Sat. Jan 18th, 2025

ഉത്തർപ്രദേശിലെ ജോൻപൂരിൽ സർക്കാരിന് കീഴിലുള്ള വീർ ബഹദൂർ സിങ്ങ് പുർവാഞ്ചൽ സർവകലാശാലയിൽ ഉത്തരക്കടലാസിൽ ജയ് ശ്രീ റാം എന്നെഴുതിയ കുട്ടികളെ ജയിപ്പിച്ച രണ്ട് അധ്യാപകരെ സസ്പെൻഡ് ചെയ്തു.

കഴിഞ്ഞ വർഷം ഓഗസ്റ്റ് മൂന്നിന് സർവകലാശാലയിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന ദിവ്യാൻഷു സിങ്ങ് ഉത്തരക്കടലാസുകൾ ലഭിക്കാൻ വിവരാവകാശ നിയപ്രകാരം അപേക്ഷ നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഒന്നാം വർഷ ഫാർമസി കോഴ്സിന് പഠിക്കുന്ന 18 വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ പുനർമൂല്യനിർണയം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് അപേക്ഷ നൽകിയത്.

പ്രൊഫസർമാരായ വിനയ് വർമയും ആശിഷ് ഗുപ്തയും വിദ്യാർത്ഥികളെ ജയിപ്പിക്കാൻ കൈക്കൂലി വാങ്ങിയെന്നും ദിവ്യാൻഷു സിങ്ങ് ആരോപിക്കുന്നു. ഗവർണർക്കും പരാതി സമർപ്പിച്ചിരുന്നു.

ഉത്തരക്കടലാസിൽ ജയ് ശ്രീ റാം എന്നും ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശർമ, ഹാർദിക് പാണ്ഡ്യ എന്നിവരുടെ പേരുകളും എഴുതിയ വിദ്യാർത്ഥികളെയാണ് അധ്യാപകർ 50 ശതമാനം മാർക്ക് നൽകി വിജയിപ്പിച്ചത്.

വിദ്യാർത്ഥികൾ നൽകിയ പരാതിയെ തുടർന്ന് രാജ്ഭവൻ നടപടി സ്വീകരിക്കുകയും 2023 ഡിസംബർ ഒന്നിന് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. തുടർന്ന് യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേഷൻ നിയോഗിച്ച അന്വേഷണ സമിതിയാണ് പുനർമൂല്യനിർണയം നടത്തിയത്.

കൃത്യതയില്ലാത്ത മൂല്യനിർണയം നടത്തിയ അധ്യാപകരെ പിരിച്ചുവിടാൻ യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേഷൻ ശുപാർശ ചെയ്തതായി വൈസ് ചാൻസലർ വന്ദന സിംഗ് ഇന്ത്യ ടുഡെയുടെ സഹസ്ഥാപനമായ യുപി ടാകിൻ്റെ അഭിമുഖത്തിൽ പറഞ്ഞു. പണം വാങ്ങി മൊബൈൽ ഫോൺ പരീക്ഷ ഹാളിൽ എത്തിച്ച സംഭവത്തിൽ പ്രൊഫസർ വിനയ് വർമ്മയ്‌ക്കെതിരെ നേരത്തെ ആരോപണം ഉയർന്നിരുന്നു.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.