Fri. Nov 22nd, 2024

ന്യൂഡൽഹി: ബിജെപി നേതാവും പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ അനില്‍ ആന്റണിക്കെതിരായ ആരോപണങ്ങളില്‍ തെളിവുകള്‍ പുറത്ത് വിട്ട് ദല്ലാള്‍ നന്ദകുമാര്‍. ആലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ പത്ത് ലക്ഷം രൂപ വാങ്ങിയെന്നും നന്ദകുമാര്‍ ആരോപിച്ചു.

അനില്‍ ആന്റണിക്കെതിരായ ആരോപണങ്ങളില്‍ ചിത്രങ്ങളും നന്ദകുമാറിനെ അനില്‍ വിളിച്ചെന്ന് അവകാശപ്പെടുന്ന ഫോണ്‍ നമ്പറുകളുമാണ് പുറത്ത് വിട്ടത്. ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് നന്ദകുമാർ തെളിവുകൾ പുറത്തുവിട്ടത്.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് സുഹൃത്തിനെ കേരള ഹൈക്കോടതിയിലെ സിബിഐ സ്റ്റാന്‍ഡിംഗ് കൗണ്‍സലായി നിയമിക്കാമെന്ന് പറഞ്ഞ് അനില്‍ തന്റെ കൈയ്യില്‍ നിന്നും 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു നന്ദകുമാറിന്റെ ആരോപണം.

അനില്‍ ആന്റണിയുടെ പുതിയ ഗൂഢസംഘം എന്ന് പറഞ്ഞ് നരേന്ദ്ര മോദിക്കൊപ്പം അനില്‍ ആന്റണി, ആന്‍ഡ്രൂസ് ആന്റണി എന്നിവര്‍ നില്‍ക്കുന്ന ചിത്രവും നന്ദകുമാര്‍ പുറത്ത് വിട്ടു.

ശോഭാ സുരേന്ദ്രന് പണം നല്‍കിയതിന്റെ രേഖകളെന്ന് അവകാശപ്പെട്ട് ഒരു ബാങ്ക് രസീതും വാര്‍ത്താ സമ്മേളനത്തില്‍ നന്ദകുമാർ പുറത്തുവിട്ടു. തൃശൂരില്‍ സ്ഥലം വാങ്ങാനാണ് ശോഭാ സുരേന്ദ്രന് പണം നല്‍കിയതെന്നും നന്ദകുമാര്‍ വ്യക്തമാക്കി.

സാമ്പത്തിക പ്രതിസന്ധിയാണെന്നും പണം കടമായി വേണമെന്നും ആവശ്യപ്പെട്ട് ശോഭാ സുരേന്ദ്രന്‍ സമീപിച്ചിരുന്നു. പണം കടമായി കൊടുക്കാന്‍ താന്‍ ബാങ്കല്ലെന്ന് ശോഭാ സുരേന്ദ്രനോട് പറഞ്ഞിരുന്നു. തുടർന്ന് ശോഭയുടെ പേരിലുള്ള വസ്തു തനിക്ക് നല്‍കാമെന്ന് പറഞ്ഞുവെന്നും നന്ദകുമാര്‍ വ്യക്തമാക്കി.

2023 ജനുവരി നാലിന് ശോഭയുടെ അക്കൗണ്ടിലേക്ക് പണം നൽകിയത്. ഈ വസ്തു കാണാന്‍ പോയപ്പോൾ, ഇതേ വസ്തു നല്‍കാമെന്ന് പറഞ്ഞ് മറ്റു രണ്ട് പേരില്‍ നിന്ന് ശോഭ പണം കൈപ്പറ്റിയത് അറിയാന്‍ സാധിച്ചെന്നും ഇടപാട് നടന്നില്ലെന്നും നന്ദകുമാര്‍ വെളിപ്പെടുത്തി. പിന്നീട് പല തവണ പണം തിരിച്ച് ആവശ്യപ്പെട്ടെങ്കിലും കിട്ടിയില്ലെന്നും നന്ദകുമാര്‍ ആരോപിച്ചു.

26 ന് തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ബാക്കി തെളിവുകള്‍ പുറത്തുവിടുമെന്നും നന്ദകുമാര്‍ പറഞ്ഞു.