കൊച്ചി: പനമ്പിള്ളി നഗറിൽ നവജാത ശിശുവിന്റെ കൊലപാതക കേസില്‍ പ്രതിയായ യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ജനിച്ചയുടനെ കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന് യുവതി പറഞ്ഞു. കുഞ്ഞ് ജനിച്ചപ്പോഴുണ്ടായ പരിഭ്രമത്തിലാണ് കൊലപാതകം നടത്തിയതെന്നും യുവതി പറഞ്ഞു.
ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടുവെന്നും കുഞ്ഞ് ജനിച്ചാല്‍ എങ്ങനെ ഒഴിവാക്കണമെന്ന് ഇന്റര്‍നെറ്റില്‍ തിരഞ്ഞുവെന്നും യുവതി മൊഴി നല്‍കി.
ഇന്‍സ്റ്റഗ്രാം വഴി നർത്തകനായ യുവാവിനെ പരിചയപ്പെട്ടുവെന്ന് കഴിഞ്ഞ ദിവസം യുവതി മൊഴി നൽകിയിരുന്നു. ഈ യുവാവിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. യുവതിയുമായി സൗഹൃദമുണ്ടായിരുന്നുവെന്ന് യുവാവ് സമ്മതിച്ചിട്ടുണ്ട്. എന്നാൽ പിന്നീട് നടന്ന സംഭവങ്ങളില്‍ തനിക്ക് പങ്കില്ലെന്നാണ് യുവാവിന്റെ മൊഴി.
വെള്ളിയാഴ്ച രാവിലെ അഞ്ചുമണിയോടെയാണ് കുഞ്ഞ് ജനിച്ചതെന്നും പരിഭ്രാന്തയായതിനെത്തുടര്‍ന്ന് കുഞ്ഞിന്റെ കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താനാണ് ശ്രമിച്ചതെന്ന് യുവതി പോലീസിനോട് പറഞ്ഞു.
കുഞ്ഞിന്റെ ശബ്ദം പുറത്തേക്ക് വരാതിരിക്കാനായി വായില്‍ തുണിതിരുകുകയും പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് പുറത്തേക്ക് എറിയുകയായിരുന്നുവെന്നും യുവതി പറഞ്ഞു. താന്‍ ഗര്‍ഭിണിയായിരുന്നത് വീട്ടുകാർക്ക് അറിയില്ലായിരുന്നുവെന്നും കൊലപാതകത്തില്‍ അവര്‍ക്ക് പങ്കില്ലെന്നും യുവതി കൂട്ടിച്ചേർത്തു.
അതേസമയം, യുവതി ബെംഗളുരുവില്‍ നിന്ന് തിരിച്ച് വന്നതിന് പിന്നാലെ തന്നെ പറഞ്ഞുവിട്ടെന്ന് യുവതിയുടെ വീട്ടില്‍ ജോലി ചെയ്തിരുന്ന ശ്രീജ പറഞ്ഞു. ഗര്‍ഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നും ശ്രീജ പറഞ്ഞു. ഒമ്പതുവര്‍ഷം ആ വീട്ടില്‍ ജോലി ചെയ്തിരുന്നുവെന്നും രണ്ട് മാസം മുമ്പാണ് പറഞ്ഞുവിട്ടതെന്നും ശ്രീജ വെളിപ്പെടുത്തി.