അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറ നിരോധിക്കാനൊരുങ്ങി ഇസ്രായേൽ. അല്‍ ജസീറ നിരോധിക്കുന്നതിനായി ഇസ്രായേൽ പാർലമെന്റില്‍ പ്രത്യേക നിയമം പാസാക്കി. ബില്‍ ഉടനെ പാസാക്കാന്‍ സെനറ്റിന് നിർദേശം നല്‍കിയിരിക്കുന്നത് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചെമിന്‍ നെതന്യാഹുവാണ്. അല്‍ ജസീറ അടച്ച് പൂട്ടാന്‍ ഉടന്‍ നടപടിയെടുക്കുമെന്ന് നെതന്യാഹു വ്യക്തമാക്കി. ടൈംസ് ഓഫ് ഇസ്രായേലിനെയും എഎഫ്‌പിയെയും ഉദ്ധരിച്ച് കൊണ്ട് അല്‍ ജസീറയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വിദേശ ചാനലുകളുടെ ഓഫീസുകള്‍ നിരോധിക്കുന്നതിനുള്ള അധികാരവും നിയമം സർക്കാരിന് നല്‍കുന്നുണ്ട്. 70 പേരുടെ അനുകൂലത്തോടെയും 10 പേരുടെ എതിർപ്പോടെയാണ് പാർലമെന്റില്‍ നിയമം പാസാക്കിയത്.
“അല്‍ ജസീറ ഇസ്രായേലിന്റെ സുരക്ഷയ്ക്ക് മുറിവേൽപ്പിച്ചു. ഒക്ടോബർ ഏഴിന് നടന്ന കൂട്ടക്കൊലയില്‍ പങ്കാളികളായി. ഹമാസിനെ പിന്തുണയ്ക്കുന്നവരെ നമ്മുടെ നാട്ടില്‍ നിന്ന് നീക്കം ചെയ്യാന്‍ സമയമായിരിക്കുന്നു. ഭീകരവാദ ചാനലായ അല്‍ ജസീറ ഇനി ഇസ്രായേലില്‍ നിന്ന് സംപ്രേഷണം ചെയ്യില്ല. പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ ചാനലിന്റെ പ്രവർത്തനം ഉടൻ അവസാനിപ്പിക്കുന്നതിനുള്ള നടപടിയെടുക്കാൻ നിർദേശിക്കുന്നു.” നെതന്യാഹു എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
കഴിഞ്ഞ ജനുവരിയിലുണ്ടായ വ്യോമാക്രമണത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ട അല്‍ ജസീറയുടെ മാധ്യമ പ്രവർത്തകനും ഫ്രീലാൻസറും ഭീകരവാദികളാണെന്ന് ഇസ്രായേൽ ആരോപിച്ചിരുന്നു. അതേസമയം, ഇസ്രായേലിന്റെ ആരോപണങ്ങൾ അല്‍ ജസീറ തള്ളിയിരുന്നു. തങ്ങളുടെ ജീവനക്കാരെ ലക്ഷ്യം വെച്ചുള്ള നീക്കങ്ങളാണ് നടക്കുന്നതെന്ന് അല്‍ ജസീറ പ്രതികരിച്ചിരുന്നു.
ഇതുവരെ 32845 ഫലസ്തീനികളാണ് ഇസ്രായേൽ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇവരിൽ കൂടുതൽ കുട്ടികളും സ്ത്രീകളുമാണ്.