Sat. Jan 18th, 2025

ന്യൂഡൽഹി: കൊവിഷീല്‍ഡ് വാക്സിന്‍ വിവാദത്തിനിടെ കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി. കേന്ദ്ര മന്ത്രാലയമാണ് മോദിയുടെ ചിത്രം കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്ന് നീക്കം ചെയ്തത്.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് നടപടിയെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം.

കഴിഞ്ഞ ദിവസം കൊവിഷീൽഡ് വാക്‌സിന് ഗുരുതര പാർശ്വഫലമുള്ളതായി വാക്സിൻ കമ്പനി ആസ്ട്രസെനെക സമ്മതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്നും മോദി ചിത്രം അപ്രത്യക്ഷമായിരിക്കുന്നത്.

‘ഒന്നിച്ചു ചേര്‍ന്ന് ഇന്ത്യ കൊവിഡ് 19 – നെ തോല്‍പ്പിക്കും’ എന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്കും ചിത്രത്തിനുമൊപ്പമാണ് കോവിഡ് സര്‍ട്ടിഫിക്കറ്റ് മുൻപ് ലഭിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ ഈ വരികൾക്ക് താഴെ പ്രധാനമന്ത്രി എന്ന് മാത്രമാണ് കാണാൻ സാധിക്കുക.

അതേസമയം, നേരത്തെ കോവിഡ് സർട്ടിഫിക്കറ്റിൽ മോദിയുടെ ചിത്രം ഉൾപ്പെടുത്തിയതിനെതിരെ വലിയ പ്രതിഷേധവും വിമർശനവും ഉയർന്നിരുന്നു. എന്നാൽ കേന്ദ്ര സർക്കാർ അതെല്ലാം തള്ളിക്കളയുകയായിരുന്നു.