Mon. Dec 23rd, 2024

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമ്മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ കോടതി ഉത്തരവ്. അരൂർ സ്വദേശി സിറാജ് വലിയത്തറ ഹമീദ് സമർപ്പിച്ച ഹർജിയിലാണ് എറണാകുളം സബ് കോടതി ഉത്തരവിട്ടത്. സിനിമയുടെ നിർമാണ കമ്പനിയായ പറവ ഫിലിംസിന്റെയും പാർട്ണർ ഷോൺ ആന്റണിയുടെയും 40 കോടി രൂപയുടെ ബാങ്ക് അക്കൗണ്ടുകളാണ് കോടതി മരവിപ്പിച്ചത്.

മഞ്ഞുമ്മൽ ബോയ്സ് സിനിമക്കായി ഏഴ് കോടി രൂപ മുടക്കിയിട്ടും ലാഭവിഹിതമോ മുടക്കുമുതലോ നൽകിയിട്ടില്ലെന്ന് സിറാജ് പരാതിയിൽ പറയുന്നു. ഹർജിയെ തുടർന്ന് ചിത്രത്തിന്റെ നിർമ്മാതാകളായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്ക് കോടതി നോട്ടീസ് അയച്ചു.

ഫെബ്രുവരി 22 നാണ് മഞ്ഞുമ്മൽ ബോയ്സ് റിലീസ് ചെയ്തത്. ഇതിനകം ചിത്രം 200 കോടി ക്ലബ്ബിൽ ഇടംനേടി. ലോകവ്യാപകമായി 226 കോടിയാണ് ചിത്രത്തിന്റെ കളക്ഷൻ. ഇന്ത്യയിൽ നിന്ന് മാത്രമായി 153 കോടിയും നേടി.

സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.