അരുണാചൽ പ്രദേശിലെ 30 സ്ഥലങ്ങളുടെ പേര് മാറ്റിയുള്ള നാലാമത്തെ പട്ടിക ചൈന പുറത്തുവിട്ടു. ഇന്ത്യൻ സംസ്ഥാനങ്ങളിൽ അവകാശവാദം ഉന്നയിക്കാനുള്ള ശ്രമമാണ് ചൈന നടത്തുന്നത്. സിവിൽ അഫയേഴ്സ് മന്ത്രാലയത്തിലെ ഔദ്യോഗിക വെബ്സൈറ്റിൽ സ്ഥലങ്ങളുടെ 30 പേരുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
2017 ൽ ആദ്യമായി ആറ് സ്ഥലങ്ങളുടെ പേര് മാറ്റികൊണ്ടുള്ള പട്ടിക ചൈന പുറത്തിറക്കി. പിന്നീട് 2021 ൽ 15 സ്ഥലങ്ങളുടെ പേര് മാറ്റി കൊണ്ട് രണ്ടാമത്തെ പട്ടിക പുറത്തിറക്കി. 2023 ൽ 11 സ്ഥലങ്ങളുടെ പേര് മാറ്റി കൊണ്ട് മൂന്നാമത്തെ പട്ടിക പുറത്തിറക്കി.
അരുണാചൽ പ്രദേശിൽ നിർമിച്ച സേലാ ടണൽ രാജ്യത്തിന് സമർപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനെതിരെ നയതന്ത്രപരമായ പ്രതിഷേധം ബീജിംഗ് രേഖപ്പെടുത്തിയിരുന്നു. ഇതോടെയാണ് സംസ്ഥാനത്തിനുമേലുള്ള അവകാശവാദം ഉന്നയിക്കാൻ ചൈന വീണ്ടും ആരംഭിച്ചത്.
പ്രദേശത്തെക്കുറിച്ചുള്ള ചൈനയുടെ അവകാശ വാദങ്ങൾ ഉയർത്തി കാണിക്കുന്നതിന് വേണ്ടി ചൈനയുടെ വിദേശ, പ്രതിരോധ മന്ത്രാലയങ്ങൾ നിരവധി പ്രസ്താവനകൾ പുറപ്പെടുവിച്ചിരുന്നു.
അതിർത്തി സംസ്ഥാനം ഇന്ത്യയുടെ ഭാഗമാണെന്നും അരുണാചൽ പ്രദേശിനെ കുറിച്ചുള്ള ചൈനയുടെ വാദങ്ങൾ പരിഹാസകരമാണെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ മാർച്ച് 23 ന് വ്യക്തമാക്കിയിരുന്നു.