സമൂഹത്തിലെ താഴെ തട്ടിലുള്ള ജാതിയില്‍ ഉള്‍പ്പെട്ട ആളുകളെ കൊണ്ടാണ് രാജ്യത്ത് തോട്ടിപ്പണി ചെയ്യിപ്പിക്കുന്നത്
ഇന്ത്യയില്‍ തോട്ടിപ്പണി നിരോധിച്ചെങ്കിലും ഇപ്പോഴും പലയിടങ്ങളിലും തോട്ടിപ്പണി ചെയ്യുന്നവരെ കാണാന്‍ സാധ്യമാണ്. 1993 ലാണ് ഇന്ത്യയില്‍ തോട്ടിപ്പണി നിരോധിച്ചു കൊണ്ട് നിയമം നടപ്പാക്കുന്നത്. പിന്നീട് പല വര്‍ഷങ്ങളിലായി നിയമം പൂര്‍ണമായും നടപ്പാക്കുന്നതിന് പല ഭേദഗതികളുമുണ്ടായിട്ടുണ്ട്. എന്നിട്ടും തോട്ടിപ്പണി നിരോധിക്കാന്‍ സാധ്യമായിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. രാജ്യത്ത് ഇപ്പോഴും തോട്ടിപ്പണി നടക്കുന്നുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവ്.
കര്‍ണാടകയിലെ കോലാറിലെ മാലൂരിൽ സർക്കാർ റസിഡൻഷ്യൽ സ്കൂളിൽ പട്ടികജാതി വിദ്യാര്‍ത്ഥികളെ കൊണ്ട് കക്കൂസ് മാലിന്യം കോരിച്ച സംഭവത്തിന്റെ പശ്ചാതലത്തിലായിരുന്നു കോടതി വിധി. സംഭവത്തില്‍ കർണാടക ഹൈക്കോടതി സ്വമേധയാ പൊതുതാൽപര്യ ഹർജി രജിസ്റ്റർ ചെയ്തു. നമ്മൾ ചന്ദ്രനില്‍ എത്തിയിട്ടും നമ്മുടെ സഹോദരങ്ങളോട് നന്നായി പെരുമാറാന്‍ കഴിയില്ലേ എന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
കര്‍ണാടകയില്‍ മനുഷ്യരെ കൊണ്ട് തോട്ടിപ്പണിയെടുപ്പിക്കുന്ന സംഭവങ്ങള്‍ കൂടുതലായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് ബെംഗളുരുവിലാണ്. 2019 മുതല്‍ 2023 വരെയുള്ള കാലയളവില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 57 കേസുകളാണ്. അതില്‍ 40 എണ്ണവും ബെംഗളുരുവിലാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
തോട്ടിപ്പണി നിരോധിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് പല നിയമങ്ങളും ഇന്ത്യയില്‍ നിലവില്‍ വന്നിട്ടുണ്ട്. 1955-ലെ പൗരാവകാശ സംരക്ഷണ നിയമപ്രകാരം ഇന്ത്യയില്‍ തോട്ടിപ്പണി ചെയ്യാന്‍ ആരെയെങ്കിലും നിര്‍ബന്ധിക്കുന്നത് നിയമ വിരുദ്ധമാണ്. Employment of Manual Scavengers and Construction of Dry Latrines (Prohibition) Act, 1993 പ്രകാരം തോട്ടിപ്പണിക്ക് നിര്‍ബന്ധിപ്പിക്കുന്നതിന് പിഴയും തടവുശിക്ഷയും ലഭിക്കാവുന്നതാണ്. നിയമങ്ങള്‍ പലപ്പോഴായും വന്നിട്ടുണ്ടെങ്കിലും അവ എത്രത്തോളം നടപ്പിലാക്കുന്നുണ്ടെന്ന് ശിക്ഷ ലഭിച്ചവരുടെ കണക്കെടുത്താല്‍ മനസിലാകും.
