Fri. May 17th, 2024

ഗാസ: ഇസ്രായേൽ ഭക്ഷണ വിതരണത്തിന് വിലക്കേർപ്പെടുത്തിയതോടെ ഗാസയിൽ ഒരു നേരത്തെ ആഹാരം പോലും കിട്ടാതെ വിശന്ന് മരിച്ച കുട്ടികളുടെ എണ്ണം 31 ആയതായി ഫലസ്തീൻ റെഡ് ക്രസൻറ് സൊസൈറ്റി (പിആർസിഎസ്). പട്ടിണിയും നിർജ്ജലീകരണവും മൂലമാണ് നവജാത ശിശുക്കളടക്കം കൊല്ലപ്പെട്ടത്.

പട്ടിണിയും പോഷകാഹാരക്കുറവും കാരണം വടക്കൻ ഗാസയിലെ നിരവധി കുഞ്ഞുങ്ങൾ മരണത്തോട് മല്ലടിക്കുകയാണെന്ന് സന്നദ്ധ സംഘടനയായ കെയർ വ്യക്തമാക്കി. രണ്ട് വയസ്സിന് താഴെയുള്ള 29 ശതമാനത്തോളം കുട്ടികൾ അപകടാവസ്ഥയിലാണെന്ന് കഴിഞ്ഞ മാസം കെയർ സംഘടന അറിയിച്ചിരുന്നു.

പോഷകാഹാരക്കുറവ് മൂലം ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നിരവധി പിഞ്ചുകുട്ടികളുടെ സ്ഥിതി ഗുരുതരാവസ്ഥയിലാണെന്ന് ഡോക്ടർമാർ അറിയിച്ചു.

ലോകമെമ്പാടും നാല് വർഷത്തെ യുദ്ധങ്ങളിൽ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണത്തേക്കാൾ കൂടുതലാണ് യുദ്ധം തുടങ്ങിയ നാൾ മുതൽ ഗാസയിൽ കൊല്ലപ്പെട്ടിട്ടുള്ളത്. കുറഞ്ഞത് 14000 കുട്ടികളെങ്കിലും ഗാസയിൽ കൊല്ലപ്പെട്ടിട്ടുണ്ട്. വെസ്റ്റ്ബാങ്കിലും കിഴക്കൻ ജറൂസലമിലും നിരവധി പേർ കൊല്ലപ്പെട്ടിട്ടുണ്ട്.