Sun. Dec 22nd, 2024

ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീൽഡിന്റെ നിർമാണവും വിതരണവും 2021 തന്നെ നിർത്തിയിരുന്നതായി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. അസ്ട്രസെനക്ക വാക്സിൻ പിൻവലിക്കുന്നെന്ന റിപ്പോർട്ടിന് പിന്നാലെയാണ് ഇന്ത്യയിൽ കോവിഷീൽഡ് നിർമിക്കുന്ന സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിശദീകരണം.

വാക്സിൻ ഉപയോഗിക്കുന്നവരിൽ രക്തം കട്ടപിടിക്കുന്ന ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിൻഡ്രോം (ടിടിഎസ്) ഉൾപ്പെടെയുള്ള അപൂർവമായ പാർശ്വഫലമുണ്ടാകാൻ സാധ്യതയുണ്ടെന്ന് വാക്സിൻ പാക്കേജിൽ തന്നെ പറയുന്നുണ്ടെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് പറഞ്ഞു.

കോവിഡ് പ്രതിരോധിക്കുന്നതിൽ വാക്സിനുകൾ നിർണായക പങ്കുവഹിച്ചു. എന്നാൽ, ആഗോളതലത്തിൽ മഹാമാരി വെല്ലുവിളി സൃഷ്ടിക്കുമ്പോഴും വാക്സിന്റെ സുരക്ഷ പരമപ്രധാനമാണെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.

അതേസമയം, കഴിഞ്ഞ രണ്ട് വർഷമായി സർക്കാർ കോവിഡ് 19 വാക്സിനും വാങ്ങിയിട്ടില്ലെന്നും ഉടനെ കൂടുതൽ വാക്സിനുകൾ വാങ്ങുന്നതിന്റെ സൂചനയില്ലെന്നും ആരോഗ്യമന്ത്രാലയ വൃത്തങ്ങൾ പ്രതികരിച്ചു.