Sun. Dec 22nd, 2024

ഹിന്ദുസ്ഥാൻ യൂണിലിവർ തങ്ങളുടെ ഹെൽത്ത് ഡ്രിങ്ക് വിഭാഗം റീബ്രാൻഡ് ചെയ്യാനൊരുങ്ങുന്നു. അതിൻ്റെ ഭാഗമായി ഹോർലിക്സിൽ നിന്ന് ഹെൽത്ത് ലേബൽ ഒഴിവാക്കിയതായി ഹിന്ദുസ്ഥാൻ യൂണിലിവറിൻ്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ റിതേഷ് തിവാരി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഇനി മുതൽ ഫങ്ങ്ഷണൽ ന്യുട്ട്രീഷണൽ ഡ്രിങ്ക്സ് വിഭാഗത്തിലായിരിക്കും ഹോർലിക്സിനെ അവതരിപ്പിക്കുക. ഹെൽത്ത് ഫൂഡ് ഡ്രിങ്ക്സ് എന്ന വിഭാഗത്തിലായിരുന്നു നേരത്തെ ഉൾപ്പെടുത്തിയിരുന്നത്.

ഇത്തരം പാനീയങ്ങളെ ഹെൽത്ത് ഡ്രിങ്ക്സ് വിഭാഗത്തിൽ നിന്ന് ഒഴിവാക്കണമെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം ഇ കൊമേഴ്സ് വെബ്സൈറ്റുകളോട് ആവശ്യപ്പെട്ടിരുന്നു. ഏപ്രിൽ പത്തിനായിരുന്നു നിർദേശം നൽകിയത്. 2006 ലെ എഫ്എസ്എസ്എഐ ആക്ട് പ്രകാരം ഹെൽത്ത് ഡ്രിങ്ക്സ് എന്നൊരു വിഭാഗമില്ലെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷനും ചൂണ്ടിക്കാട്ടിയിരുന്നു. ഹെൽത്ത് ഡ്രിങ്ക് എന്ന പ്രയോഗം ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കേന്ദ്ര സർക്കാരിൻ്റെ ഉത്തരവിൽ പറയുന്നു.

പോഷകാഹാര ലേബൽ നൽകികൊണ്ടുള്ള ഈ മാറ്റം കൂടുതൽ മികച്ചതാവുമെന്നും പ്രമേഹം തടയുന്നതിനും സ്ത്രീകളുടെ ആരോഗ്യത്തിനുമാണ് കമ്പനി കൂടുതൽ പ്രാധാന്യം നൽകുന്നതെന്നും
റിതേഷ് തിവാരി പറഞ്ഞു.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.