ഇന്നും ഇന്നലെയും തുടങ്ങിയതല്ല ബിജെപിയുടെ ചരിത്ര നിഷേധങ്ങള്‍. ഇന്ത്യയെ പരിപൂര്‍ണ ഹിന്ദുത്വ രാജ്യമാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി
മറ്റു രാജ്യങ്ങളിൽ നിന്നും ഇന്ത്യയെ വ്യത്യസ്തമാക്കുന്നത് വൈവിധ്യങ്ങളാണ്. മതേതരത്വം, വ്യത്യസ്ത ഭാഷകള്‍, മതങ്ങള്‍, ഗോത്രങ്ങള്‍ തുടങ്ങി അനവധി വൈവിധ്യങ്ങള്‍ നിറഞ്ഞതാണ് ഇന്ത്യന്‍ ജനാധിപത്യം. ഈ കെട്ടുറപ്പുള്ള ജനാധിപത്യ സംവിധാനമാണ് ഇന്ത്യയെ മറ്റു രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നതും. ജനാധിപത്യത്തിന്റെ കെട്ടുറപ്പിന് കോട്ടം തട്ടാതെ നിലനിര്‍ത്തേണ്ട ഉത്തരവാദിത്തം പൗരന്മാരെ പോലെ തന്നെ സ്റ്റേറ്റിലും അധിഷ്ടിതമാണ്. ജനാധിപത്യത്തിന്റെ കാവലാളായ സ്റ്റേറ്റിനാണിവിടെ മുന്‍തൂക്കം.
ഭരണഘടന നിലവില്‍ വന്നതിന് ശേഷം ഇന്ത്യയുടെ ഭരണം നടത്തിയവര്‍ പൂര്‍ണമായും ജനാധിപത്യത്തെ കാത്തുസൂക്ഷിച്ചിരുന്നുവെന്ന് പറയാന്‍ കഴിയില്ല. എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷമായി ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍ സമാനതകള്‍ ഇല്ലാത്തതാണ്. കൃത്യമായി പറഞ്ഞാല്‍ 2014 ല്‍ ഒന്നാം മോദി സര്‍ക്കാര്‍ ഭരണത്തിലേറിയത് മുതല്‍ ഇന്ത്യന്‍ ജനാധിപത്യത്തിനും ഭരണഘടനക്കും ജനാധിപത്യ സ്ഥാപനങ്ങള്‍ക്കും കാര്യമായ അപചയം സംഭവിച്ചു. അതിന് ഏറ്റവും പുതിയ ഉദാഹരണങ്ങളാണ് നാഷണൽ മെഡിക്കൽ കമ്മീഷന്റെ പുതിയ ലോഗോയും ജെഎന്‍യുവിന്റെ ആദര്‍ശവചനവും (motto).
മെഡിക്കൽ കമ്മീഷന്റെ വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ട ലോഗോയില്‍ ഹിന്ദു ദൈവത്തിൻറെ ചിത്രമാണുള്ളത്. ഹിന്ദുത്വ സങ്കല്പത്തിൽ ദേവന്മാരുടെ വൈദ്യനായി അറിയപ്പെടുന്ന മഹാവിഷ്‌ണുവിന്റെ അവതാരമായ ധന്വന്തരിയുടെ ചിത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ലോഗോ മാറ്റിയത് ഡോക്‌ടേഴ്‌സ് അടക്കമുള്ള നാഷണൽ മെഡിക്കൽ അസോസിയേഷൻ അറിയുന്നത് മാധ്യമങ്ങളിൽ കൂടിയാണെന്നുള്ളതും അത്ഭുതകരമാണ്.
2022 വരെ മെഡിക്കൽ കമ്മീഷന് കൃത്യമായി ഒരു ലോഗോ ഉണ്ടായിരുന്നില്ല. അശോകസ്തംഭമായിരുന്നു അത് വരെ ഉപയോഗിച്ചിരുന്നത്. 2022 ഡിസംബറില്‍ ഈ ലോഗോ പരിഷ്കരിക്കുകയും ധന്വന്തരിയുടെ ചിത്രമുള്‍പ്പടെ ലോഗോയില്‍ അവതരിക്കുകയും ചെയ്തു. എന്നാല്‍ കമ്മീഷന്റെ എക്സ് പേജില്‍ ലോഗോയായി അശോകസ്തംഭം തന്നെ തുടരുന്നു.