അന്നുവരെ ഉണ്ടായ നിയമം പര്യാപ്തമല്ല എന്ന് മനസിലാക്കി കൊണ്ട് 2013 ല്‍ മാനുവല്‍ തോട്ടിപ്പണി നിരോധിച്ചുക്കൊണ്ട് പാര്‍ലമെന്റ് വീണ്ടും നിയമം പാസാക്കി. അധികാരികള്‍ നിയമം നടപ്പാക്കുന്നതില്‍ വരുത്തിയ വീഴ്ചയും തോട്ടിപ്പണി ചെയ്യിപ്പിക്കുന്നതിനെതിരെ പരാതികളോ കേസുകളോ നല്‍കാത്തതുമാണ് ഈ നിയമം പരിഷ്കരിക്കാന്‍ കാരണം. സെപ്റ്റിക് ടാങ്കുകളും ഓടകളും വൃത്തിയാക്കുന്നത് തോട്ടിപ്പണിയില്‍ ഉള്‍പ്പെടുത്തികൊണ്ടാണ് നിയമം പരിഷ്കരിച്ചത്. കൂടാതെ തോട്ടിപ്പണി ചെയ്യുന്നവരുടെ പുനരധിവാസത്തിനുള്ള നിയമനിര്‍മാണം നടത്തുകയുമുണ്ടായി.
സമൂഹത്തിലെ താഴെ തട്ടിലുള്ള ജാതിയില്‍ ഉള്‍പ്പെട്ട ആളുകളെ കൊണ്ടാണ് രാജ്യത്ത് തോട്ടിപ്പണി ചെയ്യിപ്പിക്കുന്നത്. തോട്ടിപ്പണിക്ക് യന്ത്രങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും ആളുകള്‍ നേരിട്ട് ഈ തൊഴില്‍ ചെയ്യുന്നത് ഇപ്പോഴും തുടരാന്‍ കാരണം രാജ്യത്തെ ജാതി വ്യവസ്ഥയാണ്. ഈ ജാതി ശ്രേണി നിലനില്‍ക്കണമെന്ന് ചിന്തിക്കുന്ന സമൂഹമാണ് മനുഷ്യരെ കൊണ്ട് തോട്ടിപ്പണി ചെയ്യിപ്പിക്കുന്നത്. കടുത്ത അവഗണന നേരിടുന്ന ജാതി നിലനില്‍ക്കുന്നതുകൊണ്ടാണ് തോട്ടിപ്പണി തലമുറകളായി കൈമാറാന്‍ ഇവര്‍ നിര്‍ബന്ധിതരാകുന്നു.
തോട്ടിപ്പണി നിരോധിക്കുന്നതില്‍ കേന്ദ്രങ്ങള്‍ക്കും സംസ്ഥാനങ്ങള്‍ക്കും കര്‍ശന നിര്‍ദേശവുമായി സുപ്രീംകോടതി രംഗത്തെത്തിയിരുന്നു. മനുഷ്യന്റെ അന്തസ് നിലനിര്‍ത്തുന്നതിനായി തോട്ടിപ്പണി സമ്പ്രദായം ഉന്മൂലനം ചെയ്യാന്‍ സര്‍ക്കാരുകള്‍ക്ക് ബാധ്യതയുണ്ടെന്നാണ് ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട് വ്യക്തമാക്കിയിരുന്നത്.
സാമൂഹ്യ നീതി-വികസന മന്ത്രാലയത്തിന്റെ സർവേ പ്രകാരം 58,089 തോട്ടിപ്പണിക്കാരെ രാജ്യവ്യാപകമായി കണ്ടെത്തിയിട്ടുണ്ട്. ഈ ബജറ്റിൽ തോട്ടിപ്പണിക്കാരെ പുനരധിവസിപ്പിക്കുന്നതിന് നിലവിലുണ്ടായിരുന്ന സ്‌കീം എടുത്തുകളഞ്ഞു എന്നതാണ് ഖേദകരമായ വസ്തുത. നിയമം നടപ്പിലാക്കുന്നതില്‍ ഉണ്ടാകുന്ന വീഴ്ചയും സാമ്പത്തിക കാരണങ്ങളുമാണ് ഇന്ത്യയില്‍ തോട്ടിപ്പണി തുടരാന്‍ കാരണമെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടും വ്യക്തമാക്കുന്നു.
സുരക്ഷാസന്നാഹങ്ങളൊന്നും ഇല്ലാതെ ഓടകളും സെപ്റ്റിക് ടാങ്കുകളും വൃത്തിയാക്കുന്നത് ശുചീകരണ ജോലികളില്‍ ഏര്‍പ്പെടുന്നവരെ മരണത്തിലേക്ക് നയിക്കാവുന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വരെ കാരണമാകുന്നു. ഈ ആരോഗ്യ പ്രശ്നങ്ങള്‍ ഇവരെ വിട്ടുപോകാതെ ജീവിതകാലം മുഴുവന്‍ വേട്ടയാടുന്നു.
