Wed. Jul 24th, 2024

ബിൽക്കിസിൻ്റെ മൂന്നര വയസുമാത്രം പ്രായമുള്ള കുഞ്ഞിനെ നിലത്തടിച്ച് കൊലപ്പെടുത്തി.ആക്രമണത്തിൽ 17 അംഗ കുടുംബത്തിലെ എട്ട് പേർ ക്രൂരമായി കൊല്ലപ്പെടുകയും ആറ് പേരെ കാണാതാവുകയും ചെയ്തു.ആക്രമണത്തിനിരയാകുമ്പോൾ ബിൽക്കിസ് ബാനു അന്ന്  അഞ്ച് മാസം ഗർഭിണിയായിരുന്നു. കുട്ടിക്കാലം മുതലേ അടുത്തറിയാവുന്നവർ തന്നെയാണ് ബിൽക്കിസ് ബാനുവിനെ ആക്രമിച്ചത്. അവർ ചാച്ച എന്ന് വിളിച്ചിരുന്ന വൃദ്ധൻ മുതൽ അച്ഛനെ ചികിത്സിച്ചിരുന്ന വൈദ്യൻ വരെ അക്കൂട്ടത്തിലുണ്ടായിരുന്നു


ബിൽക്കിസ് ബാനു കൂട്ട ബലാത്സംഗക്കേസിൽ പ്രതികൾക്ക് ശിക്ഷ ഇളവ് ചെയ്ത് വിട്ടയച്ച ഗുജറാത്ത് സർക്കാരിൻ്റെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. 56 മിനിട്ട് നീണ്ട വിധിപ്രസ്താവനയിൽ ഗുജറാത്ത് സർക്കാരിൻ്റെ നടപടിയെ രൂക്ഷമായി വിമർശിച്ച സുപ്രീംകോടതി, സർക്കാർ നടത്തിയത് അധികാരദുർവിനിയോഗമാണെന്നും പ്രതികൾ കോടതിയെ കബളിപ്പിച്ചുവെന്നും ചൂണ്ടിക്കാട്ടി. 

കേസിൻ്റെ വിചാരണ നടന്നത് മഹാരാഷ്ട്രയിലായതിനാൽ പ്രതികളുടെ ശിക്ഷയിൽ ഇളവ് വരുത്താനോ വിട്ടയക്കാനോ ഉള്ള അധികാരം ഗുജറാത്ത് സർക്കാരിനില്ലെന്ന് ജസ്റ്റിസ് ബി വി നാഗരത്ന, ഉജ്ജ്വൽ ഭുയൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ബിൽക്കിസ് ബാനു നൽകിയ ഹർജി നിലനിൽക്കുന്നതാണെന്ന് പറഞ്ഞ കോടതി തങ്ങളുടെ സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ അപേക്ഷ നിരസിക്കുകയും രണ്ടാഴ്ചക്കകം കീഴടങ്ങണമെന്ന് നിർദേശിക്കുകയും ചെയ്തു. 

ബിൽക്കിസ് ബാനു Screen-grab, Copyrights: Hindustan Times

2022 മെയ് 13ന് ഇളവ് അനുവദിക്കാൻ ഗുജറാത്ത് സർക്കാരിനോട് നിർദേശിച്ച സുപ്രീംകോടതി ഉത്തരവും അസാധുവാക്കി. സുപ്രീംകോടതിയുടെ മുൻ ഉത്തരവിൽ പിഴവുണ്ടെന്ന് മനസിലായിട്ടും പുനപരിശോധന ഹർജി നൽകാതെ, സംസ്ഥാന സർക്കാർ പ്രതികളുമായി ഒത്തുകളിച്ചുവെന്ന് കുറ്റപ്പെടുത്തിക്കൊണ്ടാണ് ഉത്തരവ് അസാധുവാക്കിയത്. 

2022 ഓഗസ്റ്റ് 15നാണ് ബിൽക്കിസ് ബാനു കേസിൽ ജീവപര്യന്തം തടവിന് വിധിച്ച 11 പ്രതികളെയും ഗുജറാത്ത് സർക്കാർ വെറുതെ വിട്ടത്. 15 വർഷത്തിലേറെയായി ജയിലിൽ കഴിഞ്ഞെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാർ നടപടി. 

2002ലെ ഗുജറാത്ത് കലാപത്തിൻ്റെ തീവ്രതയോടൊപ്പം എപ്പോഴും കൂട്ടിവായിക്കുന്ന പേരാണ് ബിൽക്കിസ് ബാനുവിൻ്റേത്. ഗുജറാത്തിലെ രാധിക്പൂർ നിവാസിയായിരുന്ന 21 വയസുകാരിക്ക് നേരിടേണ്ടി വന്നത് കനത്ത ക്രൂരതയാണ്.