ഈ ധന്വന്തരിയെ കൂടുതല്‍ മോഡി കൂട്ടി, കളര്‍ ചിത്രമാക്കുകയും ഇന്ത്യക്ക് പകരം ഭാരത് എന്നാക്കി മാറ്റി വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തപ്പോള്‍ മാത്രമാണ് ഈ മാറ്റം ലോകം അറിഞ്ഞത്.
ഈയൊരു ലോഗോ മാറ്റത്തിലൂടെ വ്യക്തമാകുന്നത് മെഡിക്കല്‍ മേഖലയിൽ പോലും ഹിന്ദുത്വവല്‍ക്കരണത്തിന് തുടക്കം കുറിച്ചുവെന്നാണ്. മതേതരത്വവും ശാസ്ത്രീയ കാഴ്ചപ്പാടും വച്ച് പുലർത്തേണ്ട കമ്മീഷന്‍ അതിൻ്റെ ലോഗോയിൽ മതപരമായ ചിഹ്നങ്ങൾ ഉൾപ്പെടുത്തുന്നത് അത്യന്തം അപകടകരമാണ്.
കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയെന്നതിന് പകരം ഭാരത് എന്ന് ഉപയോഗിക്കുന്നത് ഇതാദ്യമായല്ല. G20യില്‍ ഇന്ത്യൻ പ്രസിഡന്റിനുള്ള ഔദ്യോഗിക ക്ഷണങ്ങളിൽ ‘ഇന്ത്യൻ പ്രസിഡന്റ്’ എന്നതിനുപകരം ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്നായിരുന്നു കൂട്ടിച്ചേര്‍ത്തത്.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഇന്ത്യയുടെ ഔദ്യോഗിക പേര് ഭാരത് എന്നാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ അടുത്തിടെയാണ് തുടങ്ങിയത്. പാഠപുസ്തകങ്ങളിലും മറ്റു ഔദ്യോഗിക സ്ഥാപനങ്ങളിലുമെല്ലാം രാജ്യത്തിന്റെ പേര് പുനർനാമകരണം ചെയ്യപ്പെട്ടിട്ടുണ്ട്.
ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയുടെ ലോഗോ പേറ്റന്റ് ആക്കുന്നതിനൊപ്പം ആദര്‍ശവചനവും (motto) കൂട്ടിചേര്‍ക്കപ്പെട്ടു. ‘തമസോ മാ ജ്യോതിര്‍ഗമയ’ എന്നാണ് ജെഎന്‍യു എക്സിക്യൂട്ടീവ് കൗണ്‍സില്‍ നിലവിലെ ലോഗോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബൃഹദാരണ്യക ഉപനിഷത്തിൽ നിന്നുള്ള സംസ്‌കൃത മന്ത്രത്തില്‍ നിന്നും എടുത്തിട്ടുള്ളതാണ് പുതിയ ആദര്‍ശവചനം.
ഇന്നും ഇന്നലെയും തുടങ്ങിയതല്ല ബിജെപിയുടെ ചരിത്ര നിഷേധങ്ങള്‍. ഇന്ത്യയെ പരിപൂര്‍ണ ഹിന്ദുത്വ രാജ്യമാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. സംഘപരിവാറിന്റെ ദീര്‍ഘകാല പദ്ധതി അവര്‍ ആദ്യം ബാബറി മസ്ജിദിന്റെ മേല്‍ നടപ്പാക്കി.
അയോധ്യയിലെ ബാബറി മസ്ജിദ് സ്ഥിതി ചെയ്തിരുന്ന സ്ഥാനത്ത് രാമക്ഷേത്രം ഉണ്ടായിരുന്നുവെന്ന അതിതീവ്ര ഹിന്ദുത്വ പ്രോപ്പഗണ്ട നടപ്പാക്കിയാണ് ബാബറി മസ്ജിദ് 1992 ൽ തകർക്കുന്നത്. രാമന്റെ ജന്മഭൂമിയാണെന്ന് വാദിച്ച് ഹിന്ദു ദേശീയതയെ ആയുധമാക്കിയാണ് ബാബറി മസ്ജിദ് തകര്‍ത്തത്.
ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ സുരേന്ദ്രസിങ് താജ്മഹലിന്റെ പേര് രാംമഹല്‍ എന്നാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഉത്തര്‍പ്രദേശിലെതന്നെ ഫൈസാബാദ് റെയില്‍വേ സ്‌റ്റേഷനെ പേര് അയോധ്യ കന്റോണ്‍മെന്റ് റെയില്‍വെ സ്‌റ്റേഷന്‍ എന്നും ഝാൻസി റെയില്‍വേ സ്‌റ്റേഷന്റെ പേര് വീരാംഗന ലക്ഷ്മീഭായി എന്നും മുഗള്‍സറായ് റെയില്‍വേ സ്‌റ്റേഷന്റെ പേര് പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ ജങ്ഷന്‍ എന്നും മാറ്റി.
ഫൈസാബാദിന്റെ പേര് അയോധ്യ എന്നും അലഹബാദിന്റെ പേര് പ്രയാഗ്‌രാജ് എന്നും പുനർനാമകരണം ചെയ്തു. കേവലം ഭരണചക്രത്തിന്റെ ഭാഗമായുള്ള പേരുമാറ്റമല്ലിത്. മുസ്ലിം ഭരണാധികാരികളുടെ ചരിത്രത്തെ ഇല്ലായ്മ ചെയ്യാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണിത്. ഇതിന്റെയൊക്കെ അറ്റം കൂട്ടി മുട്ടുന്നതാകട്ടെ ഹിന്ദുത്വരാഷ്ട്രം എന്ന സങ്കല്പത്തിലുമാണ്.
വിദ്യാഭ്യാസ മേഖലയെ പോലും എന്‍ഡിഎ സര്‍ക്കാര്‍ കാവിവല്‍ക്കരിച്ചു. വിദ്യാർത്ഥികളെ ധാര്‍മികമൂല്യങ്ങള്‍ പഠിപ്പിക്കാനെന്ന പേരില്‍ ഹിന്ദു പുരാണങ്ങൾ പാഠ്യപദ്ധതികളിൽ ഉൾപ്പെടുത്തി. ഗുജറാത്തിലെ ചില പാഠപുസ്തകങ്ങളിൽ അഡോള്‍ഫ് ഹിറ്റ്‌ലറെ വീരപുരുഷനായി ചിത്രീകരിച്ചതും മുസ്‌ലിം, ക്രിസ്ത്യന്‍ മതക്കാരെ വിദേശികളാക്കിയതും ഒരുദാഹരണം മാത്രമാണ്. 2014 ലാണ് ഇന്ത്യയുടെ ചരിത്ര പാഠപുസ്തകങ്ങളെ തിരുത്തിയെഴുതി വിദ്യാഭ്യാസത്തെ പോലും കാവിവല്‍ക്കരിക്കാനുള്ള ശ്രമം ആരംഭിക്കുന്നത്.
2014 ൽ വിദ്യാർത്ഥികളുടെ പാഠ്യപദ്ധതിയിൽ ഭഗവത്ഗീത ഉൾപ്പെടുത്താനും 2019 ൽ രാമായണവും മഹാഭാരതവുമെല്ലാം എൻജിനീയറിങ് സിലബസ്സിൽ ഉൾപ്പെടുത്തിയതും മധ്യപ്രദേശ് സർക്കാരിന്റെ നയമായിരുന്നു. സര്‍ക്കാര്‍ സ്കൂളുകളില്‍ ഹിന്ദുമതവുമായി ബന്ധപ്പെട്ട കൃതികള്‍ പാഠഭാഗമാക്കണമെന്നാണ് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞത്. രാമായണം, മഹാഭാരതം, വേദങ്ങള്‍, ഉപനിഷദ് എന്നിവ പഠിക്കുന്നതിലൂടെ കുട്ടികളെ ഉത്തമമാക്കാനും പൂര്‍ണമാക്കാനും സാധിക്കുമെന്നും ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞിരുന്നു.
