Mon. Dec 23rd, 2024

ന്യൂഡൽഹി: ഇലക്ടറൽ ബോണ്ടുകൾ വഴി സർക്കാരിൽ നിന്നും 10.68 കോടി രൂപ എസ്ബിഐ കമ്മീഷനായി കൈപ്പറ്റിയെന്ന് വിവരാവകാശ രേഖകൾ. 2018 മുതൽ 2024 വരെയുള്ള ഇലക്ടറൽ ബോണ്ടുകളുടെ വില്പനകളുടെയും വീണ്ടെടുക്കലിന്റെയും 30 ഘട്ടങ്ങളിൽ ഓരോന്നിനും എസ്ബിഐ സർക്കാരിൽ നിന്നും ചാർജ് ഈടാക്കിയിട്ടുണ്ട്.

പദ്ധതിയുടെ തുടക്കം മുതൽ ഓരോ ബോണ്ടുകൾക്കും ബാങ്ക് ചാർജുകൾ ഈടാക്കിക്കൊണ്ടാണ് എസ്ബിഐ ധനമന്ത്രാലയത്തിന് ആകെ 10.68 കോടി രൂപ കമ്മീഷനായി ബിൽ ചെയ്തിരിക്കുന്നതെന്ന് ഇന്ത്യൻ എക്സ്പ്രസിന് ലഭിച്ച വിവരാവകാശ രേഖകളിൽ പറയുന്നു.

ഇലക്ടറൽ ബോണ്ട് പദ്ധതിയെക്കുറിച്ച് എസ്ബിഐയും ധനകാര്യ മന്ത്രാലയവും തമ്മിലുള്ള കത്തിടപാടുകളിൽ മുഴുവനും ബാങ്കിന് നൽകേണ്ട കമ്മീഷനായുള്ള ആവശ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. ബോണ്ടുകളുടെ തെറ്റായ പ്രിന്റിംഗ് സംബന്ധിച്ച വിവരങ്ങളും തിരഞ്ഞെടുപ്പിന് മുന്നോടിയായി ബോണ്ടുകളുടെ വിൽപ്പനയിൽ വലിയ വർദ്ധനവ് പ്രതീക്ഷിക്കുന്നുവെന്നും ബാങ്ക് അയച്ചിട്ടുണ്ട്.

വിവരാവകാശ അപേക്ഷ വഴി ഇന്ത്യൻ എക്സ്പ്രസിന് കത്തിടപാടുകളും ഇമെയിലുകളും ലഭിച്ചിട്ടുണ്ട്. അതിൽ ബാങ്ക് ഇടപാട് ഫീസിനും ചാർജുകൾക്കുമായി 18% ജിഎസ്‌ടിയും കമ്മീഷൻ അടക്കുന്നതിനായി വൗച്ചറുകളും നൽകിയതായി വ്യക്തമാക്കുന്നുണ്ട്.

എസ്ബിഎ ഈടാക്കിയിരിക്കുന്ന ചാർജുകൾ വ്യത്യസ്തമായിരുന്നു. പദ്ധതിയുടെ നാലാം ഘട്ടത്തിൽ 82 ബോണ്ടുകൾ വീണ്ടെടുത്തപ്പോൾ 1.82 ലക്ഷം രൂപയാണ് കമ്മീഷനായി ചാർജ് ചെയ്തത്. ഒൻപതാം ഘട്ടത്തിൽ, 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 4607 ബോണ്ടുകൾ വിറ്റപ്പോൾ ഏറ്റവും ഉയർന്ന തുകയായ 1.25 കോടി രൂപയായിരുന്നു ലഭിച്ചത്.