Mon. Dec 23rd, 2024

മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിൻ്റനൊപ്പം മ്യൂസിക് ഷോ നിർമിച്ചതിൻ്റെ പേരിൽ നൊബേൽ പ്രൈസ് ജേതാവ് മലാല യൂസഫ് സായിക്കെതിരെ രൂക്ഷ വിമർശനം. ജന്മനാടായ പാകിസ്ഥാനിൽ നിന്നാണ് വിമർശനം ഉയരുന്നത്. ഫലസ്തീനിനെതിരെ യുദ്ധം ചെയ്യുന്ന ഇസ്രായേലിനെ പിന്തുണക്കുന്ന ഹിലരി ക്ലിൻ്റനുമായി സഹകരിക്കുന്നുവെന്നതാണ് മലാല യൂസഫ് സായിക്കെതിരെയുള്ള വിമർശനം.

നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ മലാലക്കെതിരെ വിമർശനം ഉന്നയിച്ചത്.‘വടക്കൽ പാകിസ്ഥാനിലെ നിരവധി പേരുടെ മരണത്തിന് കാരണമായ സിഐഎയുടെ ഡ്രോൺ ആക്രമണത്തെ അനുകൂലിച്ച വ്യക്തിയാണ് ഹിലരിയെന്നും ഇസ്രായേൽ നടത്തുന്ന വംശഹത്യയെ പിന്തുണക്കുന്ന ഒരാളുമായി മലാല വർക്ക് ചെയ്തത് രസകരമായ സംഭവമാണെന്നുമാണ്’ മാധ്യമപ്രവർത്തകയായ സന സഈദ് വിമർശിച്ചത്.

‘ഇസ്രായേലിനെ പിന്തുണക്കുന്ന ഹിലരിയുമായി ചേർന്ന് പ്രവർത്തിച്ചത് ഒരു മനുഷ്യാവകാശ പ്രവർത്തക എന്ന നിലയിലുള്ള മലാലയുടെ വിശ്വാസ്യതക്ക് തിരിച്ചടിയാണെന്നും മലാലയുടെ ഈ നടപടി ദുരന്തപൂർണമാണെന്നുമാണ്’ പാകിസ്ഥാൻ കോളമിസ്റ്റായ മെഹർ തരാർ പറഞ്ഞത്.

തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് വിശദീകരണവുമായി മലാലയും രംഗത്തുവന്നു.‘ഗാസയിലെ ജനങ്ങൾക്കുള്ള എൻ്റെ പിന്തുണയെക്കുറിച്ച് ആശയക്കുഴപ്പം ഉണ്ടാക്കരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു. വെടിനിർത്തൽ അടിയന്തിരമായി നടപ്പാക്കണം എന്ന് മനസിലാക്കാൻ മൃതദേഹങ്ങളും തകർക്കപ്പെട്ട സ്കൂളുകളും പട്ടിണി കിടക്കുന്ന കുട്ടികളെയും നേരിട്ട് കാണണമെന്നില്ല. ഇസ്രായേൽ സർക്കാരിൻ്റെ നടപടിയെ അപലപിക്കുന്നു’. മലാല എക്സിൽ കുറിച്ചു.

ഏപ്രിൽ 20 മുതൽ ന്യൂയോർക്കിൽ നടക്കുന്ന ‘സഫ്സ്’ എന്ന മ്യൂസിക് ഷോയുടെ നിർമാണത്തിലാണ് മലാല ഹിലരി ക്ലിൻ്റനുമായി സഹകരിച്ചത്. 20ാം നൂറ്റാണ്ടിലെ സ്ത്രീകളുടെ വോട്ടവകാശത്തെത്തുറിച്ച് പരാമർശിക്കുന്നതാണ് മ്യൂസിക് ഷോ.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.