Sun. Dec 22nd, 2024

തിരുവനന്തപുരം: സീറ്റൊഴിവുണ്ടെങ്കിൽ സൂപ്പർ ഫാസ്റ്റ് ഇനി എല്ലാം സ്റ്റോപ്പിലും നിർത്തണമെന്ന നിർദേശവുമായി കെഎസ്ആർടിസി സിഎംഡി പ്രമോജ് ശങ്കർ. നിലവിൽ സീറ്റൊഴിവുണ്ടെങ്കിലും പ്രധാന സ്റ്റോപ്പുകളിൽ മാത്രമാണ് സൂപ്പർ ക്ലാസ് ബസുകൾ നിർത്തിയിരുന്നത്. ഒഴിഞ്ഞ സീറ്റുകളുമായി ഇനി സൂപ്പർ ക്ലാസ് ബസുകൾ യാത്ര ചെയ്യേണ്ടതില്ലെന്നും യാത്രക്കാര്‍ നില്‍ക്കുന്ന സ്ഥലം സ്റ്റോപ്പല്ലെങ്കിലും ഏത് സമയത്തായാലും ബസ് നിർത്തണമെന്നുമാണ് ജീവനക്കാർക്കുള്ള പുതിയ നിർദേശം.

സ്റ്റോപ്പുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ നിർത്തുമ്പോൾ മറ്റു വാഹനങ്ങൾക്ക് തടസ്സമുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ഗതാഗത നിയമങ്ങൾ പാലിച്ചുവേണം വാഹനം നിർത്തേണ്ടതെന്നും ഡ്രൈവർമാർക്കുള്ള നിർദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.

സ്റ്റാൻഡുകളില്‍ നിന്ന് ബസ് നീങ്ങിത്തുടങ്ങുമ്പോൾ യാത്രക്കാരൻ കൈ കാണിച്ചാൽ ബസ് നിർത്തിക്കൊടുക്കണം. സ്ത്രീ യാത്രികർക്ക് രാത്രി എട്ടിനും രാവിലെ ആറിനും ഇടയ്ക്ക് ആവശ്യപ്പെടുന്നിടത്ത് നിർത്തി കൊടുക്കണം എന്നും നിർദേശത്തിൽ പറയുന്നു.

ഡ്യൂട്ടിക്കിടയിലെ മദ്യപാനം ഒഴിവാക്കാൻ നിലവിലുള്ള ബ്രീത്ത് അനലൈസർ പരിശോധന കർശനമാക്കും. ഇപ്പോൾ സംശയമുള്ളവരെ മാത്രമാണ് പരിശോധിക്കുന്നത്. ഇതിന് പകരം സ്ത്രീകൾ ഒഴികെയുള്ള ഡ്രൈവർ, കണ്ടക്ടർ ജീവനക്കാർക്ക് ഡ്യൂട്ടി തുടങ്ങും മുമ്പ് പരിശോധന നടത്താനാണ് നിർദേശം.

ദീർഘദൂര ബസുകളിൽ യാത്രാവേളയിൽ ഭക്ഷണം കഴിക്കാനായി നിർത്തുന്ന ഹോട്ടലുകളുടെ പട്ടിക മുൻകൂർ പ്രസിദ്ധീകരിക്കും. വൃത്തിയുള്ളതും സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ശുചിമുറികളുള്ളതുമായ ഹോട്ടലുകളിൽ മാത്രമേ സ്റ്റോപ്പ് അനുവദിക്കൂ.