ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസില്‍ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കാണാന്‍ തിഹാര്‍ ജയിലിലേക്ക് പ്രവേശനമുള്ളത് അഞ്ച് പേര്‍ക്ക് മാത്രം. കെജ്‌രിവാളിന്റെ ഭാര്യ സുനിത, മകൾ, മകൻ, പ്രൈവറ്റ് സെക്രട്ടറി ബിഭവ് കുമാർ, രാജ്യസഭാ എംപിയും എഎപിയുടെ ദേശീയ ജനറൽ സെക്രട്ടറിയുമായ സന്ദീപ് പഥക് എന്നിവര്‍ക്കാണ് കെജ്‌രിവാളിനെ കാണാന്‍ തിഹാര്‍ ജയിലിലേക്ക് പ്രവേശനമുള്ളത്.
രാമായണവും ഭഗവദ് ഗീതയും ഉൾപ്പെടെയുള്ള പുസ്തകങ്ങൾ വായിക്കാനുള്ള പ്രത്യേക അനുമതിയും കെജ്‌രിവാളിനുണ്ട്. 670ാം നമ്പർ വിചാരണ തടവുകാരനാണ് കെജ്‌രിവാള്‍. തിങ്കളാഴ്ച വൈകുന്നേരമാണ് കെജ്‌രിവാളിനെ തിഹാര്‍ ജയിലില്‍ എത്തിച്ചത്.
രണ്ടാം തവണയാണ് കെജ്‌രിവാള്‍ തിഹാര്‍ ജയിലില്‍ തടവുകാരനാകുന്നത്. 2014 ല്‍ ബിജെപി നേതാവായ നിതിൻ ഗഡ്ക്കരിക്കെതിരായ അപകീർത്തി കേസിൽ ജാമ്യ തുക കെട്ടിവെയ്ക്കാൻ വിസമ്മതിച്ചതിന് കെജ്‌രിവാള്‍ തിഹാര്‍ ജയിലിൽ വിചാരണ തടവുകാരനായിരുന്നു. അന്ന് രണ്ട് ദിവസമായിരുന്നു കെജ്‌രിവാള്‍ ജയിലില്‍ ഉണ്ടായിരുന്നത്.
മാർച്ച് 21നാണ് മദ്യനയ കേസിൽ കെജ്‌രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തത്. കെജ്‍രിവാളിന്റെ പ്രാഥമിക കസ്റ്റഡി മാർച്ച് 28 ന് അവസാനിച്ചിരുന്നു. പിന്നീട് ഇ ഡിയുടെ ആവശ്യ പ്രകാരം ഏപ്രിൽ ഒന്ന് വരെ നീട്ടി കൊടുക്കുകയായിരുന്നു. കസ്റ്റഡി കാലാവധി അവസാനിച്ചതോടെയാണ് ഇ ഡി കെജ്‌രിവാളിനെ ഇന്നലെ കോടതിയില്‍ ഹാജരാക്കിയിരുന്നത്.