമായത്.

കാശി ഡി ക്യൂ എന്ന ഐ ഡി എക്‌സില്‍ കുറിച്ച പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചവിഷയമാകുന്നത്. പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളെത്തുന്നുണ്ട്.

‘ഹിന്ദി ആവശ്യമില്ല? മലയാളവും കന്നഡയും ആവാം. ഹിന്ദി പറ്റില്ല. സൗത്ത് ഇന്ത്യന്‍ സിനിമകള്‍ക്ക് ഹിന്ദിയോടുള്ള കാഴ്ചപ്പാട് നോക്കൂ. ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ഔദ്യോഗിക ഭാഷയെ ബഹുമാനിക്കുക.’, എന്നിങ്ങനെയാണ് കാശി ഡി ക്യൂ എക്‌സില്‍ കുറിച്ചത്.

അതേസമയം, തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ്‌ ചിത്രം നേടിയത്. ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമില്‍ ഒരു മലയാളം സിനിമക്ക് ലഭിച്ച ഏറ്റവും ഉയര്‍ന്ന തുകയ്ക്കാണ് ചിത്രം സ്ട്രീമിങിന് എത്തിയിരിക്കുന്നത്.