രാജസ്ഥാനിലെ വസുന്ധരരാജ സിന്ധ്യയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന് കീഴില്‍ രാജസ്ഥാന്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യൂക്കേഷന്റെ 10,12 ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ പരിഷ്‌കരിച്ചിരുന്നു. പാഠപുസ്തകങ്ങളിൽ നിന്നും ജവഹർലാല്‍ നെഹ്റുവിനെയും ഗാന്ധിയെയും നീക്കം ചെയ്യുകയും ആ സ്ഥാനത്ത് സവർക്കരെ വീരപുരുഷനാക്കി ചരിത്രത്തെ വളച്ചൊടിച്ചതും ഏറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.
ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ആചാര്യനായ സവര്‍ക്കറെ തടവിലാക്കിയ സെല്ലിൽ ഒരു താക്കോൽദ്വാരം പോലുമില്ലായിരുന്നിട്ടും ബുള്‍ബുള്‍ പക്ഷികൾ ആ മുറി സന്ദർശിക്കാറുണ്ടായിരുന്നുവെന്നും പക്ഷിയുടെ ചിറകില്‍ ഇരുന്ന് സവര്‍ക്കര്‍ ജന്മഭൂമി സന്ദര്‍ശിക്കാറുണ്ടെന്നും കർണാടകയിലെ 8 ആം ക്ലാസിലെ ചരിത്ര പുസ്തകത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പഠനം പൂര്‍ത്തിയാക്കുമ്പോള്‍ ബിരുദദാന ചടങ്ങില്‍ ചൊല്ലുന്ന ഹിപ്പോക്രാറ്റിക് പ്രതിജ്ഞ പോലും ഒഴിവാക്കി മഹർഷി ചരകന്റെ പേരിലുള്ള സംസ്കൃത പ്രതിജ്ഞയായ ‘ചരക ശപഥം’ സ്വീകരിക്കണമെന്ന് ദേശീയ മെഡിക്കല്‍ കമ്മീഷനില്‍ നിന്നും നിർദേശം വന്നിരുന്നു.
12 ആം ക്ലാസ്സിലെ എൻസിഇആർടി പാഠപുസ്തകങ്ങളിൽ നിന്നും മുഗള്‍ സാമ്രാജ്യത്തെക്കുറിച്ചുള്ള അധ്യായങ്ങളും 10 ആം ക്ലാസ്സിലെ പാഠപുസ്തകങ്ങളിൽ നിന്നും ജനാധിപത്യവും വൈവിധ്യവും ജനകീയ സമരങ്ങളും പ്രസ്ഥാനവും ജനാധിപത്യത്തിനെതിരായ വെല്ലുവിളികള്‍ എന്നീ പാഠഭാഗങ്ങളും 2023 -24 അധ്യായന വർഷത്തെ സിലബസിൽ നിന്നും നീക്കം ചെയ്തിരിക്കുകയാണ്.
ചരിത്രത്തെ കുറിച്ചും ജനാധിപത്യമൂല്യങ്ങളെ കുറിച്ചുമുള്ള പഠനങ്ങള്‍ക്ക് പകരം നോട്ടുനിരോധനം, ഡിജിറ്റല്‍ ഇന്ത്യ തുടങ്ങിയ ജനവിരുദ്ധമായ പദ്ധതികളെ കുറിച്ചുള്ള പാഠഭാഗങ്ങള്‍ സിലബസുകളിൽ ഉൾപ്പെടുത്തികൊണ്ടാണ് വിദ്യാർത്ഥികളെ ബിജെപി സര്‍ക്കാര്‍ വെല്ലുവിളിക്കുന്നത്.
ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2014-2018 വര്‍ഷത്തിനിടെ എൻസിഇആർടി 182 ടെക്സ്റ്റ് ബുക്കുകളിൽ മാത്രമായി 1134 മാറ്റങ്ങള്‍ വരുത്തിട്ടുണ്ട്. സിലബസ് ഭാരം കുറയ്ക്കുക എന്ന പേരില്‍ ഘട്ടം ഘട്ടമായി പാഠഭാഗങ്ങള്‍ പരിഷ്കരിക്കുകയായിരുന്നു എന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇന്ത്യയിലെ ക്രിക്കറ്റിന്റെ ചരിത്രം, ക്രിക്കറ്റ് എങ്ങനെ ജാതി, മത, സമുദായിക രാഷ്ട്രീയവുമായി ബന്ധപ്പെട്ടുകിടക്കുന്നു, 2002 ലെ ഗുജറാത്ത് കലാപം, മുഗൾ കാലഘട്ടം, ജാതി വ്യവസ്ഥ, സാമൂഹിക മുന്നേറ്റങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങള്‍ പാഠഭാഗങ്ങളിലും നിന്നും നീക്കം ചെയ്തു. സാമൂഹിക ശാസ്ത്രം പാഠപുസ്തകങ്ങളില്‍ നിന്നും 20% അദ്ധ്യായങ്ങള്‍ നീക്കം ചെയ്തിട്ടുണ്ടെന്ന് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ബിജെപി സർക്കാരിന്റെ കാലത്താണ് ഗാന്ധി ചിത്രത്തിനേക്കാൾ പ്രാധാന്യത്തിൽ സവർക്കറുടെ ചിത്രം പാർലമെന്റിൽ ഇടം നേടുന്നത്. മാത്രമല്ല, 2023 ൽ എത്തിനിൽക്കുമ്പോൾ പുതിയ പാർലമെന്റ് കെട്ടിടത്തിന്റെ പാലുകാച്ചൽ ഹൈന്ദവ പൂജകളോടെ സവർക്കരുടെ ജന്മദിനത്തിൽ നടത്തി.
2023 മെയ് 28നാണ് പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത്. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ദളിത് സ്വത്വമുള്ള രാഷ്‌ട്രപതിയെ ഒഴിവാക്കികൊണ്ട് ഹൈന്ദവ സന്യാസിമാരുടെ പൂജകളോടൊപ്പമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങ് നിര്‍വഹിച്ചത്. മതേതര ഇന്ത്യയില്‍ ഒരു ജനാധിപത്യ സ്ഥാപനത്തില്‍ രാഷ്ട്രപതിയെക്കാള്‍ സ്ഥാനം ഹൈന്ദവ സന്യാസിക്കാണെന്ന് വെളിപ്പെടുത്തുന്നതായിരുന്നു ഉദ്ഘാടന ചടങ്ങ്.
ശാസ്ത്രം വളർന്ന് ചന്ദ്രനില്‍ എത്തിനില്‍ക്കുമ്പോഴും ആചാരങ്ങൾക്കൊപ്പം സഞ്ചരിക്കുന്നവരാണ് ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞർ. ചന്ദ്രയാന്‍റെ മൂന്ന് വിക്ഷേപണങ്ങളുടെ സമയത്തും ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞർ ക്ഷേത്ര ദർശനവും പൂജയും നടത്തിയിരുന്നു. ചന്ദ്രയാൻ 3 ന്‍റെ വിക്ഷേപണ സമയത്ത് ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞർ തിരുപ്പതി ശ്രീ വെങ്കിടാചലപതി ക്ഷേത്രത്തിലെത്തുകയും പേടകത്തിന്റെ മിനിയേച്ചർ മാതൃക കാണിക്കയായി സമർപ്പിക്കുകയും ചെയ്തു.
റഷ്യയുടെ ബഹിരാകാശ പേടകം ലൂണ ചന്ദ്രനില്‍ കാലുകുത്താതെ നിലം പതിക്കുന്നതിനും ഇന്ത്യയുടെ ബഹിരാകാശ പേടകം ചന്ദ്രനില്‍ എത്തുന്നതിനും കേരള ബിജെപി നേതാവ് കണ്ടെത്തിയ കാരണം വ്യത്യസ്ഥമായിരുന്നു. ശാസ്ത്രത്തിലാണെങ്കില്‍ പോലും നല്ല കാര്യങ്ങള്‍ തുടങ്ങുന്നതിന് മുന്‍പായി ഇന്ത്യയില്‍ വിഘ്‌നേശ്വരന് ഗണപതി ഹോമം നടത്തുകയും നാളികേരമുടക്കുകയും ചെയ്യുന്നുണ്ടെന്നാണ് നേതാവിന്‍റെ കണ്ടെത്തല്‍. ശാസ്ത്രത്തെ പോലും വിശ്വാസത്തിന്റെ നൂലില്‍ കെട്ടുക എന്നത് കാലങ്ങളായി ബിജെപിയുടെ പ്രോപ്പഗണ്ട രാഷ്ട്രീയത്തിന്റെ ഭാഗമാണ്.