ശുചീകരണത്തൊഴിലാളികളുടെ ഉപയോഗത്തിനായി കേന്ദ്രം തയ്യാറാക്കിയ പട്ടികയില്‍ 43 തരം സുരക്ഷാ ഉപകരണങ്ങളാണ് ഉള്ളത്. എന്നാല്‍ ഒന്നുപോലും പലപ്പോഴും ഇവര്‍ക്ക് ലഭിക്കാറില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ശുചീകരണത്തിന് ഇറങ്ങുമ്പോള്‍ കൈയുറകളും മാസ്കും ധരിക്കാത്തവരുമുണ്ട്.
ഓടകളും സെപ്റ്റിക് ടാങ്കുകളും വൃത്തിയാക്കുന്നതിന്റെ ഇടയില്‍ മരണം സംഭവിച്ചിട്ടുള്ളവരും നിരവധിയാണ്. 2017 ലെ നാഷണല്‍ കമ്മിഷന്‍ ഫോര്‍ സഫായ് കരംചാരീസ് (എന്‍സിഎസ്കെ) റിപ്പോര്‍ട്ടുപ്രകാരം 123 പേര്‍ ശുചീകരണത്തിനിടെ മരണപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ഇന്ത്യയിൽ അഴുക്കുചാലുകളും സെപ്റ്റിക് ടാങ്കുകളും വൃത്തിയാക്കുന്നതിനിടെ 347 പേർ മരിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഏറ്റവുമധികം മരണം സംഭവിച്ചത് യുപി, തമിഴ്‌നാട്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ്.
തോട്ടിപ്പണി നിര്‍ത്തലാക്കാന്‍ ഈ മേഖലയിലെ യന്ത്രവല്‍ക്കരണത്തിനെ സാധ്യമാകു. യന്ത്രവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി നമസ്‌തേ (നാഷണൽ ആക്ഷൻ ഫോർ മെക്കനൈസ്ഡ് സാനിറ്റേഷൻ ഇക്കോസിസ്റ്റം) എന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെയും (MoHUA) സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയത്തിന്റെയും (MoSJE) സംയുക്തസംരംഭമെന്ന നിലയില്‍ MoSJEയുടെ കേന്ദ്ര മേഖല പദ്ധതിയാണിത്.
ശുചീകരണത്തൊഴിലാളികളുടെ സുരക്ഷയും അന്തസ്സും ഉയര്‍ത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. 2022-23 മുതല്‍ 2025-26 വരെയുള്ള നാലുവര്‍ഷത്തേക്ക് 360 കോടി വകയിരുത്തിയാണ് ഈ പദ്ധതിക്ക് അംഗീകാരം ലഭിച്ചത്. ഈ പദ്ധതി നടപ്പിലാക്കുന്നുണ്ടെങ്കിലും ആളുകളെ ഉപയോഗിച്ചുകൊണ്ടുള്ള തോട്ടിപ്പണി തുടരുന്നുണ്ടെന്നാണ് കര്‍ണാടകയിലെ സംഭവം വ്യക്തമാക്കുന്നത്.
FAQs
എന്താണ് മാനുവല്‍ തോട്ടിപ്പണി?
അഴുക്കുചാലുകളും സെപ്റ്റിക് ടാങ്കുകളും മനുഷ്യൻ തന്നെ കുഴികളിൽ ഇറങ്ങി ചെന്ന് വൃത്തിയാക്കുന്നു. സാധാരണയായി ബക്കറ്റുകൾ, ചൂലുകൾ തുടങ്ങിയ കൈ ഉപകരണങ്ങൾ ഉപയോഗിച്ച് കൊണ്ടാണ് വൃത്തിയാക്കുന്നത്.
എന്താണ് തോട്ടിപ്പണി നിരോധിത നിയമം?
യന്ത്രങ്ങൾ ഉപയോഗിക്കാതെ മനുഷ്യനെ കൊണ്ടുതന്നെ അഴുക്കുചാലുകളും സെപ്റ്റിക് ടാങ്കുകളും വൃത്തിയാക്കുന്നത് നിർത്തലാക്കുന്നതിനുള്ള നിയമമാണിത്. തോട്ടിപ്പണിക്കാരെയും അവരുടെ കുടുംബങ്ങളെയും പുനരധിവസിപ്പിക്കുന്നതിനുമുള്ള നിയമം കൂടിയാണിത്.
Quotes
ജാതി വ്യവസ്ഥയുടെ അടിസ്ഥാനത്തിലുള്ള മത സങ്കൽപ്പങ്ങളെ ഉന്മൂലനം ചെയ്യാതെ ജാതിയെ തകർക്കാൻ സാധ്യമല്ല – ഡോ. ബി ആർ അംബേദ്കർ