Mon. Dec 23rd, 2024

തിരുവനന്തപുരം: ഏറെ വിവാദങ്ങളുണ്ടാക്കിയ ‘കേരള സ്റ്റോറി’ സിനിമ പ്രദർശിപ്പിച്ച ഇടുക്കി രൂപതക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ലത്തീന്‍ സഭ. സഭയുടെ മുഖപത്രമായ ജീവനാളത്തിലൂടെയാണ് ഇടുക്കി രൂപതക്കെതിരെ വിമര്‍ശനവുമായി സഭ രംഗത്ത് വന്നത്.

ഇടുക്കി രൂപത അധികാരികൾ തല ചൊറിയുന്നത് തീക്കൊള്ളി കൊണ്ടാണെന്നും കേരളത്തിലെ ക്രൈസ്തവ പാരമ്പര്യം എന്താണെന്ന് അറിയാത്തവർ സഭാ സാരഥികളായി വരുമ്പോൾ അവർക്ക് ബൈബിളിനേക്കാൾ വലുത് വിചാരധാരയാണെന്ന് തോന്നുമെന്നും മുഖപത്രത്തിൽ പറയുന്നു.

മാലാഖമാര്‍ കയറാന്‍ മടിക്കുന്ന ഇടങ്ങളില്‍ സാത്താന്‍ കയറി ബ്രേക്ക് ഡാന്‍സ് കളിക്കുന്ന കാലമാണിത്. കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചതിന് വിശദീകരണമായി പ്രണയം ഒരു കെണിയാണെന്നാണ് ഇടുക്കി രൂപതയിലെ ഒരു വൈദികന്‍ പറഞ്ഞത്. ആ പ്രസ്താവന തെറ്റാണെന്നും മുഖപത്രത്തിൽ പറയുന്നു.

ഇത്രയും കാലം സഹോദര മതസ്ഥരോട് വെറുപ്പോ ശത്രുതയോ പുലര്‍ത്താതെ ജീവിച്ചവരാണ് ക്രൈസ്തവര്‍. ക്രൈസ്തവരെ മുസ്ലീം വിരോധികളാക്കി മാറ്റുകയെന്ന സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ ഇടുക്കി രൂപത കൂട്ടുനില്‍ക്കുകയാണെന്നും മുഖപത്രത്തിൽ വിമര്‍ശിക്കുന്നു.

കഴിഞ്ഞ നാലാം തീയതിയാണ് ഇടുക്കി രൂപത വിശ്വാസോത്സവത്തിന്‍റെ ഭാഗമായി കേരള സ്റ്റോറി സിനിമ പ്രദര്‍ശിപ്പിച്ചത്. രൂപതയിലെ പത്ത് മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായാണ് പ്രദര്‍ശനം നടത്തിയിരുന്നത്. പ്രണയത്തെക്കുറിച്ചുള്ള ബോധവത്ക്കരണത്തിന്‍റെ ഭാഗമായാണ് സിനിമ പ്രദര്‍ശിപ്പിച്ചതെന്നാണ് രൂപത അധികൃതര്‍ പറഞ്ഞിരുന്നത്.