Mon. Dec 23rd, 2024

ന്യൂഡൽഹി: ഗ്യാന്‍വാപി മസ്ജിദിൽ ഹിന്ദുക്കൾക്ക് പൂജ നടത്താമെന്ന് സുപ്രീം കോടതി. പൂജ തടയണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. നിലവറയിൽ നടക്കുന്ന പൂജ നമസ്‌കാരത്തിന് തടസമാകില്ലെന്ന് കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

മസ്ജിദിനകത്ത് നടക്കുന്ന പൂജ തടഞ്ഞില്ലെങ്കിൽ വലിയ പ്രശ്‌നമുണ്ടാകുമെന്നാണ് മസ്ജിദ് കമ്മിറ്റി ചൂണ്ടിക്കാട്ടിയത്. എന്നാൽ മസ്ജിദിൽ പൂജയും നമസ്‌കാരവും രണ്ടും തുടരട്ടെയെന്ന് കോടതി വ്യക്തമാക്കി.

ഗ്യാൻവാപി മസ്ജിദിനകത്തെ നിലവറയിൽ പൂജയ്ക്ക് അനുമതി നൽകിയത് വാരണാസി ജില്ലാ കോടതിയാണ്. മസ്ജിദ് കമ്മിറ്റി ഇതിനെതിരെ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ സ്‌റ്റേ ലഭിച്ചിരുന്നില്ല. പിന്നീടാണ് കമ്മിറ്റി സുപ്രീം കോടതിയെ സമീപിച്ചത്.

ഗ്യാൻവാപിയുമായി ബന്ധപ്പെട്ട വേറെയും ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. വരും ദിവസങ്ങളിൽ ഈ ഹർജികൾ പരിഗണിക്കും.