Sat. Jan 18th, 2025

ഔറംഗസീബിനെക്കാൾ അധികം ക്ഷേത്രങ്ങളും വിഗ്രഹങ്ങളും തകർത്തത്തിനുള്ള ക്രെഡിറ്റ് മോദിജിയ്ക്ക് സ്വന്തമാണ്

യുപി മുഖ്യമന്ത്രി ആദിത്യനാഥിന്റെ ഗോരഖ്പൂർ മഠം സ്ഥാപിയ്ക്കപ്പെട്ടത് മുഗൾ രാജാക്കന്മാർ കൊടുത്ത ഭൂമിയിലെന്നും ഔറംഗസീബിനെക്കാൾ അധികം ക്ഷേത്രങ്ങളും വിഗ്രഹങ്ങളും തകർത്തത്തിനുള്ള ക്രെഡിറ്റ് മോദിജിയ്ക്ക് സ്വന്തമാണെന്നും കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ മുൻ മഹന്ത് (മുഖ്യപൂജാരി) ശ്രീ രാജേന്ദ്ര തിവാരി. ബിനോജ് നായർക്ക് മുൻ മഹന്ത് നൽകിയ വീഡിയോ  അഭിമുഖത്തിലാണ് ഈ കാര്യങ്ങൾ വ്യക്തമാക്കുന്നത്. ഈ അഭിമുഖത്തിന്റെ സുപ്രധാന പോയിന്റുകൾ ബിനോജ് തന്റെ ഫേസ്‌ബുക്ക് പേജിലും പങ്കുവെച്ചിട്ടുണ്ട്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഇപ്പോൾ രാജ്യമെങ്ങും ചർച്ചയായിട്ടുള്ള കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ മുൻ മഹന്ത് (മുഖ്യപൂജാരി) ശ്രീ രാജേന്ദ്ര തിവാരിയുമായി ഞാൻ ഇക്കഴിഞ്ഞ ദിവസം നടത്തിയ അഭിമുഖത്തിലെ സുപ്രധാന പോയിന്റുകൾ ഇവിടെ ചേർക്കുന്നു. സമൂഹത്തിൽ വിഷം വിതറാനായി സംഘപരിവാർ പ്രചരിപ്പിക്കുന്ന പച്ചനുണകളെയെല്ലാം ഓരോന്നായി പൊളിക്കുന്നതാണ് മഹന്ത് എന്നോട് പറഞ്ഞ ഇക്കാര്യങ്ങൾ. ഇവ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട് എന്നതിനാലാണ് ഇവ ഇവിടെ പ്രത്യേകം പോസ്റ്റ് ചെയ്യുന്നത്.

പരമാവധി ആളുകളിലേക്ക് ഈ വസ്തുതകൾ എത്തിയ്ക്കുമല്ലോ – അഭിമുഖത്തിന്റെ പൂർണ്ണ രൂപം കുറച്ചു മുൻപ് നമ്മുടെ ചാനലിൽ പോസ്റ്റ് ചെയ്തിട്ടിട്ടുണ്ട്.

നശിച്ചു കിടന്ന ഗ്യാൻവാപിയിലെ ക്ഷേത്രവും പരിസരവും പുനരുദ്ധരിച്ചത് മുഗൾ ചക്രവർത്തിയായ അക്ബർ ആയിരുന്നു.
മഹന്ത് കുടുംബത്തിന്റെ പേരിൽ ക്ഷേത്രത്തിന്റെയും ഭൂമിയുടെയും ഉടമസ്ഥാവകാശം നൽകിക്കൊണ്ടുള്ള ഔദ്യോഗിക രേഖ നൽകിയത് ഔറംഗസീബിന്റെ ജ്യേഷ്ഠനായ ദാരാ ഷിക്കോയുടെ കാലത്തായിരുന്നു. അത് ഇപ്പോഴും മഹന്ത് കുടുംബത്തിന്റെ കൈവശമുണ്ട്.

ഔറംഗസീബിന്റെ കാലത്താണ് ക്ഷേത്രം തകർത്തത്. അദ്ദേഹത്തിന്റെ ആളുകൾ നേരിട്ട് വന്ന് ക്ഷേത്രം തകർക്കുകയായിരുന്നു. എന്നാൽ, ഔറംഗസീബ് കാശിയിൽ വന്നതായി തെളിവില്ല. ക്ഷേത്രം തകർത്തത് അദ്ദേഹത്തിന്റെ ഉത്തരവ് പ്രകാരമാണെന്ന് തെളിയിക്കുന്ന രേഖകളുമില്ല.

