Fri. Nov 22nd, 2024

സ്വകാര്യ ഊർജ വ്യവസായ സ്ഥാപനങ്ങളുടെ സംഘടനയുടെ ലോബിയിങ്ങിനെ തുടർന്ന്  ലേലത്തിന് വെച്ച വനത്തിനുള്ളിലെ കൽക്കരി ബ്ലോക്ക് അദാനി ഗ്രൂപ്പിന് ലഭിച്ചു. പരിസ്ഥിതി മന്ത്രാലയത്തിൻ്റെ എതിർപ്പുകളെ അവഗണിച്ചാണ് കൽക്കരി ബ്ലോക്ക് അദാനി ഗ്രൂപ്പിന് വിറ്റത്. 

പരിസ്ഥിതി മന്ത്രാലയത്തിലെ വിദഗ്ധരുടെ അഭിപ്രായത്തെ പാടെ തള്ളിക്കളഞ്ഞ കൽക്കരി മന്ത്രാലയം, അദാനി ഗ്രൂപ്പ് അംഗമായ അസോസിയേഷൻ്റെ ലോബിയിങ്ങിന് വഴങ്ങി മധ്യപ്രദേശിലെ മാര 2 മഹാൻ  കൽക്കരി ബ്ലോക്ക് അദാനി ഗ്രൂപ്പിന് നൽകുകയായിരുന്നു. 

കൽക്കരി ക്ഷാമമുണ്ടാകുന്നു എന്ന വിഷയം ഉന്നയിച്ചാണ് 2021ൽ അസോസിയേഷൻ ഓഫ് പവർ പ്രൊഡ്യൂസേഴ്സ് ലോബി കൽക്കരി മന്ത്രാലയത്തെ സ്വാധീനിച്ചത്. എന്നാൽ അത് അദാനി ഗ്രൂപ്പിനെ സഹായിക്കാൻ വേണ്ടിയായിരുന്നുവെന്ന് ദ റിപ്പോർട്ടേഴ്സ് കളക്ടീവ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

2024 മാർച്ച് 12 നാണ് 995 മില്ല്യൺ ടൺ കൽക്കരിയുള്ള മാര 2 മഹാൻ  കൽക്കരി ബ്ലോക്കിനെ അദാനി ഗ്രൂപ്പിൻ്റെ മഹാൻ എനേർജൻ ലിമിറ്റഡ് സ്വന്തമാക്കുന്നത്. അദാനി ഗ്രൂപ്പുമായുള്ള ലേലത്തിൽ സർക്കാരിന് ആറ് ശതമാനം കുറവ് ലാഭമാണ് ലഭിച്ചത്.

കൽക്കരി ലേലത്തിൽ ലഭിച്ച ബിഡുകൾ Screengrab: reporters collective

‘അസോസിയേഷൻ ഓഫ് പവർ പ്രൊഡ്യൂസേഴ്സിലെ അംഗങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ കണ്ടെത്തലുകളും വ്യാഖ്യാനങ്ങളും തീർത്തും അടിസ്ഥാനരഹിതമാണെന്ന്’ അദാനി ഗ്രൂപ്പിൻ്റെ വക്താവ് റിപ്പോർട്ടേഴ്സ് കളക്ടീവിന് അയച്ച മറുപടി ഇമെയിലിൽ പറയുന്നു. 

‘എഎപിയിൽ 25ൽ പരം അംഗങ്ങളുണ്ട്. ഇന്ധന സ്രോതസുകളുടെ വിഹിതത്തിൽ ഞങ്ങൾക്ക് തീരുമാനമെടുക്കാൻ കഴിയില്ല. ഒരു പ്രത്യേക ബ്ലോക്കിൻ്റെ ലേലത്തിൽ എഎപിക്ക് ഇടപെട്ടുവെന്ന വാദം അടിസ്ഥാനരഹിതമാണ്’.  അദാനി ഗ്രൂപ്പിൻ്റെ വക്താവ് പറഞ്ഞതായി റിപ്പോർട്ടേഴ്സ് കളക്ടീവ് റിപ്പോർട്ട് ചെയ്യുന്നു.

