Thu. Dec 26th, 2024

കർപ്പൂരി ഠാക്കൂർ ഈ സംവരണം നടപ്പിലാക്കിയതോടെ കൂട്ടുകക്ഷിയായിരുന്ന ജനസംഘം ശക്തമായ പ്രതിഷേധം ഉയര്‍ത്തുകയും അത്  1979ലെ ഠാക്കൂർ സർക്കാരിനെ വീഴ്ത്തുകയും ചെയ്തു

മുൻ ബിഹാർ മുഖ്യമന്ത്രി കര്‍പ്പൂരി ഠാക്കൂറിനാണ് ഈ വര്‍ഷത്തെ ഭാരതരത്നം നൽകിയത്. ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നം 1954 മുതലാണ് നൽകി തുടങ്ങിയത്. സി രാജഗോപാലാചാരിഡോ. സര്‍വേപ്പള്ളി രാധാകൃഷ്ണന്‍ഡോ. സി വി രാമന്‍ എന്നിവര്‍ക്കാണ് ആദ്യമായി ഭാരതരത്നം പുരസ്കാരങ്ങള്‍ ലഭിക്കുന്നത്. 

1954 മുതല്‍ 2024 വരെ 49 വ്യക്തികൾക്ക് ഭാരതരത്നം നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. 15 വ്യക്തികൾക്ക് മരണാനന്തര ബഹുമതിയായി ഭാരതരത്നം നൽകിയിട്ടുണ്ട്. രാജ്യത്തിൻ്റെ പരമോന്നത ബഹുമതിയായ ഭാരതരത്നം മരണശേഷം ലഭിക്കുന്ന ആദ്യ വ്യക്തി സ്വാതന്ത്ര്യ സമരസേനാനിയും മുൻ ഇന്ത്യന്‍ പ്രധാനമന്ത്രിയുമായ ലാൽ ബഹാദൂർ ശാസ്ത്രിയാണ്.

ഭാരതരത്നം Screen-grab, Copyrights: Starxnews24

വ്യക്തികള്‍ മരണപ്പെട്ട് വര്‍ഷങ്ങളോളം കഴിഞ്ഞ്മരണാനന്തര ബഹുമതിയായി ഭാരതരത്‌നം നല്‍കിയതായി ചരിത്രത്തില്‍ ഉണ്ട്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് വിദ്യാഭ്യാസ പരിഷ്കർത്താവും സ്വാതന്ത്ര്യ സമരസേനാനിയും കോൺഗ്രസ് അധ്യക്ഷനുമായിരുന്ന മദൻ മോഹൻ മാളവ്യക്ക് ഭാരതരത്‌നം നൽകി ആദരിച്ചത്. മാളവ്യ മരണപ്പെട്ട് 69 വര്‍ഷങ്ങള്‍ക്ക് ശേഷം.

വലതുപക്ഷ ഹിന്ദു മഹാസഭയുടെ ആദ്യകാല നേതാക്കളിൽ ഒരാളായിരുന്നു മാളവ്യ. അതിനാല്‍ തന്നെ സംഘപരിവാർ അതിന്റെ പ്രത്യയശാസ്ത്രത്തോട് അടുത്ത് നില്‍ക്കുന്ന ഒരാളായിട്ടാണ് മാളവ്യയെ കണക്കാക്കുന്നത്. മരണപ്പെട്ട് ഇത്രയും വര്‍ഷങ്ങള്‍ക്കുശേഷം ഭാരതരത്‌നം നല്‍കിയതിനു പിന്നിലെ കാരണമിതാണെന്നും പറയപ്പെടുന്നു.

2024 ല്‍ ഭാരതരത്‌നം ലഭിച്ചിരിക്കുന്നത് മുൻ ബിഹാർ മുഖ്യമന്ത്രി കര്‍പ്പൂരി ഠാക്കൂറിനാണ്. കര്‍പ്പൂരി ഠാക്കൂറിന്റെ മരണത്തിന് ഏകദേശം മൂന്നര പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഭാരതരത്‌നം നല്‍കി ആദരിച്ചത്. ബിഹാറിലെ ആദ്യത്തെ കോണ്‍ഗ്രസ് ഇതര മുഖ്യമന്ത്രിയും ബിഹാറിലെ പിന്നോക്ക വിഭാഗത്തിനുവേണ്ടി പ്രയത്നിച്ച വ്യക്തിയുമാണ് കർപ്പൂരി ഠാക്കൂര്‍. 1970 ഡിസംബര്‍ മുതല്‍ 1971 ജൂണ്‍ വരെയും പിന്നീട്‌ 1977 ഡിസംബര്‍ മുതല്‍ 1979 ഏപ്രില്‍ വരെയും ബിഹാറിന്റെ മുഖ്യമന്ത്രിയായിരുന്നു.

