Mon. Dec 23rd, 2024

കണ്ണൂര്‍: ഏറെ വിവാദങ്ങളുണ്ടാക്കിയ സിനിമ ‘കേരള സ്റ്റോറി’ പളളികളിൽ പ്രദർശിപ്പിക്കില്ലെന്ന് തലശ്ശേരി അതിരൂപത. മതവിഭാഗങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ അതിരൂപത ഉദേശിക്കുന്നില്ലെന്നും തലശ്ശേരി അതിരൂപത വ്യക്തമാക്കി. അതിരൂപതയ്ക്ക് കീഴിലുളള പള്ളികളിൽ സിനിമ പ്രദർശിപ്പിക്കാൻ ഔദ്യോഗിക തീരുമാനം എടുത്തിട്ടില്ലെന്നും കെസിവൈഎമ്മിന്‍റേതായി വന്ന നിർദേശം രൂപതയുടേതല്ലെന്നും തലശ്ശേരി അതിരൂപത പറഞ്ഞു.

ഏപ്രിൽ അഞ്ചിന് കേരള സ്റ്റോറി ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തിരുന്നു. സിനിമ ദൂരദര്‍ശനില്‍ പ്രദർശിപ്പിക്കുന്നതിരെ നിരവധി പേർ രംഗത്ത് വന്നിരുന്നു. വിവാദങ്ങൾ നിൽക്കുന്നതിനിടയിലാണ് ഇടുക്കി രൂപതയിൽ കുട്ടികൾക്ക് വേണ്ടി സിനിമ പ്രദർശിപ്പിച്ചത്.

കഴിഞ്ഞ നാലാം തീയതി ഇടുക്കി രൂപത വിശ്വാസോത്സവത്തിന്‍റെ ഭാഗമായി കേരള സ്റ്റോറി സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു. രൂപതയിലെ പത്ത് മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായാണ് പ്രദര്‍ശനം നടത്തിയിരുന്നത്. പ്രണയത്തെക്കുറിച്ചുള്ള ബോധവത്ക്കരണത്തിന്‍റെ ഭാഗമായാണ് സിനിമ പ്രദര്‍ശിപ്പിച്ചതെന്നാണ് രൂപത അധികൃതര്‍ പറഞ്ഞിരുന്നത്. ലൗ ജിഹാദ് യാഥാര്‍ത്ഥ്യമാണെന്നും രൂപത വാദിക്കുന്നു.

യേശുക്രിസ്തുവിന്റെ പേരിലുള്ള സഭകള്‍ പ്രദര്‍ശിപ്പിക്കേണ്ടതും പ്രചരിപ്പിക്കേണ്ടതും ലവ് സ്റ്റോറികളാണെന്നും ഹേറ്റ് സ്റ്റോറികളല്ലെന്നും പറഞ്ഞ് ഇടുക്കി രൂപതയുടെ നടപടിയെ വിമര്‍ശിച്ച് ഗീവര്‍ഗീസ് കൂറിലോസ് രംഗത്തെത്തിയിരുന്നു.

അതേസമയം താമരശ്ശേരി രൂപതയിലെ എല്ലാ കെസിവൈഎം യൂണിറ്റുകളിലും ചിത്രം പ്രദർശിപ്പിക്കാനൊരുങ്ങുകയാണ്. സഭയുടെ മക്കളെ പ്രതിരോധത്തിന്റെ പരിശീലകരാക്കുകയെന്ന കാലഘട്ടത്തിന്റെ ആവശ്യകതയെ തിരിച്ചറിഞ്ഞ ഇടുക്കി രൂപതയ്ക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും താമരശ്ശേരി കെസിവൈഎം അറിയിച്ചു.

തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ കേരള സ്റ്റോറി പ്രദർശിപ്പിക്കുന്നത് രാഷ്ട്രീയ നീക്കമായും പ്രചരിക്കുന്നുണ്ട്.