കോൺഗ്രസിൻ്റെ മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് പുനസ്ഥാപിച്ചു. 2018- 19 വർഷത്തിലെ ആദായ നികുതി തിരിച്ചടവ് 45 ദിവസം വൈകിയെന്നാരോപിച്ച് അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്നും അക്കൗണ്ടുകള്‍ വീണ്ടെടുക്കുന്നതിനായി 210 കോടി ആദായ വകുപ്പ് ആവശ്യപ്പെട്ടെന്നും ഡൽഹിയിൽ വെച്ച് നടന്ന വാർത്ത സമ്മേളനത്തിൽ കോൺഗ്രസ് ട്രെഷറർ അജയ് മാക്കൻ ആരോപിച്ചിരുന്നു.
തുടർന്ന് മിനിറ്റുകൾക്ക് ശേഷമാണ് ആദായ നികുതി വകുപ്പ് അപ്പലേറ്റ് ട്രൈബ്യൂണലിൻ്റെ അക്കൗണ്ടുകള്‍ പുനസ്ഥാപിച്ചത്. കോൺഗ്രസിൻ്റെയും യൂത്ത് കോൺഗ്രസിൻ്റെയും അക്കൗണ്ടുകളാണ് ആദായ വകുപ്പ് മരവിപ്പിച്ചിരുന്നത്.
“ഇന്ത്യയിൽ ജനാധിപത്യം പൂർണ്ണമായും അവസാനിച്ചിരിക്കുകയാണ്. ഞങ്ങളുടെ ചെക്കുകൾ ബാങ്കുകൾ സ്വീകരിക്കാത്തതായി കഴിഞ്ഞ ദിവസമാണ് ശ്രദ്ധയിൽപ്പെട്ടത്. ഇക്കാര്യം അന്വേഷിച്ചപ്പോൾ ഇന്ത്യയിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിൻ്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുന്നതായി കണ്ടെത്തിയത്. ഇവിടെ മരവിപ്പിച്ചത് കോൺഗ്രസിൻ്റെ അക്കൗണ്ടുകളല്ല, മറിച്ച് ജനാധിപത്യമാണ്”, അജയ് മാക്കൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്താൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ പ്രതിപക്ഷ പാർട്ടികളുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതിലൂടെ സർക്കാർ എന്താണ് തെളിയിക്കാൻ ശ്രമിക്കുന്നതെന്നും അജയ് മാക്കൻ ചോദിച്ചു.
ഇത് വൻകിട ബിസിനസുകളിൽ നിന്നോ കോർപ്പറേറ്റ് അക്കൗണ്ടുകളിൽ നിന്നോ ഉള്ള പണമല്ലെന്നും ഓൺലൈൻ ക്രൗഡ് ഫണ്ടിങ്ങിലൂടെ സമാഹരിച്ച പണമാണെന്നും ആ പണമാണ് സർക്കാർ മരവിപ്പിച്ചതെന്നും മാക്കൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
“കേന്ദ്ര സർക്കാർ അവതരിപ്പിച്ച ഇലക്ടറൽ ബോണ്ട് സംവിധാനം ഭരണഘടന വിരുദ്ധമാണെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. അതിൽ നിന്നുള്ള പണമാണ് ബിജെപി ചെലവഴിക്കുന്നത്. എങ്ങനെയാണ് ഇന്ത്യയിൽ ജനാധിപത്യം നിലനിൽക്കുന്നത്? ഇതൊരു ഏകീകൃത രാഷ്ട്രീയ സംവിധാനമായി മാറുമോ?”
“അക്കൗണ്ടുകള്‍ മരവിപ്പിച്ചതിൻ്റെ കാരണവും അതിൻ്റെ സമയവും വളരെ പ്രധാനമാണ്. 2018- 19ലെ ആദായ നികുതി റിട്ടേണുകൾ ഡിസംബർ 31ന് അടക്കേണ്ടിയിരുന്നു. ഒരു പക്ഷേ അത് 45 ദിവസം വൈകിയിട്ടുണ്ടാകാം. അതൊരു തെരഞ്ഞെടുപ്പിൻ്റെ സമയം കൂടിയായിരുന്നു. തെരഞ്ഞെടുപ്പിന് വേണ്ട് 199 കോടി കോൺഗ്രസ് ചെലവാക്കിയിരുന്നു. അതിൽ 14,40,000 രൂപ പണമായിട്ടാണ് എംപിമാരും എംഎൽഎമാരും നൽകിയത്. അത് പണമായി നൽകിയതുകൊണ്ട് 210 കോടി പിഴയായി അടക്കണം. ഇപ്പോൾ അഞ്ച് വർഷത്തിനുശേഷം തെരഞ്ഞെടുപ്പ് പ്രഖ്യാപന സമയത്ത് അക്കൗണ്ടുകൾ മരവിപ്പിച്ചിരിക്കുന്നു”,അജയ് മാക്കൻ കൂട്ടിച്ചേർത്തു.
ഇലക്ടറൽ ബോണ്ട് ഭരണഘടന വിരുദ്ധമാണെന്ന സുപ്രീം കോടതിയുടെ വിധി വന്നതിന് പിന്നാലെയായിരുന്നു കോൺഗ്രസിൻ്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചത്.
2018ൻ്റെ തുടക്കത്തിലാണ് നരേന്ദ്ര മോദി സർക്കാർ ഇലക്ടറൽ ബോണ്ട് പദ്ധതി കൊണ്ടുവരുന്നത്. കോർപറേറ്റ് സ്ഥാപനങ്ങളിൽനിന്നും വ്യക്തികളിൽനിന്നും രാഷ്ട്രീയ പാർട്ടികൾക്ക് നേരിട്ട് സംഭാവന സ്വീകരിക്കാവുന്ന തരത്തിലാണ് ഇലക്ടറൽ ബോണ്ട് വിഭാവനം ചെയ്തിരിക്കുന്നത്.
2022-23 സാമ്പത്തിക വർഷത്തിൽ കോർപ്പറേറ്റ് സംഭാവനകളിൽ 90 ശതമാനവും ബിജെപിക്ക് ലഭിച്ചതായാണ് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിൻ്റെ റിപ്പോർട്ടിൽ പറയുന്നത്. കോൺഗ്രസ് തെരുവിലിറങ്ങി പ്രതിഷേധിക്കുമെന്നാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ ഈ വിഷയത്തിൽ പ്രതികരിച്ചത്.
“ഭരണഘടന വിരുദ്ധമായി സമാഹരിച്ച പണം ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നു. എന്നാൽ ഞങ്ങൾ ക്രൗഡ് ഫണ്ടിങ്ങിലൂടെ നേടിയത് മരവിപ്പിക്കുന്നു. ഇന്ത്യയിലെ ബഹുരാഷ്ട്രീയ സംവിധാനത്തെ സംരക്ഷിക്കണമെന്നാണ് നീതിപീഠത്തോട് ഞങ്ങൾക്ക് പറയാനുള്ളത്. സേച്ഛാധിപത്യത്തിനെതിരെ തെരുവിലിറങ്ങി പ്രധിഷേധിക്കും” മല്ലികാർജ്ജുൻ ഖാർഗെ എക്സിൽ കുറിച്ചു.