കര്‍പ്പൂരി ഠാക്കൂർ Screen-grab, Copyrights: Business Today

1950 കളില്‍ ജാതികളും ഉപജാതികളും സംവരണവും ബിഹാർ രാഷ്ട്രീയത്തിലെ നിർണായക ഘടകങ്ങളായിരുന്നു. ഠാക്കൂർ ആദ്യമായി പിന്നാക്കസംവരണം പ്രധാനവിഷയമായി 1967-ലെ തെരഞ്ഞെടുപ്പിൽ ഉയർത്തി. 1967 മാർച്ച് മുതൽ 1968 ജനുവരി വരെ ഠാക്കൂർ വിദ്യാഭ്യാസമന്ത്രിയായിരുന്നു.

ഠാക്കൂർ വിദ്യാഭ്യാസമന്ത്രിയായിരുന്ന കാലത്ത് മെട്രിക്കുലേഷൻ പരീക്ഷകൾക്ക് ഇംഗ്ലീഷ് നിർബന്ധമാണെന്ന ഉത്തരവ് റദ്ദാക്കിയതും ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസിലെ കുട്ടികളുടെ സ്‌കൂൾ ഫീസ് പൂർണമായും ഒഴിവാക്കിയതും സംസ്ഥാനത്ത്‌ വലിയ മാറ്റങ്ങളാണ് സൃഷിടിച്ചിരുന്നത്.

സര്‍ക്കാര്‍ സേവനങ്ങളില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് തുല്യ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് സംവരണത്തിനായി കര്‍പ്പൂരി ഠാക്കൂര്‍ ഫോര്‍മുല‘ അവതരിപ്പിച്ചു. ബിഹാർ സർക്കാർ 1970 ൽ രൂപീകരിച്ച മുൻഗേരി ലാൽ കമ്മീഷന്‍റെ ഭാഗമാണ് കര്‍പ്പൂരി ഠാക്കൂര്‍ ഫോര്‍മുല. 

1978ൽ ബിഹാർ മുഖ്യമന്ത്രിയായിരിക്കെ ഠാക്കൂര്‍ ബീഹാറില്‍ പിന്നോക്ക വിഭാഗങ്ങള്‍ക്കായി 26% സംവരണം നടപ്പാക്കി. 12% മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക്, 8% സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഒബിസികൾക്ക്, 3% സ്ത്രീകൾക്ക്, 3% ഉന്നത ജാതികളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് എന്നിങ്ങനെയാണ് സംവരണം അനുവദിച്ച് നൽകിയത്.

ഠാക്കൂർ തന്റെ സംവരണനയം നടപ്പാക്കിയപ്പോൾ ഏറ്റവും ശക്തമായി എതിർത്തത് സംഘപരിവാറാണ്. ഠാക്കൂറിന്റെ തത്ത്വചിന്തയോട് ഇതുവരെ ശത്രുത പുലര്‍ത്തിയിരുന്ന ബിജെപിയാണ് ഠാക്കൂറിന് മരണാനന്തരം ഭാരതരത്‌നം പ്രഖ്യാപിച്ചത് എന്നത് ഏറെ അതിശയിപ്പിക്കുന്നതാണ്.

ഠാക്കൂർ ഈ സംവരണം നടപ്പിലാക്കിയതോടെ കൂട്ടുകക്ഷിയായിരുന്ന ജനസംഘം (ഇന്നത്തെ ബിജെപി) ശക്തമായ പ്രതിഷേധം ഉയര്‍ത്തുകയും അത്  1979ലെ ഠാക്കൂർ സർക്കാരിനെ വീഴ്ത്തുകയും ചെയ്തു. 

ജനസംഘം എംഎല്‍എമാര്‍ ബിഹാറിന്റെ തെരുവുകളില്‍ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ത്തി. “ഈ സംവരണം എവിടെ നിന്ന് വന്നു? കർപ്പൂരിയുടെ അമ്മയാണ് അതിനെ പ്രസവിച്ചത്.” എന്ന മുദ്രാവാക്യമാണ് ആർഎസ്എസ് വിഭാഗം ഉയര്‍ത്തിയത്. മുദ്രാവാക്യം ഉയര്‍ത്തിയതില്‍ കൂടുതലും ഉന്നത ജാതിയിൽ നിന്നുള്ളവരായിരുന്നു.

സംഘപരിവാർ അക്രമാസക്തരാവുകയും പലയിടത്തും പിന്നോക്ക ജാതിക്കാർക്കെതിരെ ഉയര്‍ന്ന ജാതിക്കാരെ വിടുകയും അത് രക്തരൂക്ഷിതമായ ആക്രമണങ്ങളിലേക്ക് നീങ്ങുകയും ചെയ്തു. 

