Fri. Nov 22nd, 2024

ബെംഗളൂരു: രാമേശ്വരം കഫേ സ്‌ഫോടനക്കേസില്‍ മുഖ്യപ്രതികള്‍ പിടിയിൽ. മുസാഫിര്‍ ഹുസൈന്‍, അബ്ദുള്‍ മതീന്‍ അഹമ്മദ് താഹ എന്നിവരെയാണ് എൻഐഎ സംഘം കൊൽക്കത്തയിൽ നിന്ന് അറസ്റ്റ് ചെയ്തത്.

വ്യാജ പേരുകളില്‍ പ്രതികള്‍ കൊല്‍ക്കത്തയില്‍ താമസിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് എൻഐഎ ഇവരെ പിടികൂടിയത്. അബ്ദുള്‍ മതീന്‍ താഹയാണ് കേസിലെ മുഖ്യ ആസൂത്രകനെന്നാണ് വിവരം.

മുസാഫിര്‍ ഹുസൈന്‍ ഷാസിബാണ് ബോംബ് രാമേശ്വരം കഫേയില്‍ കൊണ്ട് വെക്കുന്നതും സ്‌ഫോടനം നടത്തുന്നതും. പ്രതികളെ പിടികൂടാൻ കേരള, കർണാടക പോലീസിന്റെ സഹായം ഉണ്ടായിരുന്നുവെന്ന് എൻഐഎ വ്യക്തമാക്കി.

സ്‌ഫോടനം നടന്ന് 40 ദിവസത്തിന് ശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്യുന്നത്. പ്രതികളെ സഹായിച്ച ഒരാളെ നേരത്തേ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു.

മാർച്ച് ഒന്നിനായിരുന്നു ബെംഗളൂരു ബ്രൂക് ഫീൽഡിലെ കഫെയിൽ സ്ഫോടനം നടന്നത്‌. ഒൻപത് പേർക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റിരുന്നു. തീവ്രത കുറഞ്ഞ ഐഇഡിയാണ് സ്ഫോടനത്തിന് ഉപയോഗിച്ചതെന്ന് കണ്ടെത്തിയിരുന്നു.