Sun. Dec 22nd, 2024

ബാബരി മസ്ജിദ് കേസില്‍ സുപ്രീംകോടതിയുടെ അന്തിമ വിധി വന്നത് 2019 നവംബർ 9നാണ്. കോടതി വിധി പ്രകാരം തർക്ക സ്ഥലത്ത് രാമക്ഷേത്രം പണിയാനും സുന്നി വഖഫ് ബോർഡിന് അയോധ്യയില്‍ പള്ളി നിർമ്മിക്കാനായി അഞ്ച് ഏക്കറും നല്‍കി. അയോധ്യയില്‍ നിന്നും 25 കിലോമീറ്റര്‍ ദൂരെയുള്ള ധനിപുർ എന്ന സ്ഥലത്താണ് പള്ളി നിര്‍മ്മിക്കാനായി സ്ഥലം നല്‍കിയത്.

കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പള്ളിയുടെ നിര്‍മ്മാണത്തിനായി ഇന്തോ ഇസ്‍ലാമിക് കൾച്ചറൽ ഫൗണ്ടേഷന്‍ (ഐഐസിഎഫ്) എന്ന ട്രസ്റ്റിനെയാണ് ഏല്‍പ്പിച്ചത്. 2020 ജൂലായിലാണ് 15 അംഗങ്ങളുള്ള ട്രസ്റ്റ്‌ രൂപീകരിക്കുന്നത്.

ട്രസ്റ്റ്‌ രൂപീകരിച്ചിട്ടും 2024 ആയിട്ടും അയോധ്യയില്‍ പള്ളിയുടെ നിര്‍മാണം ആരംഭിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മുസ്ലിം പള്ളി നിര്‍മിക്കുന്നതിനായി നല്‍കിയ സ്ഥലം നിര്‍മ്മാണങ്ങളൊന്നും നടക്കാതെ പുല്ലുപിടിച്ചിരിക്കുന്ന അവസ്ഥയിലാണ് ഉള്ളത്. നിലവിൽ സ്ഥലത്ത് ഒരു ദര്‍ഗ സ്ഥിതി ചെയ്യുന്നുണ്ട്.

പുതിയ മസ്ജിദ് പണിയുന്നതിന് ധനിപുരില്‍ നൽകിയ സ്ഥലം Screen-grab, Copyrights: The Print

പള്ളിയുടെ പേരിലും ഡിസൈനിലും നിരവധി ആശയങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. ബാബരി മസ്ജിദ്, മസ്ജിദ് അയോധ്യ എന്ന പേരുകളും നിര്‍ദേശങ്ങളില്‍ ഉണ്ടായിരുന്നു. ഏറ്റവും അവസാനമായി മുഹമ്മദ് നബിയുടെ പേരിൽ നിന്ന് ‘മുഹമ്മദ്‌ ബിന്‍ അബ്ദുല്ല’ എന്ന പേര് നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. അഞ്ച് മിനാരങ്ങളുള്ള പള്ളിയായിരിക്കും പണിയുക എന്നും കഴിഞ്ഞ വര്‍ഷം ഇന്തോ ഇസ്‍ലാമിക് കൾച്ചറൽ ഫൗണ്ടേഷന്‍ അറിയിച്ചു.

പള്ളിയുടെ കോംപൗണ്ടില്‍ തന്നെ സമൂഹ അടുക്കള, ആശുപത്രി, ലൈബ്രറി എന്നിവയും നിര്‍മ്മിക്കുമെന്നാണ് ഇന്തോ ഇസ്‍ലാമിക് കൾച്ചറൽ ഫൗണ്ടേഷന്‍ അറിയിച്ചിരുന്നത്. ദുബായില്‍ ഉള്ളതിനേക്കാള്‍ വലിയ അക്വേറിയവും ലോകത്തിലെ ഏറ്റവും വലിയ ഖുറാനും ഇവിടെ സ്ഥാപിക്കുമെന്നാണ് ട്രസ്റ്റ്‌ വ്യക്തമാക്കുന്നത്.

“അഞ്ച് മിനാരങ്ങളുള്ള ഇന്ത്യയിലെ ആദ്യത്തെ പള്ളിയായിരിക്കും ഇത്. അഞ്ച് മിനാരങ്ങള്‍ അഞ്ച് ഇസ്ലാമിക കാര്യങ്ങളെ പ്രതിനിധീകരിക്കും” എന്ന് പള്ളി നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ ഷാജി അറഫത്ത് ഷെയിക് വ്യക്തമാക്കി.

പുതിയ പള്ളിയുടെ മാതൃക Screen-grab, Copyrights: NDTV

പള്ളി പൂര്‍ത്തിയാക്കുന്നതിനായി ട്രസ്റ്റ്‌ കണക്കാക്കുന്നത് 300 കോടി രൂപയാണ്. എന്നാല്‍ 40 ലക്ഷം രൂപ മാത്രമാണ് പിരിച്ചു കിട്ടിയിരിക്കുന്നത്. പണം പ്രശ്നമായതുകൊണ്ട് തന്നെ ഫെബ്രുവരിയില്‍ ധനസമാഹരണം ആരംഭിക്കും.

“പണം ഇല്ലാത്തതുകൊണ്ടാണ് കാലതാമസം. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാനുള്ള തയ്യാറെടുപ്പ് നേരത്തെ തുടങ്ങിയതാണ്. 2019 ലെ കോടതി വിധി വന്നതിനു ശേഷമാണ് പള്ളി പണിയുന്നതിനെ കുറിച്ച് ഞങ്ങള്‍ ആലോചിക്കുന്നത്. സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണമെന്നുണ്ടായിരുന്നു. അതുകൊണ്ടാണ് ആശുപത്രി പദ്ധതിയുടെ ഭാഗമായത്” എന്ന് ട്രസ്റ്റ് സെക്രട്ടറി അതര്‍ ഹുസൈന്‍ വ്യക്തമാക്കുന്നു.

പള്ളിയുടെ നിര്‍മാണം മെയ് മാസത്തില്‍ തുടങ്ങുമെന്നും പണി പൂര്‍ത്തിയാകുന്നതിന് മൂന്നു നാലു വര്‍ഷം വരെ എടുക്കുമെന്നും ട്രസ്റ്റ്‌ കമ്മിറ്റി പറയുന്നു. രാമക്ഷേത്രത്തിനു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നത് പോലെ പള്ളിയുടെ കാര്യത്തിലും ഇടപെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രസ്റ്റ്‌ ഭാരവാഹികള്‍ പറയുന്നുണ്ട്.

അയോധ്യയില്‍ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങ് നടന്നപ്പോള്‍ അയോധ്യയുടെ മറ്റൊരു വശത്ത് പള്ളി നിര്‍മിക്കാന്‍ ട്രസ്റ്റ് പണം സ്വരൂപിക്കുകയാണ്.