പിന്നാക്ക വിഭാഗങ്ങളുടെ അവകാശവും വികസനവും ഉറപ്പാക്കുന്നതിന് പ്രവര്‍ത്തിച്ച ഠാക്കൂറിന് ഭാരതരത്‌നം നൽകണമെന്ന് ബിഹാറിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികളായ ആർജെഡിയും ജെഡിയുവും നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് വേളയില്‍ ഠാക്കൂറിന് ഭാരതരത്‌നം നല്‍കിയതില്‍ മോദി സര്‍ക്കാരിന്റെ രാഷ്ട്രീയ ഇടപെടലുകളുണ്ട്. രാമക്ഷേത്രം എന്ന ആയുധത്തിന് ശേഷം ബിജെപി പുറത്തെടുത്ത മറ്റൊരു ആയുധമായിരുന്നു ഠാക്കൂറിന് മരണാന്തര ബഹുമതിയായി ഭാരതരത്നം നല്‍കിയത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുന്ന സമയത്ത് മോദി സര്‍ക്കാരിന്റെ ഈ നീക്കം വോട്ട് ലഭിക്കുന്നതിന് വേണ്ടിയാണെന്ന് മനസിലാക്കാം. ഠാക്കൂറിന്‍റെ രാഷ്ട്രീയ പാരമ്പര്യം സ്വയം ഏറ്റെടുക്കുന്നതിലൂടെ ബിഹാറിലെയും മറ്റിടങ്ങളിലെയും ഒബിസികളില്‍ നിന്നുള്ള വോട്ടുകള്‍ നേടാന്‍ ഇതിന് സാധ്യമാകും.

ഇതിനോടൊപ്പം തന്നെ ചേര്‍ത്തുവയ്ക്കപ്പെടേണ്ടതാണ് ബിഹാര്‍ മുഖ്യമന്ത്രിയായ നിതീഷ് കുമാറിനെ ലക്ഷ്യം വെച്ചുകൊണ്ടുള്ള സൗഹൃദം. തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വിജയം കൈവരിക്കുന്നതിനായുള്ള ചുവടുവെപ്പാണ് ഓരോ നീക്കങ്ങളും.

തെരഞ്ഞെടുപ്പില്‍ അയോധ്യ രാമക്ഷേത്രവും ഹിന്ദുത്വവും തുറുപ്പു ചീട്ടായിട്ടാണ് ബിജെപി പ്രയോഗിക്കുന്നത്. എതിര്‍ വിഭാഗം ഇതിനെ മാറിക്കടക്കാന്‍ ജാതി സെന്‍സസ് പ്രചാരണ വിഷയമാക്കുമ്പോഴാണ് മോദി സര്‍ക്കാര്‍ ഭാരതരത്നം പ്രഖ്യാപിച്ചുകൊണ്ട് പിന്നാക്ക വിഭാഗങ്ങള്‍ക്കിടയില്‍ ശക്തമാകാന്‍ ശ്രമിക്കുന്നത്.

തെരഞ്ഞെടുപ്പിന് മുന്‍പായി പ്രതിപക്ഷം ഉയര്‍ത്തുന്ന ആയുധങ്ങള്‍ ഇല്ലാതാക്കുകയും ഒപ്പംതന്നെ കൂടുതല്‍ ആളുകളുടെ പിന്തുണ കൊണ്ടുവരാനും ബിജെപി സര്‍ക്കാര്‍  നടത്തുന്ന ജാതി രാഷ്ട്രീയ നീക്കമാണ്.

FAQs

എന്താണ് ഭാരതരത്നം?

റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയാണ് ഭാരതരത്നം. കല, സാഹിത്യം, ശാസ്ത്രം, പൊതുജനസേവനം, കായികം തുടങ്ങിയവയിൽ അസാധാരണമായ സേവനമോ പ്രകടനമോ നിർവ്വഹിക്കുന്നവർക്കാണ് ഈ ബഹുമതി നൽകുന്നത്. 1954 മുതൽ ഈ അവാർഡ് നൽകിയത്. ഭാരതരത്നം ലഭിക്കുന്നവർ ഇന്ത്യൻ പൗരന്മാരായിരിക്കണമെന്ന ഔപചാരിക വ്യവസ്ഥയില്ല.

ആരാണ് ലാൽ ബഹാദൂർ ശാസ്ത്രി?

ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രിയാണ് ലാൽ ബഹാദൂർ ശാസ്ത്രി. ഏകദേശം പതിനെട്ട് മാസക്കാലമാണ് ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നത്.

എന്താണ് ജനസംഘം?

രാഷ്ട്രീയ സ്വയംസേവക സംഘം (ആർഎസ്എസ്) എന്ന ദേശീയ സംഘടനയുടെ രാഷ്ട്രീയമുഖമായി 1951 മുതൽ 1977 വരെ നിലനിന്ന ഇന്ത്യൻ രാഷ്ട്രീയ കക്ഷിയാണ്‌ ഭാരതീയ ജനസംഘം. 1951 ഒക്ടോബർ 21ന് ശ്യാമ പ്രസാദ് മുഖർജിയുടെ നേതൃത്വത്തിലാണ് ഇത് സ്ഥാപിതമായത്.

Quotes

ഇന്നിനെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കിയാൽ അത് നാളെയെക്കുറിച്ചറിയാനുള്ള വഴിയായി, ഇന്നത്തെ കാര്യം മെച്ചപ്പെടുത്താൻ നോക്കൂ, അത് നിങ്ങളുടെ നാളേയ്ക്ക് ഗുണം ചെയ്യും – പൗലോ കൊയ്‌ലോ