ദാരാ ഷിക്കോയുടെ ആശ്രിതരായിരുന്ന നിരവധി കുടുംബങ്ങളോട് ഔറംഗസീബ് പ്രതികാര നടപടികൾ ചെയ്തിരുന്നു. മഹന്ത് കുടുംബത്തെയും അദ്ദേഹം ശത്രുപക്ഷത്തു നിർത്തുകയും ദാരാ ഷിക്കോ മഹന്ത് കുടുംബത്തിന് ഉടമസ്ഥാവകാശം നൽകിയ ക്ഷേത്രം തകർക്കുകയും ചെയ്തു എന്നതാണ് സത്യം. അല്ലാതെ സംഘപരിവാർ പ്രചരിപ്പിക്കുന്നത് പോലെ ഹിന്ദു ക്ഷേത്രങ്ങൾ തകർക്കുക എന്ന ഒരു നയം ഔറംഗസീബിന് ഉണ്ടായിരുന്നില്ല.

കാശി വിശ്വനാഥ ക്ഷേത്രം പൊളിയ്ക്കാൻ ഔറംഗസീബ് ആവശ്യപ്പെട്ടു എന്ന രീതിയിലുള്ള പ്രചാരണം കള്ളമാണ്. അങ്ങനെ അദ്ദേഹം ആവശ്യപ്പെട്ടതിന് തെളിവില്ല. പക്ഷേ ക്ഷേത്രം തകർത്തത് അദ്ദേഹത്തിന്റെ അധികൃതർ ആയിരുന്നു എന്നതിന് തെളിവുണ്ട്.

അക്കാലത്തെ മിക്ക മുഗൾ സുൽത്താന്മാരുടെയും സേനാപതിമാർ – സുബേദാർ – രാജപുത്രരായ ഹിന്ദുക്കളായിരുന്നു. കാശി ക്ഷേത്രം തകർക്കാൻ നേതൃത്വം നൽകിയത് ഔറംഗസീബിന്റെ സുബേദാർ ആയിരുന്ന ജയ് സിംഗ് ആയിരുന്നു എന്ന കാര്യം സംഘപരിവാർ നിങ്ങളോട് പറയില്ല.

ഔറംഗസീബ് നിരവധി ക്ഷേത്രങ്ങൾ പണികഴിപ്പിയ്ക്കുകയും പല ക്ഷേത്രങ്ങൾക്കും പണവും ഭൂമിയും നൽകുകയും ചെയ്തു. ഉദാഹരണത്തിന് കാശിയിൽ തന്നെയുള്ള ജംഗംബാഡി ക്ഷേത്രത്തിന്റെ ഭൂമി മുഴുവൻ ശിവന്റെ ആരാധനയ്ക്കായി ഔറംഗസീബ് നൽകിയതാണ്. അവിടെ ശിവന്റെ പൂജ നടത്തണം എന്ന് ഔറംഗസീബ് നൽകിയ സമ്മതപത്രത്തിൽ (പട്ട) വ്യക്തമായി എഴുതിയിട്ടുണ്ട്.

മറ്റൊരു ക്ഷേത്രമാണ് കേദാർ മന്ദിർ. മുഖ്യമന്ത്രി യോഗിജി വിശ്വനാഥ ക്ഷേത്രത്തിൽ വന്നപ്പോൾ ദാരാ ഷിക്കോ തങ്ങൾക്ക് നൽകിയ അവകാശപത്രം – പട്ട – തന്റെ പക്കലുണ്ട് എന്ന് പറഞ്ഞപ്പോൾ അദ്ദേഹം തന്നെ അഭിനന്ദിക്കുകയും ഇത്രയും വിലപിടിപ്പുള്ള ആ രേഖ കൃത്യമായി സൂക്ഷിക്കണമെന്ന് പറയുകയും ചെയ്തു എന്ന് മഹന്ത് പറയുന്നു. കാരണം ഔറംഗസീബിന്റെ ക്രൂരതയുടെ ഇര എന്ന നിലയ്ക്ക് ദാരാ ഷിക്കോ സംഘപരിവാറിന് പ്രിയങ്കരനാണ്. എന്നാൽ അതേ യോഗിജി ജംഗംബാഡി മഠത്തിൽ ഔറംഗസീബിന്റെ സമ്മതപത്രം കണ്ടപ്പോൾ അത് എടുത്തു മാറ്റാൻ ആവശ്യപ്പെട്ടു. ചരിത്ര വക്രീകരണത്തിന് അത് തടസ്സമാകും എന്നതിനാലാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്.

