ചെന്നൈ: വനംകൊള്ളക്കാരൻ വീരപ്പന്റെ മകൾ വിദ്യാറാണി ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. ആന്ധ്രപ്രദേശ്, കർണാടക സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കൃഷ്ണഗിരി മണ്ഡലത്തിൽ നാം തമിഴർ കച്ചി സ്ഥാനാർത്ഥിയായാണ് വിദ്യാറാണി മത്സരിക്കുന്നത്. 2020 ൽ ബിജെപിയിൽ ചേർന്നാണ് വിദ്യാറാണി രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത്. ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് വിദ്യാറാണി നാം തമിഴർ കച്ചിയിൽ ചേർന്നത്.
‘മൈക്ക്’ ആണ് വിദ്യാറാണിയുടെ ചിഹ്നം. വീരപ്പന്റെ പടം പ്രചാരണ വാഹനത്തിൽ സ്ഥാപിച്ചിട്ടുണ്ട്. വിദ്യാറാണി കൃഷ്ണഗിരിയിൽ പ്രീ സ്കൂൾ നടത്തുന്ന നിയമ ബിരുദധാരിയാണ്.
വനംകൊള്ളക്കാരനായിരുന്നുവെങ്കിലും തന്റെ പിതാവ് പ്രദേശവാസികളുടെ ക്ഷേമം ഉറപ്പുവരുത്തിയിരുന്നുവെന്നും അദ്ദേഹത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് പൊതു പ്രവർത്തനത്തിലേക്ക് വന്നതെന്നും വിദ്യാറാണി പറയുന്നു. പിതാവ് ആഗ്രഹിച്ച വിധം ജനോപകാരപ്രദമായ പരിപാടികൾ നടപ്പാക്കുമെന്ന് വിദ്യാറാണി പ്രചാരണ യോഗങ്ങളിൽ പ്രഖ്യാപിച്ചിരുന്നു.