പുരാണകാലത്തേ വിമാനമുണ്ടെന്നും ലോകത്തിലെ ആദ്യ വിമാനം പുഷ്പക വിമാനമാണെന്നും ഐവിഎഫ് ട്രീറ്റ്മെന്റ് പണ്ടെ ഉണ്ടെന്നും അങ്ങനെയാണ് കൗരവര്‍ ഉണ്ടായതെന്നും മനുഷ്യന്റെ ഉടലും ആനയുടെ മുഖവുമുള്ള ഗണപതി പുരാണകാലത്ത് പ്ലാസ്റ്റിക് സര്‍ജറി ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്നതിനുള്ള ഉദാഹരണമാണെന്നുമാണ് ബിജെപി പ്രചരിപ്പിക്കുന്നത്. ശാസ്ത്രത്തിന്റെ സ്ഥാനത്ത് മിത്തുകളെ അവതരിപ്പിക്കുകയും അത് ജനങ്ങള്‍ക്കിടയിലേക്ക് വിപണനം ചെയ്യുകയാണ് ബിജെപി ചെയ്യുന്നത്.
സിൽക്യാര ദുരന്തമുഖത്തും ശാസ്ത്രത്തെ കവച്ചുവെക്കുന്ന മിത്തിന്‍റെ വിപണനം നാം കണ്ടതാണ്. 2023 നവംബര്‍ 12 നാണ് ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്കത്തിനുള്ളില്‍ 41 തൊഴിലാളികൾ കുടുങ്ങിയത്. തുരങ്കത്തിൽ മണ്ണിടിച്ചൽ ഉണ്ടാവാന്‍ കാരണം സുപ്രീം കോടതി കമ്മിറ്റിയുടെ അപകട മുന്നറിയിപ്പ് വകവെക്കാതെ തുരങ്ക നിർമാണം തുടര്‍ന്നതുകൊണ്ടായിരുന്നു. എന്നാൽ വിശ്വാസികൾ പലരും അടക്കം പറഞ്ഞത് അപകടത്തിന് കാരണം ദൈവ കോപമാണെന്നായിരുന്നു. തുരങ്കകവാടത്തിൽ മുൻപ് ഉണ്ടായിരുന്ന ക്ഷേത്രം നീക്കം ചെയ്തതിന്‍റെ ഫലമാണ് ദുരന്തങ്ങൾക്ക് കാരണമായതെന്നാണ് പലരും പറഞ്ഞത്.
അടുത്തുള്ള പൂജാരിയുടെ നിർദേശപ്രകാരം മണ്ണുമാന്തിയന്ത്രം എത്തിക്കുകയും തുരങ്കത്തിന്റെ പ്രവേശന കവാടത്തിനു മുന്നിലെ കല്ലും മണ്ണും നീക്കം ചെയ്ത് താല്‍ക്കാലികമായി ചെറിയ ലോഹകൂടിലുള്ള ക്ഷേത്രം പണിയുകയും പൂജകള്‍ നടത്തുകയും ചെയ്തു.
സിൽക്യാര ടണലില്‍ തൊഴിലാളികള്‍ കുടുങ്ങി കിടന്നപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തൊഴിലാളികള്‍ക്കും ഇന്ത്യൻ ജനതയ്ക്കുവേണ്ടി തിരുമലയിലെ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ പ്രാർത്ഥിക്കാൻ പോയിരിക്കുകയായിരുന്നു. തൊഴിലാളികള്‍ പുറത്തെത്തിയപ്പോള്‍ അതും പ്രാർത്ഥനയുടെ ഫലമാണെന്ന് പറയാന്‍ ഒരു വിഭാഗവും ഉണ്ടായിരുന്നു.