രണ്ട് കൽക്കരി ഖനികൾ കൂടി തുറക്കണമെന്നാവശ്യപ്പെട്ട് പവർ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കൽക്കരി മന്ത്രാലയത്തിന് കത്തയച്ചതായി റിപ്പോർട്ടേഴ്സ് കളക്ടീവിൻ്റെ റിപ്പോർട്ടിൽ പറയുന്നു.

അസോസിയേഷൻ്റെ ഡയറക്ടർ ജനറലായ അശോക് ഖുറാന 2021 നവംബറിൽ കൽക്കരി മന്ത്രാലയം സെക്രട്ടറിക്കെഴുതിയ കത്തിൽ കൽക്കരി ക്ഷാമത്തെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. ഇപ്പോഴുള്ള കൽക്കരി പ്ലാൻ്റുകൾ നാല് ദിവസത്തിൽ കൂടുതൽ പ്രവർത്തിക്കില്ലെന്നും പുതിയ രണ്ട് കൽക്കരി ഖനികൾ തുറക്കണമെന്നും അശോക് ഖുറാന കത്തിൽ ആവശ്യപ്പെടുന്നുണ്ട്. 

സിങ്ഗ്രൗലിയിലുള്ള മാര 2 മഹാൻ, ഛത്തിസ്ഗഡിലുള്ള ഹസ്ദിയെ അരൻ്റ്  എന്നീ രണ്ട് ഖനികളെയാണ് ലേലത്തിൽ ഉൾപ്പെടുത്താനായി ഖുറാന നിർദേശിച്ചത്. അതേസമയം, കൽക്കരിക്ക് ക്ഷാമം ഉണ്ടായിട്ടില്ലായെന്നും  ശക്തമായ മഴയും റെയിൽവേ ഗുഡ്സ് ട്രെയിനുകളുടെ കുറവുമാണ് പവർ പ്ലാൻ്റിലെ സ്റ്റോക്ക് കുറയുന്നതിന് കാരണമായതെന്നും  2021 ഡിസംബറിൽ  കൽക്കരി മന്ത്രാലയം പാർലമെൻ്റിൽ അറിയിച്ചു. 

15 കൽക്കരി ബ്ലോക്കുകൾ പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്നതാണെന്ന് 2018ൽ പരിസ്ഥിതി മന്ത്രലയം അറിയിച്ചിരുന്നു. അതിൽ ലേലത്തിനു വെച്ച രണ്ട് ഖനികളിലെന്ന് ഉൾപ്പെടുന്നുണ്ട്. പരിസ്ഥിതി മന്ത്രാലയത്തിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ പരിസ്ഥിതിക്ക് ദോഷമുണ്ടാക്കാത്ത രീതിയിൽ ഖനികൾ തുറക്കാൻ കഴിയുമോയെന്ന് അന്വേഷിക്കാൻ സെൻട്രൽ മൈൻ പ്ലാനിങ്ങ് ആൻ്റ് ഡിസൈനിങ്ങ് ഇൻസ്റ്റിറ്റ്യൂട്ടിനെ കൽക്കരി മന്ത്രാലയം ചുമതലപ്പെടുത്തി. തുടർന്ന് വനങ്ങൾക്കുള്ളിൽ ഖനികൾ തുറക്കാൻ സാധിക്കില്ലെന്ന്  ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ട് നൽകുകയും ചെയ്തു.

എന്നാൽ 15 കൽക്കരി ബ്ലോക്കുകളിൽ നാലെണ്ണം തുറക്കാൻ കൽക്കരി മന്ത്രാലയം തീരുമാനിച്ചു. അതിൽ മധ്യപ്രദേശിലെ മാര 2 മഹാനും ഉൾപ്പെട്ടിരുന്നു.ആദ്യ ലേലത്തിൽ അദാനി ഗ്രൂപ്പിൽ നിന്നും ഒരു ബിഡ് മാത്രം ലഭിച്ചതിനാൽ ലേലം അസാധുവാകുകയായിരുന്നു. ത്രിവേണി എർത്ത് മൂവേഴ്സും അദാനി ഗ്രൂപ്പും പങ്കെടുത്ത അടുത്ത ലേലത്തിൽ കൽക്കരി ബ്ലോക്ക് അദാനി ഗ്രൂപ്പ് സ്വന്തമാക്കി. 

 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.