Sat. Jan 18th, 2025

ദുബൈ: യുഎഇയിൽ 75 വർഷത്തിനിടയിലെ കനത്ത മഴ. പല നഗരങ്ങളും രൂക്ഷമായ വെള്ളക്കെട്ടിലാണ്. റാസൽഖൈമയിൽ മലവെള്ളപാച്ചിലിൽ കുടുങ്ങി നാൽപത് വയസുകാരനായ യുഎഇ സ്വദേശി മരിച്ചു.

വർഷങ്ങൾക്ക് ശേഷം ഏറ്റവും ശക്തമായ മഴയാണ് യുഎഇയിൽ ഇന്നലെ രേഖപ്പെടുത്തിയത്. യുഎഇയുടെ പലഭാഗങ്ങളിലും ഇന്ന് ഉച്ചവരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

മെട്രോ സ്റ്റേഷനുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ദുബൈ മെട്രോ സർവീസുകളിൽ പലതും റദ്ദാക്കി.

ദുബൈയിൽ നിന്നുള്ള ഫ്ലൈദുബൈ വിമാനങ്ങൾ റദ്ദാക്കി. റൺവേയിൽ വെള്ളം കയറിയതിനെ തുടർന്ന് ദുബൈ വിമാനത്താവളത്തിന്റെ പ്രവർത്തനം ഇന്നലെ താൽകാലികമായി നിർത്തിവെച്ചിരുന്നു. ദുബൈയിലേക്ക് വരുന്ന മുഴുവൻ വിമാനങ്ങളും സമീപ എയർപോർട്ടുകളിലേക്ക് തിരിച്ചുവിടുകയാണ്.

അതേസമയം, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഗൾഫിലേയ്ക്കുള്ള നാല് വിമാനങ്ങൾ റദ്ദാക്കി. ഫ്ലൈ ദുബായുടെയും എമിറേറ്റ്സ് എയർലൈൻസിൻ്റെയും കൊച്ചി – ദുബായ് സർവീസ്, ഇൻഡിഗോയുടെ കൊച്ചി – ദോഹ സർവീസ്, എയർ അറേബ്യയുടെ കൊച്ചി – ഷാർജ സർവീസ് എന്നിവയാണ് റദ്ദാക്കിയത്.

യുഎഇയിക്ക് പുറമെ ഒമാൻ, ബഹ്റൈൻ, ഖത്തർ, സൗദി എന്നിവിടങ്ങളിലും ശക്തമായ മഴ ഉണ്ടായി.