Wed. Jan 22nd, 2025

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള പതിനൊന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടു. ഒഡിഷയിൽ നിന്ന് എട്ട്, ആന്ധ്രയിൽ നിന്ന് അഞ്ച്, ബിഹാറിൽ നിന്ന് മൂന്ന്, ബം​ഗാളിൽ നിന്ന് ഒരാൾ എന്നിങ്ങനെ 17 സ്ഥാനാർത്ഥികളുടെ പേരാണ് കോണ്‍ഗ്രസ് പുറത്തുവിട്ടിരിക്കുന്നത്.

ആന്ധ്രാപ്രദേശിൽ വൈഎസ് രാജശേഖര റെഡ്ഡിയുടെ തട്ടകമായിരുന്ന കടപ്പയിൽ നിന്ന് മകള്‍ ശർമിള മത്സരിക്കും. 1989 മുതൽ 1999 വരെ കടപ്പ മണ്ഡലത്തെ പ്രതിനിധീകരിച്ചത് വൈഎസ് രാജശേഖരായിരുന്നു. നിലവിലെ ആന്ധ്രപ്രദേശ് പിസിസി അധ്യക്ഷയാണ് വൈ എസ് ശർമിള. ജനുവരിയിലാണ് ശർമിള കോൺഗ്രസിൽ ചേർന്നത്.

കേരളത്തിന്റെ ചുമതലയുണ്ടായിരുന്ന മുൻ എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറും പുതിയ സ്ഥാനാർത്ഥി പട്ടികയിലുണ്ട്. ബിഹാറിലെ കതിഹാർ മണ്ഡലത്തിലെ സ്ഥാനാർത്ഥിയാണ് താരിഖ് അൻവർ.

ഇതുവരെ 11 ഘട്ടങ്ങളിലായി 230 സ്ഥാനാർത്ഥികളെയാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നടക്കുന്ന ആന്ധ്ര നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെയും കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്.