Sun. Dec 22nd, 2024

ന്യൂഡല്‍ഹി: ജുഡീഷ്യറിയുടെ വിശ്വാസ്യത തകർക്കാൻ ലക്ഷ്യമിട്ട് നിക്ഷിപ്ത താല്‍പര്യക്കാര്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്ത്. 21 വിരമിച്ച സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാർ ഒപ്പ് വെച്ച കത്താണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് നൽകിയത്.

സമ്മർദ്ദം, തെറ്റായ വിവരങ്ങൾ, പൊതു അവഹേളനം എന്നിവയിലൂടെ ജുഡീഷ്യറിയെ തകർക്കാനുള്ള ശ്രമം നടക്കുന്നതായി കത്തിൽ പറയുന്നു. ജുഡീഷ്യറിക്ക് നേരെ സമ്മർദ്ദത്തിന് ശ്രമമുണ്ടെന്നും അത് തടയുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും കത്തിൽ പറയുന്നു.

ചിലര്‍ക്ക് അനുകൂലമായി ഉണ്ടാകുന്ന വിധികള്‍ തിരഞ്ഞ് പിടിച്ച് പുകഴ്ത്തുകയും എതിരായ വിധികളെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്യുന്ന സ്ഥിതി നിലനില്‍ക്കുകയാണെന്ന് ചീഫ് ജസ്റ്റിസിന് നൽകിയ കത്തില്‍ ആരോപിച്ചിട്ടുണ്ട്.

സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിമാരായ ദീപക് വര്‍മ്മ, കൃഷ്ണ മുരാരി, ദിനേശ് മഹേശ്വരി, എം ആര്‍ ഷാ എന്നിവര്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് കൈമാറിയ കത്തില്‍ ഒപ്പ് വെച്ചിട്ടുണ്ട്.

അറുന്നൂറിലധികം അഭിഭാഷകർ നേരത്തെ സമാനമായ ഉത്കണ്ഠ പ്രകടിപ്പിച്ച് ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. ഇത്തരം ഇടപെടലുകൾ നീതിന്യായ വ്യവസ്ഥയെ തകർക്കുമെന്നും ജനങ്ങൾക്ക് കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെടാൻ കാരണമാവുമെന്നും കത്തിൽ പറയുന്നുണ്ട്.