Mon. Dec 23rd, 2024

ന്യൂഡൽഹി: ഡൽഹി കോൺഗ്രസ് മുൻ അധ്യക്ഷൻ അരവിന്ദർ സിങ് ലവ്ലി ബിജെപിയിൽ ചേർന്നു. കേന്ദ്ര മന്ത്രി ഹർദീപ് സിങ് പുരിയുടെ സാന്നിധ്യത്തിലാണ് അരവിന്ദർ സിങ് ലവ്ലി ബിജെപി അംഗത്വമെടുത്തത്.

ഇന്ത്യാ സഖ്യത്തിലെ എഎപി ബന്ധത്തിന്റെ പേരിലാണ് ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം അരവിന്ദർ സിങ് ലവ്ലി ഏപ്രിൽ 28 ന് രാജിവെച്ചത്. രാജിക്ക് പിന്നാലെ ബിജെപിയിൽ ചേരില്ലെന്നായിരുന്നു അരവിന്ദർ സിങ് ലവ്ലി പറഞ്ഞിരുന്നത്.

മുൻ കോൺഗ്രസ് എംഎൽഎമാരായ രാജ്കുമാർ ചൗഹാൻ, നസീബ് സിങ്, നീരജ് ബസോയ, യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷൻ അമിത് മാലിക് എന്നിവരും അരവിന്ദർ സിങ് ലവ്ലിയോടൊപ്പം ബിജെപിയിൽ ചേർന്നു.

2015 ലും അരവിന്ദർ സിങ് ലവ്ലി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചിരുന്നു. പിന്നീട് 2017 ല്‍ ബിജെപിയില്‍ ചേര്‍ന്നു. എന്നാൽ മാസങ്ങള്‍ക്കുള്ളില്‍ അരവിന്ദർ സിങ് ലവ്ലി വീണ്ടും കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുകയായിരുന്നു.