Thu. May 2nd, 2024

 

ന്യൂയോര്‍ക്ക്: ഇസ്രായേലുമായുള്ള സാമ്പത്തിക കരാറില്‍ പ്രതിഷേധിച്ച് കുത്തിയിരിപ്പ് സമരം നടത്തിയ ജീവനക്കാരെ പുറത്താക്കി ഗൂഗിള്‍. സണ്ണിവെയില്‍, കാലിഫ്, ന്യൂയോര്‍ക്ക് സിറ്റി എന്നിവിടങ്ങളില്‍ സ്ഥാപനത്തിനെതിരെ പ്രതിഷേധിച്ച 28 ജീവനക്കാരെയാണ് ഗൂഗിള്‍ പിരിച്ചുവിട്ടത്.

ഗൂഗിളും ആമസോണും ഇസ്രായേല്‍ സര്‍ക്കാരും തമ്മിലുള്ള നിംബസ് കരാറിനെതിരെയാണ് ജീവനക്കാര്‍ പ്രതിഷേധിച്ചത്. 2021 ഏപ്രിലിലാണ് 1.2 ബില്യണ്‍ ഡോളറിന്റെ കരാറില്‍ ഇസ്രായേലും ആമസോണും ഗൂഗിളും ഒപ്പുവെച്ചത്.

നേരത്തെ ഗൂഗിള്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ച ഒന്‍പത് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. ഇസ്രായേലുമായുള്ള 1.2 ബില്യണ്‍ ഡോളറിന്റെ കരാറില്‍ നിന്ന് ഗൂഗിള്‍ പിന്‍മാറുന്നത് വരെ സമരം തുടരുമെന്നായിരുന്നു ജീവനക്കാര്‍ പറഞ്ഞിരുന്നത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, നിരീക്ഷണ കരാര്‍ എന്നിവയിലാണ് ഇസ്രായേലുമായി ഗൂഗിളിന് പങ്കാളിത്തമുള്ളത്. ‘വര്‍ണവിവേചനത്തില്‍ സാങ്കേതികതയില്ല’ എന്ന സംഘടനയിലെ പ്രവര്‍ത്തകരാണ് സ്ഥാപനത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ദിവസങ്ങള്‍ക്ക് മുമ്പ് ഇസ്രായേലുമായി ഗൂഗിളിനുള്ള ബന്ധത്തെ പരസ്യമായി വിമര്‍ശിച്ച ഒരു ജീവനക്കാരനെ ഗൂഗിള്‍ പുറത്താക്കുകയും ചെയ്തിരുന്നു.

കരാറില്‍ പ്രതിഷേധിച്ച് ഗൂഗിള്‍ ക്ലൗഡ് ചീഫ് എക്‌സിക്യൂട്ടീവ് തോമസ് കുര്യന്റെ ഓഫീസില്‍ പത്ത് മണിക്കൂറോളമാണ് പ്രതിഷേധക്കാര്‍ കുത്തിയിരിപ്പ് സമരം നടത്തിയത്. എന്നാല്‍ മറ്റ് ജീവനക്കാരുടെ ജോലിയെ തടസപ്പെടുത്തുന്ന നടപടിയാണ് ഉണ്ടായതെന്നും ഇതില്‍ വിശദമായ അന്വേഷണം നടത്തി വേണ്ട നടപടി സ്വീകരിക്കുമെന്നും ഗൂഗിള്‍ വക്താവ് ബെയ്‌ലി ടോംസണ്‍ പ്രതികരിച്ചിരുന്നു.