Fri. May 3rd, 2024

ശാരീരികമായ അക്രമം, ഭീഷണിപ്പെടുത്തൽ, അസഭ്യം പറച്ചിൽ, നരഹത്യ തുടങ്ങിയ കാര്യങ്ങൾ ജോലിസ്ഥലത്തെ അക്രമങ്ങളിൽ ഉൾപ്പെടുന്നവയാണ്.പഠനത്തിൻ്റെ ഭാഗമായി നടത്തിയ സർവ്വേയിൽ, കഴിഞ്ഞ പത്ത് വർഷത്തെ കണക്കെടുക്കുമ്പോൾ 65.6 ശതമാനം ഡോക്ടർമാരും ഏതെങ്കിലും തരത്തിൽ അക്രമത്തിനിരയായതായി പറയുന്നു

ക്ഷിക്കുന്നവനെ ശിക്ഷിക്കുന്ന പ്രവണത, അതാണ് പലപ്പോഴായി കേരളത്തിലെ ആശുപത്രികളിൽ കണ്ട് വരുന്നത്. ആശുപത്രികളിൽ ഡോക്ടർമാർക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഇത്തരത്തിലുള്ള അക്രമങ്ങൾ സമീപ വർഷങ്ങളിൽ വർദ്ധിച്ചതായി വ്യക്തമാക്കുന്ന പുതിയൊരു പഠന റിപ്പോർട്ട് പുറത്ത് വന്നിട്ടുണ്ട്. 

നവംബർ 16 ന് ക്യൂറിയസ് ജേണലിൽ പ്രസിദ്ധീകരിച്ച  ‘കേരളത്തിലെ മെഡിക്കൽ ഡോക്ടർമാർ ജോലിസ്ഥലത്ത് നേരിടുന്ന അതിക്രമങ്ങൾ’ എന്ന പഠനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. ലിംഗഭേദം, ജോലിസ്ഥലം, പദവി, സമയം, അക്രമങ്ങളിൽ ഉൾപ്പെട്ടിരിക്കുന്നവർ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയിരിക്കുന്നത്. 2022ലെ കണക്കനുസരിച്ച് 137 ഡോക്ടർമാർക്കെതിരെ തൊഴിലിടങ്ങളിൽ വെച്ച് ആക്രമണമുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. 

ശാരീരികമായ അക്രമം, ഭീഷണിപ്പെടുത്തൽ, അസഭ്യം പറച്ചിൽ, നരഹത്യ തുടങ്ങിയ കാര്യങ്ങൾ ജോലിസ്ഥലത്തെ അക്രമങ്ങളിൽ ഉൾപ്പെടുന്നവയാണ്.  പഠനത്തിൻ്റെ ഭാഗമായി നടത്തിയ സർവ്വേയിൽ, കഴിഞ്ഞ പത്ത് വർഷത്തെ കണക്കെടുക്കുമ്പോൾ 65.6 ശതമാനം ഡോക്ടർമാരും ഏതെങ്കിലും തരത്തിൽ അക്രമത്തിനിരയായതായി പറയുന്നു. അത്യാഹിത വിഭാഗങ്ങളിലെ ഡോക്ടർമാരാണ് ഏറ്റവും കൂടുതൽ അതിക്രമങ്ങൾ നേരിടുന്നത് (57.5%). ഔട്ട് പേഷ്യൻ്റ്  വിഭാഗത്തിൽ 33.6 ശതമാനവും വാർഡുകളിൽ 27.1 ശതമാനവും ഡോക്ടർമാർ അക്രമത്തിനിരയാകുന്നു.

