Wed. Dec 18th, 2024

ന്യൂഡൽഹി: പതഞ്‌ജലി ആയുർവേദ ഉൽപ്പന്നങ്ങളുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിൽ വീണ്ടും മാപ്പ് പറഞ്ഞ് ബാബാ രാംദേവും ആചാര്യ ബാൽകൃഷ്ണനും.

കോടതിയിൽ നേരിട്ട് ഹാജരായ ഇവർ തെറ്റ് പറ്റിയെന്നും ഇനി ആവർത്തിക്കില്ലെന്നും കോടതിയെ അറിയിച്ചു. ബാബ രാം ദേവ് അത്ര നിഷ്കളങ്കനല്ലെന്നും നിയമം എല്ലാവർക്കും ഒന്നാണെന്നും കോടതി പറഞ്ഞു.

കേസ് ഇന്ന് കോടതിയുടെ പരിഗണനയ്ക്ക് എടുത്തപ്പോൾ ബാബാ രാംദേവും ആചാര്യ ബാൽകൃഷ്ണനും നിരുപാധികം മാപ്പ് പറയുന്നതായി സീനിയർ അഭിഭാഷകൻ മുകുൾ റോത്തഗി കോടതിയെ അറിയിച്ചു.

കോടതി നിർദേശം ഉണ്ടായിട്ടും നിയമ നടപടി ലംഘിച്ചതിനെക്കുറിച്ച് കോടതി ചോദിച്ചു. ഗവേഷണം നടത്തിയാണ് മരുന്നുകൾ പുറത്തിറക്കുന്നതെന്നായിരുന്നു രാംദേവ് മറുപടി പറഞ്ഞത്. കോടതിയലക്ഷ്യക്കേസിൽ ജയിലടക്കാൻ കോടതികൾക്ക് ആകുമെന്നും ജഡ്ജിമാർ മുന്നിറിയിപ്പ് നൽകി.

ജസ്റ്റിസുമാരായ ഹിമ കോഹ്‌ലി, അഹ്‌സനുദ്ദീൻ അമാനുല്ല എന്നിവർ അടങ്ങിയ രണ്ടംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

കൂടുതൽ വാദം കേൾക്കുന്നതിനായി കേസ് ഈ മാസം 23ന് വീണ്ടും പരിഗണിക്കും. അന്ന് ഇരുവരും വീണ്ടും ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.