ഇത്തരത്തില്‍ യുക്തിരഹിതമായ തീവ്ര ഹിന്ദുത്വ കാഴ്ചപാടില്‍ ഇന്ത്യയെ മുന്നോട്ട് കൊണ്ട് പോകുന്ന ഭരണകൂടമാണ് നമുക്കുള്ളത്. ലോകത്തിലെ ഏറ്റവും കെട്ടുറപ്പുള്ള ഭരണഘടനയാണ് ഇന്ത്യയ്ക്ക് ഉള്ളതെന്ന് അവകാശപ്പെടുമ്പോഴും ജനാധിപത്യ ധ്വംസനങ്ങളുടെ നീണ്ട നിരതന്നെ നമുക്ക് കാണാം. ഇന്ത്യ ഒരു ജനാധിപത്യ മതേതര രാജ്യമാണ്. അതിന്‍റെ മൂല്യങ്ങളാണ് നമ്മുടെ വൈവിധ്യങ്ങളുടെ അടിത്തറയും. ഈ വൈവിധ്യങ്ങള്‍ നിലനില്‍ക്കണമെങ്കില്‍ ജനാധിപത്യത്തിന്‍റെ കെട്ടുറപ്പ് കാത്ത് സൂക്ഷിച്ചേ മതിയാകൂ. ശാസ്ത്രബോധമുള്ള സമൂഹത്തിനു മാത്രമേ പുരോഗതി കൈവരിക്കാൻ കഴിയുകയുള്ളൂ. ശാസ്ത്രബോധമുള്ള ഒരു ജനതയാണ് ജനാധിപത്യത്തിന്റെ ശക്തി.
FAQs
എന്താണ് G 20?
ലോകത്തെ വ്യാവസായികമായി വികസിച്ചതും ഉയർന്നുവരുന്നതുമായ പ്രമുഖ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി 20. പത്തൊൻപത് രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ആഫ്രിക്കൻ യൂണിയനും ചേർന്നതാണ് ഈ ഗ്രൂപ്പ്. അന്താരാഷ്ട്ര സാമ്പത്തിക സ്ഥിരത, കാലാവസ്ഥാ വ്യതിയാന ലഘൂകരണം, സുസ്ഥിര വികസനം തുടങ്ങിയ ആഗോള സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഇത് പ്രവർത്തിക്കുന്നു.
എന്താണ് ബാബറി മസ്ജിദ്?
ഉത്തർപ്രദേശിലെ അയോദ്ധ്യയിൽ 400 വർഷത്തിലധികം പഴക്കം കണക്കാക്കുന്ന ആരാധനാലയമാണ് ബാബറി മസ്‌ജിദ്. 1992 ഡിസംബറിൽ ബാബറി മസ്ജിദ് ഹിന്ദുത്വവാദികളാൽ തകർക്കപ്പെട്ടു.
എന്താണ് ചന്ദ്രയാൻ-3?
ചന്ദ്രോപരിതലത്തിലെ പാറയും മണ്ണും ഭൂമിയിലെത്തിച്ചു ഗവേഷണം നടത്താൻ ലക്ഷ്യമിടുന്ന ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ്റെ (ISRO) മൂന്നാമത്തെ ചാന്ദ്ര ദൗത്യമാണ് ചന്ദ്രയാൻ-3. 14 ജൂലൈ 2023 ന് പദ്ധതി വിജയകരമായി വിക്ഷേപിച്ചു. 2023 ആഗസ്റ്റ് 23 ചന്ദ്രയാൻ-3 വിജയകരമായി ചന്ദ്രനിൽ ഇറങ്ങി.
Quotes
ജനാധിപത്യം എന്നാൽ സഹിഷ്ണുതയാണ്, നമ്മെ അനുകൂലിക്കുന്നവരോടു മാത്രമല്ല, നമ്മളോട് വിയോജിക്കുന്നവരോടുമുള്ള സഹിഷ്ണുത – ജവഹർലാൽ നെഹ്‌റു