ഉത്തർപ്രദേശിലെ മസ്ജിദുകൾ ബുൾഡോസർ കയറ്റി തകർക്കുകയും ലൗഡ്‌സ്പീക്കർ നിരോധിയ്ക്കുകയും ചെയ്ത അവിടത്തെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മഠമായ ഗോരഖ്പൂർ മഠവും സ്ഥാപിയ്ക്കപ്പെട്ടത് മുഗൾ രാജാക്കന്മാർ കൊടുത്ത ഭൂമിയിൽ അവരുടെ അനുവാദത്തോടെയാണ്.

ഔറംഗസീബ് എത്ര ക്ഷേത്രങ്ങൾ തകർത്തു എന്നറിയില്ല. ആകെ കാശി വിശ്വനാഥ ക്ഷേത്രത്തിന് മാത്രമേ തെളിവുള്ളൂ. എന്നാൽ, ഔറംഗസീബിനെക്കാൾ അധികം ക്ഷേത്രങ്ങളും വിഗ്രഹങ്ങളും തകർത്തത്തിനുള്ള ക്രെഡിറ്റ് മോദിജിയ്ക്ക് സ്വന്തമാണ്.

കാശി വിശ്വനാഥ് കോറിഡോറിന്റെ നിർമ്മാണത്തിനായി നിരവധി ക്ഷേത്രങ്ങളാണ് മോദിജിയുടെ സർക്കാർ തകർത്തത്. തകർത്ത ക്ഷേത്രങ്ങളെല്ലാം അഞ്ഞൂറ് വര്ഷം മുതൽ നൂറ്റാണ്ടുകൾ വരെ പഴക്കമുള്ള, കാശിയുടെ പുരാതന ചരിത്ര ഗ്രന്ഥങ്ങളിൽ വരെ സ്ഥാനം നേടിയ ക്ഷേത്രങ്ങൾ ആയിരുന്നു. ഇവ തകർത്തതോ അങ്ങേയറ്റം ക്രൂരമായ നിലയിലും.

യുദ്ധഭൂമിയിലെ ശവശരീരങ്ങൾ പോലെ കൈയും തലയുമൊക്കെ വേർപെട്ട നിലയിലുള്ള വിഗ്രഹങ്ങളെ പൊട്ടക്കുളത്തിലും ഓടയിലും എറിഞ്ഞു കളയുകയാണ് അധികൃതർ ചെയ്തത്. കോറിഡോറിന്റെ മേൽനോട്ടം നേരിട്ട് വഹിച്ച യോഗി ആദിത്യനാഥ് നോക്കിനിൽക്കേയാണ് നിരവധി ക്ഷേത്രങ്ങളും വിഗ്രഹങ്ങളും ഇളക്കിയെടുത്തു ഓടയിലെറിഞ്ഞത്.

ഇപ്രകാരം ഓടയിലും പൊട്ടക്കുളങ്ങളിലും എറിഞ്ഞ 167 വിഗ്രഹങ്ങൾ തങ്ങൾ അന്വേഷിച്ചു കണ്ടെത്തുകയും അവയെ പോലീസ് FIR രെജിസ്റ്റർ ചെയ്ത് പോലീസ് സ്റ്റേഷനിൽ തന്നെ സൂക്ഷിക്കുകയും ചെയ്യുന്നു എന്നും മഹന്ത് പറയുന്നു. ഇപ്പോഴും ആ മൂർത്തിയുടെ പൂജ നടക്കുന്നത് പോലീസ് സ്റ്റേഷനിൽ ആണ്. വിഗ്രഹം കൈമാറണമെന്ന് ശങ്കരാചാര്യർ ആവശ്യപ്പെട്ടിട്ടും പോലീസ് തയ്യാറായില്ല, അങ്ങനെ ചെയ്താൽ മോദിജിയുടെ ആളുകൾ വിഗ്രഹങ്ങൾ തകർത്തെറിഞ്ഞതിന് അത് തെളിവാകും എന്ന് ഭയന്നാണ് അവ വിട്ടുകൊടുക്കാതിരുന്നത്.

ചരിത്രപ്രാധാന്യമുള്ള മൂന്ന് പീപ്പൽ മരങ്ങളാണ് ഭാരതത്തിൽ ഉണ്ടായിരുന്നത്. അതിൽ ഒന്ന് വിശ്വനാഥ ക്ഷേത്രത്തിന്റെ മുറ്റത്തായിരുന്നു. അതിന്റെ ചുവട്ടിൽ ഒരു വിഗ്രഹവും നിത്യ പൂജയും മുഗൾ കാലഘട്ടം മുതൽ തടസ്സമില്ലാതെ നടന്നു വന്നു. ഔറംഗസീബ് ഉൾപ്പെടെയുള്ള മുഗൾ രാജാക്കന്മാർ നശിപ്പിക്കാതിരുന്ന പീപ്പൽ മരവും അതിന്റെ ചുവട്ടിലെ വിഗ്രഹവും ഹിന്ദുത്വവാദികളുടെ സർക്കാരിന്റെ ക്രെയ്ൻ വന്ന് ചുവടോടെ പറിച്ചെടുത്തു വലിച്ചെറിഞ്ഞു.

