ഹൈദരാബാദ്: തെലങ്കാനയിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ കേസ്. തെലങ്കാന കോൺഗ്രസാണ് അമിത് ഷാക്കെതിരെ പരാതി നൽകിയിരിക്കുന്നത്. മെയ് ഒന്നിനാണ് പരാതിക്കാസ്പദമായ സംഭവം.
തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റായ നിരഞ്ജൻ റെഡ്ഡി തെരഞ്ഞെടുപ്പ് കമ്മീഷനാണ് പരാതി നൽകിയത്. അമിത് ഷാ നടത്തിയ റാലിയിൽ ബിജെപിയുടെ പ്രചാരണത്തിനായി കുട്ടികളെ ഉപയോഗിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.
റാലിയിൽ ബിജെപി ചിഹ്നം പിടിച്ച് കുട്ടികളെത്തിയെന്നും ഇത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നാണ് കോൺഗ്രസ് പറയുന്നത്.
രാഷ്ട്രീയ പ്രചാരണത്തിന് കുട്ടികളെ ഉപയോഗിക്കരുതെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരിക്കുന്നത്.
തുടർന്നുണ്ടായ പരിശോധനയിലാണ് ഹൈദരാബാദ് പോലീസ് അമിത് ഷാക്കെതിരെ കേസ് എടുത്തത്. മുതിർന്ന ബിജെപി നേതാവ് ടി യാമൻ സിങ്, ജി കിഷൻ റെഡ്ഡി, ടി രാജ സിങ് എന്നിവർക്കെതിരെയും കേസുണ്ട്.