അതേസമയം, ഓപ്പറേഷൻ തീയേറ്ററുകളിലും മൊബൈൽ യൂണിറ്റുകളിലും നടക്കുന്ന സംഭവങ്ങൾ ഒരു ശതമാനത്തിൽ താഴെയാണ്.  അക്രമങ്ങൾ നടത്തുന്നവരിൽ അധികവും ബന്ധുക്കളോ കൂട്ടിരിപ്പുകാരോ ആണ്. അതിൽ തന്നെ പുരുഷന്മാരാണ് ആക്രമണസ്വഭാവം കൂടുതൽ കാണിക്കുന്നതെന്നും പഠനത്തിൽ പറയുന്നു. ആൾക്കൂട്ട ആക്രമണങ്ങളാണ് ഡോക്ടർമാർക്കെതിരെയും ആശുപത്രി ജീവനക്കാർക്കെതിരെയും കൂടുതൽ നടന്നിട്ടുള്ളത്. അധികം അക്രമങ്ങളും നടന്നിരിക്കുന്നത് പകൽ സമയത്താണ്. 

2023 മെയ് 10ന് കൊല്ലം, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന ഡോ. വന്ദന ദാസിൻ്റെ കൊലപാതകമാണ് ഡോക്ടർമാർക്കെതിരെയുള്ള അക്രമങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയായത്. ചികിത്സക്കായി ആശുപത്രിയിൽ എത്തിച്ച പ്രതി കത്രികയുപയോഗിച്ച് വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പോലീസിൻ്റെ സാന്നിധ്യത്തിലാണ് വനിത ഡോക്ടർ കൊല്ലപ്പെട്ടത് എന്നതാണ് മറ്റൊരു വസ്തുത. സമാനമായ ആക്രമണങ്ങൾ മുൻപും കേരളത്തിലെ ആശുപത്രികളിൽ നടന്നിട്ടുണ്ട്. ഡോ. വന്ദന ദാസിൻ്റെ കൊലപാതകം നടന്ന് ദിവസങ്ങൾ കഴിഞ്ഞയുടൻ കൊച്ചി മെഡിക്കൽ കോളേജിൽ റോഡ് അപകടത്തെത്തുടർന്ന് ചികിത്സക്കെത്തിച്ച രോഗി ഡോക്ടറെ ആക്രമിക്കുകയുണ്ടായി. മദ്യലഹരിയിലാണ് ആക്രമണം നടത്തിയതെന്നാരോപിച്ച് പ്രതി ഡോയലിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 

ഡോ.വന്ദന ദാസിൻ്റെ കൊലപാതകത്തിൽ കേരളത്തിലെ ഡോക്ടർമാർ പ്രതിഷേധിക്കുന്നു Screen-grab, Copyrights: deccan herald

 കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടർ പി കെ അശോകനെ നവജാത ശിശു മരിച്ചതിനെത്തുടർന്ന് ചികിത്സയിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് ബന്ധുക്കൾ ആക്രമിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ന്യൂറോളജി വിഭാഗത്തിൽ ചികിത്സയിലായിരുന്ന സ്ത്രീയുടെ മരണവിവരം അറിയിക്കാനെത്തിയ വനിത ഡോക്ടറെ സ്ത്രീയുടെ ഭർത്താവ് ചവിട്ടിവീഴ്ത്തിയ സംഭവം, കോഴിക്കോട് മെഡിക്കൽ കോളേജിൽ സന്ദർശന സമയം ചോദ്യം ചെയ്തതിന് സുരക്ഷാ ഉദ്യോഗസ്ഥനെ ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചത്, കൊച്ചിയിലെ ജനറൽ ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സഹപ്രവർത്തകയോട് മോശമായി പെരുമാറിയതിനെ ചോദ്യംചെയ്തതിന് യുവ ഡോക്ടർ ആക്രമിക്കപ്പെട്ടത്… ഇങ്ങനെ തുടർന്ന് പോകുന്നു ആരോഗ്യമേഖലയിലുള്ളവർ നേരിടുന്ന അതിക്രമങ്ങൾ. 