ഗ്യാൻവാപിയിലെ മസ്ജിദ് തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായി ശിങ്കാർ ഗൗരിയിൽ ദർശനത്തിനുള്ള അവകാശം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച അഞ്ച് വനിതകളും ആർഎസ്എസ്സുമായി ബന്ധമുള്ളവരാണ്. ശിങ്കാർ ഗൗരിയുടെ വിഗ്രഹം പള്ളിയുടെ മതിൽക്കെട്ടിന് പുറത്താണ്. വര്ഷങ്ങളായി അവിടെ പൂജ നടക്കുന്നുമുണ്ട്. ഇതുകൊണ്ട് തന്നെ പൂജ ചെയ്യാൻ സംഘികളായ സ്ത്രീകൾ കോടതിയിൽ പോവുകയും ഇത്രയും അപഹാസ്യകരമായ ഹർജ്ജി കോടതി നിരസിക്കാതിരിക്കുകയും ചെയ്തത് സംഘപരിവാറിന്റെ ഗൂഢാലോചന വ്യക്തമാക്കുന്നു.

മതത്തിന്റെ പേര് പറഞ്ഞുള്ള സംഘപരിവാറിന്റെ തട്ടിപ്പിന്റെ മറ്റൊരു ഉദാഹരണം – കാശിയിലെ അന്നപൂർണ ക്ഷേത്രത്തിൽ നിന്ന് 104 വര്ഷം മുൻപ് മോഷണം പോയത് എന്ന പേരിൽ ഒരു വിഗ്രഹം ഇവർ ക്യാനഡയിൽ നിന്ന് തിരികെ കൊണ്ടുവന്നു. താൻ അന്നപൂർണ ക്ഷേത്രത്തിന്റെ മഹാന്തിനോട് ചോദിച്ചപ്പോൾ അങ്ങനെയൊരു മൂർത്തി മോഷണം പോയിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.

മസ്ജിദിന്റെ വുസുഖാനയിൽ കണ്ടത് ശിവലിംഗമാണോ അതോ ഫൗണ്ടൻ ആണോ എന്ന് അറിയില്ല. അസിസ്റ്റന്റ് കമ്മീഷ്ണറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അതിൽ 63 സെന്റിമീറ്റർ വരുന്ന ഒരു ദ്വാരമുള്ളതായി കണ്ടെത്തി. ശിവലിംഗത്തിൽ ഒരുകാരണവശാലും ദ്വാരം ഉണ്ടാകില്ല എന്ന് താൻ അന്നേ പറഞ്ഞതാണ്. അതിനാൽ തന്നെ കൂടുതൽ പരിശോധനയ്ക്ക് ശേഷമേ അതിനെ ഭഗവൻ എന്ന് വിളിക്കാനാവൂ. പക്ഷെ അവർ തന്റെ വാക്കുകൾ തള്ളിക്കളയുകയും കൂടുതൽ പരിശോധനയില്ലാതെ കല്ലുകൊണ്ടുള്ള ഏതോ ഒരു നിർമ്മിതിയെ ഭഗവാനാക്കുകയും ചെയ്തു. ഭഗവൻ ആരെന്ന് തീരുമാനിക്കേണ്ടത് മീഡിയ ട്രയൽ വഴിയല്ല.

ക്രിമിനലുകൾക്ക് ജാതിയോ മതമോ ഇല്ല, അവർക്ക് വേണ്ടത് പണവും രാഷ്ട്രീയ അധികാരവുമാണ്. ഏതെങ്കിലും ഒരു മതവിഭാഗത്തെ ക്രിമിനലുകൾ എന്ന പേരിൽ ടാർഗറ്റ് ചെയ്യുന്നത് ദുഷ്ട ലക്ഷ്യങ്ങളോടെയാണ്. ജനങ്ങളെ ബാധിക്കുന്ന അടിസ്ഥാനപ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ വേണ്ടിയാണ് സംഘപരിവാർ മതവികാരം ഇളക്കി വിടുന്നത്.

