Sat. Oct 5th, 2024

വാഷിങ്ടൺ: അമിതമായി ഇൻസുലിൻ കുത്തിവെച്ച് 17 രോഗികളെ കൊലപ്പെടുത്തിയ നഴ്സിന് 380 മുതൽ 760 വർഷം വരെ തടവുശിക്ഷ വിധിച്ച് യുഎസ് കോടതി. പെൻസിൽവാനിയയിലെ നഴ്സായ ഹെതർ പ്രസ്ഡിയെയാണ് തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്.

2020 നും 2023 നും ഇടയിൽ നഴ്സ് ജോലി ചെയ്തിരുന്ന അഞ്ച് ആരോഗ്യകേന്ദ്രങ്ങളിലെ 17 രോഗികളുടെ മരണത്തിന് ഉത്തരവാദി നഴ്സാണെന്ന് കോടതി പറഞ്ഞു. ഹെതർ മൂന്ന് കൊലപാതക കേസുകളിലും 19 കൊലപാതക ശ്രമങ്ങളിലും കുറ്റസമ്മതം നടത്തിയിരുന്നു.

രാത്രികാല ഷിഫ്റ്റിൽ ജോലി ചെയ്യുന്നതിനിടയിൽ പ്രമേഹമില്ലാത്തവർ ഉൾപ്പെടെ 22 രോഗികൾക്ക് അമിതമായ അളവിൽ ഇൻസുലിൻ നൽകിയതിനും ഹെതറിനെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. കൂടുതൽ രോഗികളും ഡോസ് സ്വീകരിച്ചതിന് ശേഷം മരിച്ചു. 43 മുതൽ 104 വയസ് വരെ പ്രായമുള്ളവരായിരുന്നു ഹെതറിന്റെ ക്രൂരതയ്ക്ക് ഇരയായത്.

ഇൻസുലിൻ അമിതമായി കഴിച്ചാൽ അത് ഹൈപോഗ്ലൈസീമിയയിലേക്ക് നയിച്ച് ഹൃദയമിടിപ്പ് വർധിപ്പിക്കുകയും ഹൃദയാഘാതത്തിന് കാരണമാവുകയും ചെയ്യും.

ഇത്തരത്തിൽ രണ്ട് രോഗികളെ കൊലപ്പെടുതിന് 2023​ മെയിലാണ് ഹെതറിനെതിരെ ആദ്യം കുറ്റം ചുമത്തിയത്. തുടർന്നുള്ള പോലീസ് അന്വേഷണത്തിൽ ഹെതറിനെതിരെ നിരവധി കുറ്റം ചുമത്തി.

ആരോഗ്യകേന്ദ്രങ്ങളിലെ സഹപ്രവർത്തകർക്ക് ഹെതറിന്റെ പെരുമാറ്റത്തിൽ സംശയം സംശയമുണ്ടായിരുന്നു. രോഗികളോടുള്ള ഹെതറിന്റെ പെരുമാറ്റത്തെ കുറിച്ചും പരാതിയുണ്ടായിരുന്നു. ഹെതർ നഴ്സിങ് ജോലി തുടങ്ങിയത് 2018 മുതലാണ്.