Sat. Jan 18th, 2025

ഡെറാഡൂണ്‍: പതഞ്ജലിയുടെ 14 ഉത്പന്നങ്ങളുടെ നിർമാണ ലൈസന്‍സ് ഉത്തരാഖണ്ഡ് സ്റ്റേറ്റ് ലൈസന്‍സിംഗ് അതോറിറ്റി (എസ്എല്‍എ) റദ്ദാക്കി. സ്റ്റേറ്റ് ലൈസന്‍സിംഗ് അതോറിറ്റി സുപ്രീം കോടതിയില്‍ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സഹോദര സ്ഥാപനമായ ദിവ്യ ഫാർമസിയുടെയും ലൈസന്‍സ് റദ്ദാക്കിയിട്ടുണ്ട്. നിയമവിരുദ്ധമായി പരസ്യം നല്‍കിയതില്‍ നടപടിയെടുക്കാത്തതില്‍ ഏപ്രില്‍ 10ന് സുപ്രീം കോടതി എസ്എല്‍എയെ വിമർശിച്ചിരുന്നു.

ദിവ്യ ഫാര്‍മസിയുടെ ദൃഷ്ടി ഐ ഡ്രോപ്പ്, സ്വസാരി ഗോള്‍ഡ്, സ്വസാരി വതി, ബ്രോങ്കോം, സ്വസരി പ്രവാഹി, സ്വസാരി അവലേ, മുക്ത വതി എക്സ്ട്രാ പവര്‍, ലിപിഡോം, ബിപി ഗ്രിറ്റ്, മധുഗ്രിറ്റ്, മധുനാശിനി വാതി എക്സ്ട്രാ പവര്‍, ലിവാമൃത് അഡ്വാന്‍സ്, ലിവോഗ്രിറ്റ്, ഇയെ ഗോള്‍ഡ് എന്നീ ഉത്പന്നങ്ങളുടെ നിർമാണ ലൈസന്‍സാണ് റദ്ദാക്കിയത്.

ആചാര്യ ബാലകൃഷ്ണ, ബാബ രാംദേവ്, ദിവ്യ ഫാർമസി എന്നിവർക്കെതിരെ ക്രിമിനല്‍ പരാതിയുമുണ്ട്. 1954 ലെ ഡ്രഗ്‍സ് ആൻഡ് മാജിക് റെമെഡീസ് നിയമ പ്രകാരമാണ് ഹരിദ്വാർ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്‍പാകെ ക്രിമിനല്‍ പരാതി നല്‍കിയിട്ടുള്ളത്.

ഉത്തരാഖണ്ഡിലെ എല്ലാ ആയുർവേദ, യുനാനി മരുന്ന് നിർമാണശാലകളും 1954 ലെ ഡ്രഗ് ആന്‍ഡ് മാജിക് റെമഡീസ് നിയമം പാലിക്കണമെന്ന കർശന നിർദേശവും എസ്എല്‍എ നല്‍കിയിട്ടുണ്ട്.