2002 ഫെബ്രുവരി 17ന് അയോധ്യയിൽ നിന്ന് മടങ്ങുകയായിരുന്ന 59 കർസേവകർ സഞ്ചരിച്ചിരുന്ന സബർമതി എക്സ്പ്രസ് ഗോധ്ര റെയിൽവേ സ്റ്റേഷനിൽ വെച്ച് അഗ്നിക്കിരയാക്കപ്പെട്ടതിനെ തുടർന്നാണ് ഗുജറാത്ത് കലാപമുണ്ടായത്.സംഘപരിവാർ പ്രവർത്തകർ മുസ്ലിങ്ങളെ അതിക്രൂരമായി കൊലപ്പെടുത്താൻ തുടങ്ങി.

രാധിക്പൂറിൽ നിന്നും ചപ്പാർവഡ് ഗ്രാമത്തിലേക്ക് പലായനം ചെയ്തെത്തിയ ബിൽക്കിസ് ബാനുവിൻ്റെ കുടുംബത്തിനും കലാപകാരികളിൽ നിന്ന് രക്ഷപ്പെടാനായില്ല. ആയുധങ്ങളുമായെത്തിയ അക്രമകാരികൾ കുടുംബാംഗങ്ങളെ ക്രൂരമായി മർദ്ദിക്കുകയും ബിൽക്കിസ് ബാനു ഉൾപ്പെടെ കുടുംബത്തിലുള്ള നിരവധി സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്തു.

ബിൽക്കിസിൻ്റെ മൂന്നര വയസുമാത്രം പ്രായമുള്ള കുഞ്ഞിനെ നിലത്തടിച്ച് കൊലപ്പെടുത്തി. ആക്രമണത്തിൽ 17 അംഗ കുടുംബത്തിലെ എട്ട് പേർ ക്രൂരമായി കൊല്ലപ്പെടുകയും ആറ് പേരെ കാണാതാവുകയും ചെയ്തു. 

ആക്രമണത്തിനിരയാകുമ്പോൾ ബിൽക്കിസ് ബാനു അന്ന്  അഞ്ച് മാസം ഗർഭിണിയായിരുന്നു. കുട്ടിക്കാലം മുതലേ അടുത്തറിയാവുന്നവർ തന്നെയാണ് ബിൽക്കിസ് ബാനുവിനെ ആക്രമിച്ചത്. അവർ ചാച്ച എന്ന് വിളിച്ചിരുന്ന വൃദ്ധൻ മുതൽ അച്ഛനെ ചികിത്സിച്ചിരുന്ന വൈദ്യൻ വരെ അക്കൂട്ടത്തിലുണ്ടായിരുന്നു.

ഏകദേശം മൂന്ന് മണിക്കൂറോളം മൃതദേഹങ്ങൾക്കിടയിൽ അബോധാവസ്ഥയിൽ കിടന്ന ബിൽക്കിസ് ബോധം വന്ന ശേഷം ഒരു ആദിവാസി സ്ത്രീ നൽകിയ വസ്ത്രം ധരിച്ച് പോലീസ് സ്റ്റേഷനിലെത്തി തന്നെ ആക്രമിച്ചവർക്കെതിരെ പരാതി നൽകി. എന്നാൽ സോമഭായ് ഗോരി എന്ന പോലീസുകാരൻ പരാതി സ്വീകരിച്ചില്ല. 

ഗോധ്ര ദുരിതാശ്വാസ ക്യാമ്പിലെത്തിയതിനുശേഷമാണ് ബിൽക്കിസ് വൈദ്യപരിശോധനക്ക് വിധേയയായത്. ശേഷം എഫ്ഐആർ രജിസ്റ്റർ ചെയ്തുവെങ്കിലും പ്രധാനപ്പെട്ട വിവരങ്ങൾ അതിൽ ഉൾപ്പെടുത്തിയിരുന്നില്ല. 

കേസിൽ പുരോഗതിയില്ലാതെ വന്നതോടെ ബിൽക്കിസ് ബാനു മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുകയും തുടർന്ന് സുപ്രീം കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു. പോലീസ് ഉദ്യോഗസ്ഥരും ഡോക്ടർമാരുമടക്കം 19 പേർക്കെതിരെ സിബിഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.

കൊലപാതകം, നിയമവിരുദ്ധമായ കൂടിച്ചേരൽ, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി 2008 ജനുവരിയിൽ 11 പ്രതികളെ ജീവപര്യന്തം തടവിന് മുംബൈ കോടതി ശിക്ഷിച്ചു. 2017ൽ പ്രതികളുടെ ശിക്ഷ ശരിവെച്ച കോടതി 2019ന് ബിൽക്കിസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് വിധിക്കുകയും ചെയ്തു.

