Mon. Dec 23rd, 2024

അഹ്മദാബാദ്: അമിത് ഷായ്‌ക്കെതിരെ മത്സരിക്കരുതെന്ന് ഭീഷണിപ്പെടുത്തി പത്രിക പിൻവലിപ്പിച്ചെന്ന് ഗുജറാത്തിലെ സ്ഥാനാർത്ഥികൾ. ഗാന്ധി നഗറിൽ 12 സ്വതന്ത്രന്മാരും നാല് പ്രാദേശിക പാർട്ടി നേതാക്കളുമടക്കം 16 സ്ഥാനാർത്ഥികളാണ് പത്രിക പിൻവലിച്ചത്.

പത്രിക സമർപ്പിച്ചവരിൽ മൂന്ന് പേരാണ് ബിജെപിക്കും ഗുജറാത്ത് പോലീസിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. അമിത് ഷായുടെ ആൾക്കാർ തങ്ങളെ പിന്തുടരുകയും സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്തുവെന്നാണ് ആരോപണം.

ബിജെപി എംഎൽഎമാരും നേതാക്കളും പ്രവർത്തകരും മുതൽ ക്രൈം ബ്രാഞ്ച്, പോലീസ് ഉദ്യോഗസ്ഥർ വരെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നാണ് വെളിപ്പെടുത്തലുകൾ.

ഗാന്ധിനഗറിൽ സ്വതന്ത്രനായി മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിച്ച ജിതേന്ദ്ര ചൗഹാനാണ് ഫേസ്ബുക്ക് ലൈവിലൂടെ ആദ്യമായി ബിജെപിക്കെതിരെ ആരോപണമുയർത്തിയത്. അമിത് ഷായുടെ ആൾക്കാർ നിർബന്ധിച്ച് സ്ഥാനാർത്ഥിത്വം പിൻവലിപ്പിച്ചെന്നാണ് ജിതേന്ദ്ര ചൗഹാൻ വെളിപ്പെടുത്തിയത്.

പത്രിക പിൻവലിക്കാൻ എത്ര പണം വേണമെങ്കിലും പറയാൻ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ, പണം വേണ്ടെന്നും മക്കളെ ആലോചിച്ചാണ് പിന്മാറിയതെന്നും ജിതേന്ദ്ര ചൗഹാൻ കൂട്ടിച്ചേർത്തു.

പ്രജാതന്ത്ര ആധാർ പാർട്ടി സ്ഥാനാർത്ഥിയായ സുമിത്ര മൗര്യയുടെ വീട്ടിൽ ഒരു സംഘം എത്തിയിരുന്നതായി വെളിപ്പെടുത്തി. സ്ഥാനാർത്ഥിത്വം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സുമിത്രയുടെ ഭർത്താവിന് നിരവധി ഫോൺ കോളുകൾ വരുകയും ഭർതൃമാതാവിനെ നേരിൽ കണ്ട് സംഘം ഭീഷണിപ്പെടുത്തിയെന്നും സുമിത്ര പറഞ്ഞു.

എന്നാൽ, സുമിത്ര പത്രിക പിൻവലിക്കാൻ തയാറായില്ല. പിന്നീട് ഒരു സംഘം ആളുകൾ ഇവരെ കാണുകയും ഭീഷണി ആവര്‍ത്തിക്കുകയും ചെയ്തുവെന്നും പറയുന്നു. സിവിലിയൻ വേഷത്തിലെത്തിയത് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്നാണ് സുമിത്ര ആരോപിക്കുന്നത്.

മറ്റൊരു സ്വതന്ത്ര സ്ഥാനാർത്ഥിയായ ജയേന്ദ്ര രാത്തോഡും ഭീഷണി നേരിട്ടതായി വെളിപ്പെടുത്തി. ഗാന്ധിനഗർ നോർത്ത് മുൻ എംഎൽഎ അശോക് പട്ടേൽ ഉൾപ്പെടെയുള്ള നേതാക്കൾ വിളിച്ച് പത്രിക പിൻവലിക്കാൻ ആവശ്യപ്പെട്ടതായും ജയേന്ദ്ര രാത്തോഡ് പറഞ്ഞു.