ബെംഗളൂരു: മലയാളി താരങ്ങളായ സജന സജീവനും ആശ ശോഭനയും ഇന്ത്യന്‍ വനിതാ ട്വന്റി 20 ടീമില്‍. ബംഗ്ലാദേശിനെതിരായ വനിതാ ട്വന്റി 20 ടീമിലേക്കാണ് ഇവർ തിരഞ്ഞെടുക്കപ്പെട്ടത്. വനിതാ പ്രീമിയർ ലീഗിലെ പ്രകടനമാണ് ഇരുവര്‍ക്കും ടീമില്‍ അവസരം നല്‍കിയത്.
ആദ്യമായാണ് രണ്ട് മലയാളി താരങ്ങൾ ഇന്ത്യൻ ടീമിൽ എത്തുന്നത്. ഈ മാസം 28 മുതലാണ് ട്വന്റി 20 പരമ്പര. ബംഗ്ലദേശിനെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലാണ് ഇവർ ഇറങ്ങാൻ പോകുന്നത്.
സജന വയനാട് സ്വദേശിയും ആശ തിരുവനന്തപുരം സ്വദേശിയുമായാണ്. സജന മുംബൈ ഇന്ത്യന്‍സിന്റെയും ആശ ശോഭന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെയും താരങ്ങളായിരുന്നു.
ആര്‍സിബിയുടെ കിരീട നേട്ടത്തില്‍ ആശ ശോഭന നിര്‍ണായക പങ്കുവഹിച്ചിരുന്നു. മുംബൈ ഇന്ത്യന്‍സിന് വേണ്ടി സജന സജീവൻ ഓള്‍റൗണ്ട് പ്രകടനം പുറത്തെടുത്തിരുന്നു.
ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍), ഷഫാലി വര്‍മ, ദയാലന്‍ ഹേമലത, സജന സജീവന്‍, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), യാസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), രാധാ യാദവ്, ദീപ്തി ശര്‍മ, പൂജ വസ്ത്രകര്‍, അമന്‍ജോത് കൗര്‍, ശ്രേയങ്ക പാട്ടീല്‍, സൈക ഇഷാഖ്, ആശാ ശോഭന, രേണുക സിംഗ് ഠാക്കൂര്‍, ടിറ്റാസ് സാധു എന്നിവരാണ് ഇന്ത്യന്‍ ടീമില്‍ ഉള്ളത്.