Mon. Dec 23rd, 2024

ജറുസലേം: ഏപ്രില്‍ – മെയ് മാസത്തില്‍ ഇന്ത്യയില്‍ നിന്നുള്ള 6000 തൊഴിലാളികള്‍ ഇസ്രായേലിലെത്തും. ഇസ്രായേല്‍ – ഹമാസ് യുദ്ധത്തിന് പിന്നാലെ തകര്‍ന്ന കെട്ടിടങ്ങളടക്കം പുനര്‍നിര്‍മ്മിക്കാനാണ് 6000 നിര്‍മ്മാണ തൊഴിലാളികള്‍ ഇന്ത്യയില്‍ നിന്നും എത്തുന്നതെന്ന് ഇസ്രായേല്‍ സർക്കാർ അറിയിച്ചു.

ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകള്‍ക്ക് സബ്‌സിഡി നല്‍കാന്‍ സര്‍ക്കാര്‍ സമ്മതിച്ചതിന് ശേഷം ഈ തൊഴിലാളികളെ വിമാന മാര്‍ഗം കൊണ്ടുപോകുമെന്ന് ഇസ്രായേല്‍ സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള പ്രത്യേക കരാർ പ്രകാരമാണ് ഇന്ത്യയിൽ നിന്ന് തൊഴിലാളികളെ ഇസ്രായേലിലേക്ക് കൊണ്ടു പോകുന്നതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ശ്രീലങ്ക, ചൈന, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും തൊഴിലാളികള്‍ ഇസ്രായേലില്‍ എത്തിയതായാണ് റിപ്പോർട്ട്.

ഇസ്രായേലിൽ ഏറ്റവും കൂടുതൽ തൊഴിലാളികൾ എത്തിയിരുന്നത് വെസ്റ്റ് ബാങ്കിൽ നിന്നും ഗാസ മുനമ്പിൽ നിന്നുമായിരുന്നു. വെസ്റ്റ് ബാങ്കിൽ നിന്ന് 80000 തൊഴിലാളികളും ഗാസ മുനമ്പിൽ നിന്ന് 17000 തൊഴിലാളികളുമായിരുന്നു. എന്നാൽ ഒക്ടോബറിൽ ഇസ്രായേൽ – ഗാസ യുദ്ധം തുടങ്ങിയതോടെ ഇതിൽ ഭൂരിഭാഗം ആളുകളുടെയും തൊഴിൽ പെർമിറ്റ് റദ്ദാക്കിയിരുന്നു.