തുടരെയുണ്ടാകുന്ന ഇത്തരം സംഭവങ്ങൾ പല തവണ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും കൃത്യമായ നിയമനടപടികൾ ഇപ്പോഴും കൈക്കൊണ്ടിട്ടില്ലെന്ന് പഠനത്തിൽ പറയുന്നു. 48.6 ശതമാനം കേസുകൾ അധികാരികളെ അറിയിച്ചിരുന്നെങ്കിലും 13.5 ശതമാനം  മാത്രമേ ഏതെങ്കിലും തരത്തിലുള്ള നിയമനടപടികൾ സ്വീകരിച്ചിട്ടുള്ളൂവെന്നാണ് പഠനത്തിൽ പറയുന്നത്. അതുകൊണ്ടുതന്നെ 77 ശതമാനം ഡോക്ടർമാരും രാജ്യം ഉപേക്ഷിച്ച് വിദേശത്ത് ജോലിക്ക് പോകാൻ ആഗ്രഹിക്കുന്നു.

രോഗികളുടെ അതൃപ്തി, മതിയായ ജീവനക്കാരുടെ അഭാവം, ആശുപത്രികളിലെ നീണ്ട കാത്തിരിപ്പ്, ശരിയായ ആശയവിനിമയം നടക്കാതെ വരിക തുടങ്ങിയ കാര്യങ്ങളാണ് പല അക്രമങ്ങളുടേയും മൂലകാരണമെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഇത്തരം ആക്രമണങ്ങൾ ഡോക്ടർമാർക്കിടയിൽ മാനസിക സംഘർഷം, ഉൽകണ്ഠ എന്നിവയ്ക്ക് കാരണമായേക്കാം. അക്രമസംഭവങ്ങൾ സൃഷ്ടിക്കുന്ന ഭയം അവരുടെ മനോവീര്യം കെടുത്തുകയും തൊഴിലിനെ മോശമായി ബാധിക്കുകയും ചെയ്യും. ആരോഗ്യ മേഖലയിൽ സുരക്ഷ വർധിപ്പിക്കുക, ഡോക്ടർമാരും രോഗികളും തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തുക, അക്രമത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം നടത്തുക, അപകട സാഹചര്യങ്ങൾ കൈകാര്യം ചെയ്യിന്നതിനായി ഹെൽത്ത് കെയർ പ്രൊഫഷണലുകൾക്ക് പരിശീലനം നൽകുക എന്നിവയാണ് പരിഹാരമാർഗങ്ങളായി പഠനങ്ങൾ പറയുന്നത്. 

FAQs

എന്താണ് അത്യാഹിത വിഭാഗം?

പരിക്ക് പറ്റുകയോ അടിയന്തിര ശ്രദ്ധ ആവശ്യമായി വരുകയോ ചെയ്യുന്ന ഘട്ടങ്ങളിൽ രോഗികൾക്ക് പ്രാഥമിക ചികിത്സ നൽകുന്നിടമാണ് അത്യാഹിത വിഭാഗം.

എന്താണ് ഡോ. വന്ദന ദാസ് കൊലപാതകം?

2023 മെയ് 10ന് കൊല്ലം, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന ഡോ. വന്ദന ദാസിനെ നാൽപ്പത്തി രണ്ടുകാരനായ കൊല്ലം, പൂയപ്പള്ളി സ്വദേശി സന്ദീപ് കുത്തി കൊലപ്പെടുത്തി. തുടർന്ന് ഇരയ്ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട്  ഇൻ്റേൺ ഡോക്ടർമാരുടെ സംഘടനയായ ഹൗസ് സർജൻസ് അസോസിയേഷൻ ഓഫ് കേരള പ്രതിഷേധമറിയിച്ചു. 

Quotes

നിരീക്ഷണം, കാരണം, മനുഷ്യനെ മനസ്സിലാക്കൽ, ധൈര്യം; ഇവയെല്ലാമാണ് ഒരാളെ യഥാർത്ഥ ഡോക്ടറാക്കുന്നത് ― മാർട്ടിൻ എച്ച് ഫിഷർ

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.