ന്യൂഡല്‍ഹി: കുടുംബവിസ സ്‌പോണ്‍സര്‍ ചെയ്യുന്നതിനുള്ള വരുമാനപരിധി 55 ശതമാനമായി വർദ്ധിപ്പിച്ച് യു കെ. വരുമാനപരിധി 18600 പൗണ്ടില്‍ നിന്ന് 29000 പൗണ്ടായാണ് ഉയര്‍ത്തിയത്. അടുത്ത വര്‍ഷം ഇത് 38700 പൗണ്ടായി വര്‍ധിപ്പിച്ചേക്കും.
കുടിയേറ്റം കുറയ്ക്കുന്നതിനുള്ള പ്രധാനമന്ത്രി ഋഷി സുനകിന്റെ പദ്ധതികളുടെ ഭാഗമായാണിത്. കുടിയേറ്റ സംവിധാനത്തില്‍ പരിഷ്‌കാരങ്ങൾ കൊണ്ടുവരാനുള്ള പദ്ധതി ആഭ്യന്തര സെക്രട്ടറി പ്രഖ്യാപിച്ച് ആഴ്ചകള്‍ക്കുള്ളിലാണ് ഈ മാറ്റം.
2023 മെയ് മാസത്തിൽ സ്റ്റുഡൻ്റ് വിസ നൽകുന്നതിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് പിന്നാലെയാണ് കുടുംബവിസയിലും നിയന്ത്രണം ഏർപ്പെടുത്തുന്ന തീരുമാനം ആഭ്യന്തര മന്ത്രാലയം സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം മൂന്ന് ലക്ഷം ആളുകളെയാണ് യു കെ സ്വീകരിച്ചിട്ടുള്ളത്. ഇനി അതിന് കഴിയില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സ്റ്റുഡന്റ് വിസയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടൊപ്പം നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് ഉപയോഗപ്പെടുത്തുന്ന വിദേശ പൗരന്‍മാര്‍ക്ക് ഹെല്‍ത്ത് സര്‍ചാര്‍ജില്‍ 66 ശതമാനത്തിന്റെ വര്‍ധനവുണ്ടായി.
കുടിയേറ്റം നിയന്ത്രിക്കാനും രാജ്യത്ത് വരുന്നവര്‍ നികുതിദായകര്‍ക്ക് ഭാരമാകാതിരിക്കുന്നുവെന്ന് ഉറപ്പാക്കുകയും ലക്ഷ്യമിട്ടുള്ള സുനകിന്റെ പദ്ധതിയുടെ ഭാഗമാണ് പുതിയ മാറ്റങ്ങൾ.
ഈ വര്‍ഷം യുകെയിൽ നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണ വിഷയമാണ് കുടിയേറ്റം. സുനകിന്റെ പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവ്‌സ് തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി നേരിടുമെന്നാണ് സര്‍വേകള്‍ സൂചിപ്പിക്കുന്നത്.