Wed. Jan 22nd, 2025

കേരളത്തിൽ പ്രണയത്തിന്റെ പേരിൽ ജിഹാദില്ലെന്നും ‘കേരള സ്റ്റോറി’ ജനങ്ങൾ അം​ഗീകരിക്കില്ലെന്നും കെഎന്‍എം സംസ്ഥാന വൈസ് പ്രസിഡന്റ് ഹുസൈന്‍ മടവൂര്‍. കേരളത്തിൽ എല്ലാവരും ഒന്നാണെന്നും അതാണ് കേരളത്തിന്റെ ചരിത്രവും പാരമ്പര്യവുമെന്നും ഹുസൈൻ മടവൂർ പറഞ്ഞു. കോഴിക്കോട് ഈദ് ഗാഹില്‍ നടത്തിയ പ്രഭാഷണത്തിൽ ‘കേരള സ്റ്റോറി’ സിനിമക്കെതിരെ രംഗത്തെത്തുകയായിരുന്നു ഹുസൈന്‍ മടവൂർ.

അതേസമയം, ഏറെ വിവാദങ്ങളുണ്ടാക്കിയ സിനിമ ‘കേരള സ്റ്റോറി’ ഏപ്രിൽ അഞ്ചിന് ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തിരുന്നു. സിനിമ ദൂരദര്‍ശനില്‍ പ്രദർശിപ്പിക്കുന്നതിരെ നിരവധി പേർ രംഗത്ത് വന്നിരുന്നു. വിവാദങ്ങൾ നിൽക്കുന്നതിനിടയിലാണ് ഇടുക്കി രൂപതയിൽ കുട്ടികൾക്ക് വേണ്ടി സിനിമ പ്രദർശിപ്പിച്ചത്.

കഴിഞ്ഞ നാലാം തീയതി ഇടുക്കി രൂപത വിശ്വാസോത്സവത്തിന്‍റെ ഭാഗമായി കേരള സ്റ്റോറി സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു. രൂപതയിലെ പത്ത് മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായാണ് പ്രദര്‍ശനം നടത്തിയിരുന്നത്. പ്രണയത്തെക്കുറിച്ചുള്ള ബോധവത്ക്കരണത്തിന്‍റെ ഭാഗമായാണ് സിനിമ പ്രദര്‍ശിപ്പിച്ചതെന്നാണ് രൂപത അധികൃതര്‍ പറഞ്ഞിരുന്നത്. ലൗ ജിഹാദ് യാഥാര്‍ത്ഥ്യമാണെന്നും രൂപത വാദിക്കുന്നു.

യേശുക്രിസ്തുവിന്റെ പേരിലുള്ള സഭകള്‍ പ്രദര്‍ശിപ്പിക്കേണ്ടതും പ്രചരിപ്പിക്കേണ്ടതും ലവ് സ്റ്റോറികളാണെന്നും ഹേറ്റ് സ്റ്റോറികളല്ലെന്നും പറഞ്ഞ് ഇടുക്കി രൂപതയുടെ നടപടിയെ വിമര്‍ശിച്ച് ഗീവര്‍ഗീസ് കൂറിലോസ് രംഗത്തെത്തിയിരുന്നു.

അതേസമയം താമരശ്ശേരി രൂപതയിലെ എല്ലാ കെസിവൈഎം യൂണിറ്റുകളിലും ചിത്രം പ്രദർശിപ്പിക്കാനൊരുങ്ങുകയാണ്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ കേരള സ്റ്റോറി പ്രദർശിപ്പിക്കുന്നത് രാഷ്ട്രീയ നീക്കമായും പ്രചരിക്കുന്നുണ്ട്.