Mon. Dec 23rd, 2024

കുടക്: കർണാടകയിൽ വിവാഹനിശ്ചയം മുടങ്ങിയതിൽ 16 കാരിയുടെ തല വെട്ടിമാറ്റി പ്രതിശ്രുത വരൻ. മീനയെന്ന പെൺകുട്ടിയെ 32 കാരനായ പ്രകാശാണ് ക്രൂരമായി കൊലപ്പെടുത്തിയത്.

ബാലാവകാശ കമ്മീഷന്‍ വിവാഹ നിശ്ചയ ചടങ്ങ് തടഞ്ഞതിന് പിന്നാലെയാണ് യുവാവ് പെൺകുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം പ്രതി ഒളിവിൽ പോയി.

പ്രകാശുമായുള്ള വിവാഹം മീനയുടെ വീട്ടുകാർ ഉറപ്പിച്ചിരുന്നു. വ്യാഴാഴ്ചയായിരുന്നു പെൺകുട്ടി പത്താം ക്ലാസ് പരീക്ഷ പൂർത്തിയാക്കിയത്. ഇതറിയാവുന്ന ചിലർ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹനിശ്ചയം നടക്കുന്നുവെന്ന് ബാലാവകാശ കമ്മീഷനെ അറിയിച്ചു.

തുടർന്ന് അധികൃതർ സ്ഥലത്തെത്തി വിവാഹ നിശ്ചയ ചടങ്ങ് നിർത്തി വെക്കാൻ ആവശ്യപ്പെട്ടു. വിവാഹ നിശ്ചയം മുടങ്ങിയ വിവരം അറിഞ്ഞ് പെൺകുട്ടിയുടെ വീട്ടിലേക്കെത്തിയ പ്രകാശ് പെൺകുട്ടിയുടെ മാതാപിതാക്കളെ ആക്രമിച്ചു.

പിന്നീട് പെൺകുട്ടിയെ വീട്ടിൽ നിന്നും പിടിച്ചിറക്കി വലിച്ചിഴച്ച് കൊണ്ടുപോയി തല അറുത്തുമാറ്റുകയായിരുന്നു. പിന്നീട് വെട്ടിയ തലയുമായി ഇയാൾ സംഭവസ്ഥലത്ത് നിന്നും കടന്നുകളയുകയായിരുന്നു. പ്രതിക്കായുള്ള തിരച്ചില്‍ ശക്തമാക്കിയതായി കുടക് പോലീസ് അറിയിച്ചു.