Wed. Jan 22nd, 2025

ഗാസ: ഗാസയിൽ കനത്ത ചൂടിനെ തുടർന്ന് രണ്ട് കുട്ടികൾ മരിച്ചു. താപനില ഉയരുന്നതിനനുസരിച്ച് ഗാസയിലെ ജീവിത സാഹചര്യങ്ങൾ കൂടുതൽ വഷളാകുന്നതായി യുഎൻ അഭയാർത്ഥി ഏജൻസിയായ യുഎൻആർഡബ്യുഎ റിപ്പോർട്ട് ചെയ്തു.

ചൂട് കാരണം രണ്ട് കുട്ടികളെങ്കിലും മരിച്ചതായുള്ള റിപ്പോര്‍ട്ട് ലഭിച്ചതായി യുഎൻആർഡബ്യുഎ കമ്മീഷണർ ജനറൽ ഫിലിപ്പ് ലസാരിനി വ്യക്തമാക്കി. “മരണം, പട്ടിണി, രോഗം, പലായനം, ഇപ്പോഴിതാ കനത്ത ചൂടും.”, ഫിലിപ്പ് ലസാരിനി കൂട്ടിച്ചേര്‍ത്തു.

ഇസ്രായേൽ ആക്രമണത്തിൽ ഫലസ്തീന്‍ ജനത തകർന്നിരിക്കുന്നതിനിടയിലാണ് കനത്തചൂടും വന്നിരിക്കുന്നത്. ഭക്ഷണം, ശുദ്ധജലം, മരുന്ന് എന്നിവയ്ക്ക് ഗാസയിൽ കടുത്ത ക്ഷാമമാണ് അനുഭവപ്പെടുന്നത്. കുടിക്കാനും കുളിക്കാനും അലക്കാനുമൊക്കെ ആകെ ലഭിക്കുന്ന വെള്ളം ഒരു ലിറ്ററിലും താഴെയാണ്.

ഈയടുത്ത ദിവസങ്ങളിൽ ഗാസയിലെ താപനില 30 ഡിഗ്രി സെൽഷ്യസിനടുത്ത് ഉയർന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വർഷത്തിൽ സാധാരണയേക്കാൾ വളരെ കൂടിയ താപനിലയാണിത്.

അതേസമയം, 34000 ലേറെ ഫലസ്തീനികളാണ് ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. ഇസ്രായേല്‍ ആക്രമണത്തില്‍ ഗാസയുടെ വലിയൊരു ഭാഗം തകർന്നിരിക്കുകയാണ്.