നമ്മുടെ നാട്ടിലൊക്കെ ഭക്ഷണം കഴിക്കാൻ മടിക്കുന്ന കുഞ്ഞുമക്കളെ മടിയിലിരുത്തി അമ്മമാർ ചില പ്രത്യേക പേരുകൾ പറഞ്ഞ് പേടിപ്പിക്കാറുണ്ട്. കോക്കാച്ചി വരുമെന്നോ ബാഉച്ചി വരുമെന്നോ ഭക്ഷണം കഴിച്ചില്ലെങ്കിൽ അവർ വന്ന് തട്ടിക്കൊണ്ട് പോകുമെന്നൊക്കെയാണ് ധ്വനി. ഓരോ നാട്ടിലും ഇതുപോലെ വ്യത്യസ്ത പേരുകൾ ഉണ്ട്. ഇങ്ങനെ ഉപയോഗിക്കുന്ന പേരുകളെ പറ്റി അതിന്‍റെ അർത്ഥമെന്തെന്ന് ആ പേര് വിളിക്കുന്ന അമ്മമാർക്കുമറിയില്ല, പേര് കേൾക്കുന്ന മക്കൾക്കുമറിയില്ല.നാട്ടിലെ നാടൻ സംഘപരിവാറുകാർ വിചാരിക്കുന്നത് മുസ്ലീങ്ങളുടെ സകല ‘അഹങ്കാരവും’ അവസാനിപ്പിക്കാൻ പോകുന്ന മുസ്ലീങ്ങളെ ഒരു സമൂഹമെന്ന നിലയിൽ ഷണ്ഡീകരിക്കാനുള്ള ഒരു ഹിന്ദുത്വ ടൂൾ ആണ് ഏകസിവിൽ കോഡ് എന്നാണ്
എങ്കിലും മക്കൾ ആ പേരുകൾ കേൾക്കുമ്പോൾ ഒന്ന് പേടിക്കും. അമ്മയെ അനുസരിക്കും. കോക്കാച്ചിയുടെ അർത്ഥമറിഞ്ഞതു കൊണ്ടല്ല കുട്ടി അമ്മയെ അനുസരിക്കുന്നത്. മറിച്ച്, കോക്കാച്ചിയെ അമ്മ അവതിരിപ്പിക്കുന്ന ശൈലി അങ്ങനെയാണ്. ഒരു ഭയപ്പെടുത്തലോടു കൂടിയാണത്.
2014 മുതൽ ഇന്ത്യൻ മുസ്ലീങ്ങളെ ശരിപ്പെടുത്താൻ ഭരിക്കുന്ന പാർട്ടി ഉപയോഗിക്കുന്ന കോക്കാച്ചിയാണ് ഏകസിവിൽ കോഡ്. ഏകസിവിൽ കോഡ് എന്താണെന്ന് കോക്കാച്ചി വിളി നടത്തുന്ന ആർഎസ്എസിനുമറിയില്ല വിളി കേൾക്കുന്ന മുസ്ലിം സാമാന്യത്തിനുമറിയില്ല.
നാട്ടിലെ നാടൻ സംഘപരിവാറുകാർ വിചാരിക്കുന്നത് മുസ്ലീങ്ങളുടെ സകല ‘അഹങ്കാരവും’ അവസാനിപ്പിക്കാൻ പോകുന്ന മുസ്ലീങ്ങളെ ഒരു സമൂഹമെന്ന നിലയിൽ ഷണ്ഡീകരിക്കാനുള്ള ഒരു ഹിന്ദുത്വ ടൂൾ ആണ് ഏകസിവിൽ കോഡ് എന്നാണ്. എന്നാൽ ഏകസിവിൽ കോഡ് വിളി കേൾക്കുമ്പോൾ അൽപം ഞെട്ടുന്ന നാട്ടിലെ ചില മുസ്ലീങ്ങളോട് സംസാരിച്ചപ്പോൾ ഏകസിവിൽ കോഡ് വന്നാൽ മരിച്ചാൽ ഹിന്ദുക്കളെ ചെയ്യും പോലെ തങ്ങളെയും കത്തിച്ചു കളയേണ്ടി വരുമെന്നാണ് ആശങ്ക.
