Mon. Dec 23rd, 2024

ന്യൂഡൽഹി: ബാബ്റി മസ്ജിദ് തകർത്തതും ഗുജറാത്ത് കലാപവും പ്ലസ്ടു പാഠപുസ്തകത്തിൽ നിന്നും ഒഴിവാക്കി നാഷണൽ കൗൺസിൽ ഫോർ എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ് (എൻസിഇആർടി). ഒഴിവാക്കിയ പാഠ വിഷയങ്ങള്‍ക്ക് പകരം രാമക്ഷേത്രം നിർമ്മാണവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ ഉൾപ്പെടുത്തി.

പ്ലസ് ടു പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിലാണ് എൻസിഇആർടി മാറ്റം വരുത്തിയത്. അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായുള്ള മാറ്റങ്ങളാണ് എൻസിഇആർടി വരുത്തിയിരിക്കുന്നത്. അടുത്ത മാസം പുതിയ പാഠപുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യും. എൻസിഇആർടി വരുത്തിയ മാറ്റങ്ങൾ അവരുടെ വെബ്‌സൈറ്റിൽ പരസ്യപ്പെടുത്തിയിട്ടുണ്ട്.

1992 ഡിസംബറില്‍ ബാബരി മസ്ജിദ് തകര്‍ത്തു എന്ന പരാമര്‍ശം ഒഴിവാക്കി, സുപ്രീം കോടതിയുടെ ഇടപെടലിലൂടെ രാമക്ഷേത്രം നിർമ്മിച്ചു എന്ന് ചേർത്തു. സോഷ്യോളജി പാഠപുസ്തകത്തിൽ ഇന്ത്യൻ സൊസൈറ്റിയെന്ന ആറാം അധ്യായത്തിൽ വർഗീയ കലാപങ്ങളുടെ ചിത്രവും ഒഴിവാക്കിയിട്ടുണ്ട്.

നർമദാ നദിയിലെ സർദാർ സരോവർ അണക്കെട്ടും ആന്ധ്രാപ്രദേശിലെ ഗോദാവരി നദിയിലെ പോളവാരം അണക്കെട്ടും പോലുള്ള പദ്ധതികൾ ലക്ഷക്കണക്കിന് ആദിവാസികളെ കുടിയിറക്കി, ആദിവാസികളെ വലിയ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടു എന്ന ഭാഗവും സോഷ്യോളജി പുസ്തകത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.