അതേസമയം 2008ൽ ജീവപര്യന്തം ശിക്ഷക്ക് വിധിച്ച പ്രതികളിലൊരാളായ രാധേശ്യാം ശിക്ഷയിൽ ഇളവുതേടി സുപ്രീംകോടതിയെ സമീപിച്ചു. രാധേശ്യാം സമർപ്പിച്ച ഹർജിയിൽ തീരുമാനമെടുക്കാൻ സുപ്രീംകോടതി ഗുജറാത്ത് സർക്കാരിനോട് നിർദേശിക്കുകയും തുടർന്ന് കേസിൽ പ്രതികളായ 11 പേരെയും വെറുതെ വിടുകയും ചെയ്തു. 

ബിൽക്കിസ് ബാനു കേസിലെ പ്രതികൾക്ക് സ്വീകരണം നൽകുന്നു Screen-grab, Copyrights: The Wire

പുറത്തിറങ്ങിയ ഇവരെ മാലയിട്ടും ലഡു നൽകിയും സ്വീകരിക്കാനായി വലിയൊരു ജനക്കൂട്ടം തന്നെയുണ്ടായിരുന്നു. ബ്രാഹ്മണരായതിനാൽ ഇവർ കുറ്റം ചെയ്യില്ലെന്ന ബിജെപി എംഎൽഎയുടെ വിവാദപ്രസ്താവനയും അന്ന് മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു.

പിന്നോട്ട് പോകാൻ തയ്യാറാകാതിരുന്ന ബിൽക്കിസ് ബാനു ഗുജറാത്ത് സർക്കാരിൻ്റെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചു. രാജ്യം കണ്ടതിൽ വെച്ച് ഏറ്റവും ഭയാനകമായ കുറ്റകൃത്യമാണ് തനിക്ക് നേരിടേണ്ടി വന്നതെന്ന് ബിൽക്കിസ് ബാനു കോടതിയിൽ പറഞ്ഞു.

മുൻ എംപി മെഹുവ മൊയ്ത്ര, സിപിഎം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി, മാധ്യമപ്രവർത്തക രേവതി ലോൾ എന്നിവരും ഗുജറാത്ത് സർക്കാരിൻ്റെ നടപടിയെ ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. 

കേസിൻ്റെ നാൾവഴികൾക്കിടയിൽ നിരവധി ഭീഷണികളാണ് ബിൽക്കിസ് ബാനുവിനെതിരെ ഉണ്ടായത്.  ബിൽക്കിസിനെതിരെ വധഭീഷണി ഉണ്ടായ സാഹചര്യത്തിലാണ് കേസിൻ്റെ വിചാരണ ഗുജറാത്തിൽ നിന്നും മഹാരാഷ്ട്രയിലേക്ക് മാറ്റിയത്. ബിൽക്കിസിൻ്റെ നിയമപോരാട്ടത്തിൽ ഭർത്താവ് യാക്കൂബ് റസൂൽ എന്നും ഒപ്പമുണ്ടായിരുന്നു.

തൻ്റെ മുഖം മറക്കാതെയാണ് ബിൽക്കിസ് മാധ്യമങ്ങൾക്കിമുന്നിൽ എത്തിയിരുന്നത്. രാഷ്ട്രീയ സമ്മർദ്ദങ്ങളെയും ഭീഷണികളെയും അവഗണിച്ചുകൊണ്ടാണ് ബിൽക്കിസ് ബാനു നീതിക്കായി പോരാടുന്നത്. വർഷങ്ങളായുള്ള ബിൽക്കിസിൻ്റെ നിയമപോരാട്ടം വിജയം കാണുമെന്ന പ്രതീക്ഷയാണ് ഇന്നത്തെ കോടതി വിധി നൽകുന്നത്. 

FAQs

ആരാണ് സുഭാഷിണി അലി?

ഇന്ത്യയിൽ നിന്നുള്ള ഒരു രാഷ്ട്രീയ പ്രവർത്തകയും, മുൻ അഭിനേത്രിയും, സിപിഎം പോളിറ്റ്ബ്യൂറോ അംഗവുമാണ് സുഭാഷിണി അലി. കാൺപൂരിലെ തൊഴിലാളിസംഘടനാ പ്രവർത്തകയാണ്.

ആരാണ് മെഹുവ മൊയ്ത്ര?

രാഷ്ട്രീയ പ്രവർത്തകയും പതിനേഴാം ലോക്സഭയിൽ പശ്ചിമ ബംഗാളിൻ്റെ കൃഷ്ണനഗറിൽ നിന്നുള്ള പാർലമെൻ്റ്  അംഗവുമാണ് മെഹുവ മൊയ്ത്ര. അഖിലേന്ത്യ ത്രിണമൂൽ പാർട്ടി സ്ഥാനാർത്ഥിയായി 2019 ലെ ഇന്ത്യൻ പൊതുതിരഞ്ഞെടുപ്പിൽ  മത്സരിച്ച് വിജയിച്ചു.

Quotes

ലോകം എല്ലാവരെയും തകർക്കുന്നു, എന്നാൽ ചിലർ തകർച്ചയിൽ നിന്നും ശക്തരാകുന്നു – ഏണസ്റ്റ് ഹെമിംഗ്വേ

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.