രാജ്യത്തെ ഭൂരിഭാഗം ഹിന്ദുക്കളും സംഘപരിവാറിനും മോദിയ്ക്കും എതിരാണ്. തിരഞ്ഞെടുപ്പുകളിൽ വിജയം EVM ന്റെ കഴിവാണ്, മോദിജിയുടെയല്ല.

അയോധ്യയിലെ പ്രാണപ്രതിഷ്ഠയ്ക്ക് തന്നെ ക്ഷണിച്ചിരുന്നില്ല എന്നും മഹന്ത് പറഞ്ഞു. ക്ഷണിച്ചാലും പോകുമായിരുന്നില്ല. കാരണം നാല് ശങ്കരാചാര്യന്മാരും വിട്ടു നിന്ന, പണി പൂർത്തിയാകാത്ത ക്ഷേത്രത്തിന്റെ പ്രതിഷ്ഠയിൽ പങ്കെടുക്കുന്നത് തന്നെ പാപമാണ്. അയോധ്യയിൽ നടന്നത് മതവിശ്വാസം പുലർത്തുന്നവരുടെ സമ്മേളനമല്ല, മതത്തെ വിൽക്കാനുള്ള സമ്മേളനമാണ്. അവിടെ നടന്നത് വ്യാപാരികളുടെ ഒരു മേളയാണ്. അവർ വില്പനച്ചരക്കാക്കിയത് ശ്രീരാമനെയാണ് എന്നതിൽ തനിയ്ക്ക് ദുഖമുണ്ട്.

ചരിത്രം എഴുതുന്നത് അധികാരമുള്ളവരാണ്. ഇന്ന് അധികാരത്തിൽ ഉള്ളവർ അവർക്കിഷ്ടമുള്ള രീതിയിൽ സത്യങ്ങളെയെല്ലാം തമസ്കരിക്കുകയും പുതിയ ചരിത്രം രചിക്കുകയും ചെയ്യുന്നു. സംഘപരിവാർ ദൈവത്തെ വെച്ച് വിലപേശുന്നു, വിശ്വാസങ്ങളെ കച്ചവടം ചെയ്യുന്നു. ദൈവത്തെ വിൽക്കുന്നവർ രാജ്യത്തെ എങ്ങനെ രക്ഷിയ്ക്കാനാണ്!!

മഹന്ത് രാജേന്ദ്ര തിവാരിയുമായുള്ള അഭിമുഖം അപ്രിയസത്യങ്ങൾ ചാനലിൽ കാണാനും ഷെയർ ചെയ്യാനും ശ്രമിയ്ക്കുമല്ലോ. 🙏🙏

FAQs

എവിടെയാണ് ഗ്യാൻവ്യാപി മസ്ജിദ്?

ഇന്ത്യയിലെ ഉത്തർപ്രദേശിലെ വാരണാസിയിലാണ് ഗ്യാൻവ്യാപി മസ്ജിദ് സ്ഥിതി ചെയ്യുന്നത്. സി 1678 ൽ ഔറംഗസീബിയാണ് ഗ്യാൻവ്യാപി മസ്ജിദ് നിർമ്മിച്ചത്. ശിവക്ഷേത്രം തകർത്തതിന് ശേഷമാണ് മസ്ജിദ് നിർമിച്ചത്.

ആരാണ് യോഗി ആദിത്യനാഥ്‌?

യോഗി ആദിത്യനാഥ് ഇന്ത്യൻ ഹിന്ദു സന്യാസിയും ഭാരതീയ ജനതാ പാർട്ടിനേതാവും നിലവിലെ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമാണ്. ഉത്തർപ്രദേശിലെ 21-ാമത്തെ മുഖ്യമന്ത്രിയാണ്.

എന്താണ് കാശി വിശ്വനാഥ ക്ഷേത്രം?

ശിവന് സമർപ്പിച്ചിരിക്കുന്ന ഒരു ഹൈന്ദവ ക്ഷേത്രമാണ് കാശി വിശ്വനാഥ ക്ഷേത്രം. ഉത്തർപ്രദേശിലെ വാരണാസിയിലെ വിശ്വനാഥ് ഗലിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഒരു ഹിന്ദു തീർത്ഥാടന കേന്ദ്രമായ ഈ ക്ഷേത്രം പന്ത്രണ്ട് ജ്യോതിർലിംഗ ക്ഷേത്രങ്ങളിൽ ഒന്നാണ്.

Quotes

നന്മയ്ക്കാവശ്യക്കാരില്ലെങ്കില്‍ അധികകാലം നല്ലവനാവാനുമാവില്ല – ബെര്‍തോള്‍ഡ് ബ്രെഹ്ത്