ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഹര്‍ജിയിൽ സുപ്രീം കോടതി വാദം കേള്‍ക്കുന്നത് ഏപ്രില്‍ 29 ലേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള കെജ്‌രിവാൾ നൽകിയ ഹർജിയാണ് വാദം കേള്‍ക്കാനായി മാറ്റിയത്.
അതേസമയം, കെജ്‌രിവാളിന്റെ ഹര്‍ജിയില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ ഡി) സുപ്രീം കോടതി നോട്ടീസ് നൽകി. ഹർജിയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളില്‍ വ്യക്തത നല്‍കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയുടെ നോട്ടീസ്.
ഏപ്രിൽ 24 നകം നോട്ടീസിന് മറുപടി നൽകണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
അറസ്റ്റിനെ ചോദ്യം ചെയ്ത് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹർജി ഏപ്രില്‍ ഒമ്പതിന് ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. തുടർന്നാണ് ഹൈക്കോടതി വിധിക്കെതിരെ കെജ്‌രിവാള്‍ സുപ്രീം കോടതിയെ സമീപിച്ചത്.
കുറ്റകൃത്യത്തിലും ഗൂഢാലോചനയിലും കെജ്‌രിവാള്‍ ഉള്‍പ്പെട്ടതായി വ്യക്തമാക്കുന്ന തെളിവുകള്‍ ഇ ഡി ശേഖരിച്ചിട്ടുണ്ടെന്നായിരുന്നു അന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കിയത്. കേസില്‍ മാര്‍ച്ച് 21 നാണ് കെജ്‌രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തത്.