Sun. May 19th, 2024

ഗാന്ധിനഗർ: ഗുജറാത്തിൽ 575 മുസ്ലിം മത്സ്യത്തൊഴിലാളികളെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്ന് ആരോപണം. ഗുജറാത്തിലെ ദേവ്ഭൂമി ദ്വാരക ജില്ലയിലാണ് സംഭവം.

തുറമുഖ വികസനത്തിനായി മുസ്ലിം മത്സ്യത്തൊഴിലാളികളുടെ വീടുകൾ കഴിഞ്ഞ വർഷം പൊളിച്ച് നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്തത്. വർഷങ്ങളായി ദ്വാരക മണ്ഡലത്തിൽ വോട്ട് ചെയ്യുന്നവരാണിവർ.

കല്യാൺപൂർ താലൂക്കിലെ 350 മത്സ്യത്തൊഴിലാളികൾക്കും നവദ്ര ഗ്രാമത്തിലെ 225 മുസ്ലിംങ്ങൾക്കുമാണ് ഇത്തവണ വോട്ടവകാശമില്ലാത്തത്. ഇവരുടെ പേരുകൾ മറ്റൊരു മണ്ഡലത്തിലും വോട്ടർ പട്ടികയിൽ ചേർത്തിട്ടില്ല.

തങ്ങളെ ബലം പ്രയോഗിച്ചാണ് കുടിയൊഴിപ്പിച്ചതെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. പുനരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ ഹർജികൾ നൽകിയിരുന്നു. ഈ ഹർജികൾ ഗുജറാത്ത് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇവരുടെ വീടുകൾ അനധികൃത നിർമാണമെന്ന് ആരോപിച്ചാണ് പൊളിച്ചുനീക്കിയത്.

കെട്ടിടം പൊളിക്കാൻ പോവുകയാണെന്ന് ചൂണ്ടിക്കാട്ടിയുള്ള നോട്ടീസ് വീടുകൾ പൊളിക്കുന്നതിന് തൊട്ടുമുമ്പാണ് നൽകിയത്. അതുകൊണ്ട് തന്നെ വീടുകളിൽ നിന്ന് സാധനങ്ങൾ മാറ്റാനോ മറ്റൊരിടത്തേക്ക് മാറിത്താമസിക്കാനോ സമയം നൽകാതെയാണ് വീടുകൾ പൊളിച്ചുനീക്കിയതെന്നും ഇവർ വ്യക്തമാക്കുന്നു.

നവദ്ര ഗ്രാമത്തിലെ കുടിയൊഴിപ്പിക്കപ്പെട്ട 47 കാരനായ ജാക്കൂബ് മൂസ പട്ടേലിയ നേരത്തെ താമസിച്ച സ്ഥലത്ത് നിന്ന് 40 കിലോമീറ്റർ അകലെയാണ് ഇപ്പോൾ താമസിക്കുന്നത്. വോട്ടർ ലിസ്റ്റിൽ തന്റെ പേരുണ്ടോയെന്ന് പരിശോധിക്കാൻ കഴിഞ്ഞ ദിവസം നവദ്രയിൽ പോയെങ്കിലും താലൂക്ക് അധികൃതർ മടക്കി അയക്കുകയായിരുന്നുവന്നു ജാക്കൂബ് മൂസ പട്ടേലിയ പറഞ്ഞു.

ജാക്കൂബ് മൂസ പട്ടേലിയ 20 അംഗ കുടുംബത്തിലെ ആർക്കും മെയ് ഏഴിന് നടക്കുന്ന വോട്ടെടുപ്പിന്റെ വോട്ടർ സ്ലിപ്പ് ഇതുവരെ ലഭിച്ചിട്ടില്ല. വോട്ടർ ലിസ്റ്റിൽ പേരുണ്ടെങ്കിലും അവിടെ താമസക്കാരനല്ലാത്തതിനാൽ വോട്ട് ചെയ്യാൻ അനുവദിക്കില്ലെന്ന് ബിഎൽഒ വ്യക്തമാക്കിയതായി ജാക്കൂബ് മൂസ പട്ടേലിയ പറഞ്ഞു.

ഹർഷദ്, നവദ്ര, ഭോഗട്ട്, ഗാന്ധിവി ഗ്രാമങ്ങളിൽ കൂടുതലും മുസ്ലിം മത്സ്യത്തൊഴിലാളികളാണ് താമസിച്ചിരുന്നതെന്നും ആസൂത്രിത നീക്കത്തിലൂടെയാണ് തങ്ങളെ കുടിയൊഴിപ്പിച്ചതെന്നും ജാക്കൂബ് മൂസ പട്ടേലിയ പറഞ്ഞു.