സത്യത്തിൽ ഏകസിവിൽ കോഡ് എന്ന ഭരണഘടനയിൽ എഴുതിച്ചേർത്ത മഹത്തായ ആശയം നാട്ടിൽ എങ്ങനെയൊക്കെ കുഴപ്പങ്ങൾ ഉണ്ടാക്കാം എന്ന ലക്ഷ്യത്തിനു വേണ്ടി ഉപയോഗിക്കാനുളള ഒരു ടൂൾ ആയി മാറിയിരിക്കുകയാണ്. ഹിന്ദു മുസ്ലിം വിഭാഗീയത എത്രത്തോളം കൊഴുപ്പിക്കാം എന്നാണ് 2014 മുതൽ ഏകസിവിൽ കോഡ് എടുത്തു വീശി തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്ന ഭരണകക്ഷികൾ ആഗ്രഹിക്കുന്നത്. അതിൽ അത്ഭുതമൊന്നുമില്ല, അംബേദ്കർ മുമ്പ് പറഞ്ഞിട്ടുള്ളതാണ്.
However good a Constitution may be, if those who are implementing it are not good, it will prove to be bad. However bad a Constitution may be, if those implementing it are good, it will prove to be good.
ഭരണഘടനയിൽ മഹത്തായ ആശയങ്ങൾ എഴുതി വെച്ചതുകൊണ്ട് മാത്രം കാര്യമില്ല. അത് നടപ്പിലാക്കുന്നവർ വിവരദോഷികളായാൽ ഈ ഭരണഘടന വെറും കടലാസ് തുണ്ടുമാത്രമാണ് എന്നാണ് സാരം. ഇന്ത്യൻ ജനത വ്യത്യസ്തമായ വിശ്വാസങ്ങളും ആചാരങ്ങളും കൊണ്ടു നടക്കുന്നവരാണ്. വിവാഹം, വിവാഹമോചനം, അനന്തരാവകാശം തുടങ്ങിയ സിവിൽ കാര്യങ്ങളിൽ തങ്ങളുടെ മതപരമായ നിയമങ്ങൾ അടിസ്ഥാനമാക്കി മുന്നോട്ടു പോകുന്നവരാണ്. ഈ മതപരമായ നിയമസംഹിതകൾക്ക് ഓരോ മതത്തിന്‍റെയും പ്രായത്തോളം പഴക്കമുണ്ട്. അതുകൊണ്ട് സ്വാഭാവികമായും അവ ആധുനിക മൂല്യങ്ങളോട് പൊരുത്തപ്പെടണമെന്നില്ല.
ഉദാഹരണത്തിന്, മുസ്ലീങ്ങളുടെ മതനിയമപ്രകാരം മരണപ്പെട്ടയാളുടെ സ്വത്തിൽ നിന്ന് അനന്തരാവകാശികളായ പുരുഷന് ലഭിക്കുന്നതിന്‍റെ പകുതി മാത്രമേ സ്ത്രീക്ക് ലഭിക്കാൻ പാടുള്ളൂ. പാഴ്സി മതക്കാരുടെ വ്യക്തി നിയമത്തിലേക്കു വന്നാൽ, പാഴ്സിയായ പുരുഷന്‍റെ അനന്തര സ്വത്തിൽ മറ്റൊരു മതക്കാരിയായ ഭാര്യക്ക് അവകാശമില്ല. പക്ഷേ മക്കൾക്കുണ്ട്. അതേസമയം, പാഴ്സിയായ സ്ത്രീക്ക് മറ്റൊരു മതക്കാരനായ ഭർത്താവിലൂടെ ഉണ്ടാകുന്ന മക്കളെ പാഴ്സിമതക്കാരായി പരിഗണിക്കുകയുമില്ല.
ക്രിസ്ത്യാനികൾക്കാണെങ്കിൽ ഇന്ത്യയുടെ പല ഭാഗത്തും പല സെക്റ്റുകളുടെ താൽപര്യങ്ങളനുസരിച്ച് പല നിയമങ്ങളുണ്ട്. ഏകസിവിൽ കോഡ് ആണ് എന്ന് പറയപ്പെടുന്ന ഗോവയിൽ പോലും അപരിഷ്കൃതമായ പല ചട്ടങ്ങൾ ഉൾക്കൊളളിച്ച നിയമങ്ങളാണുള്ളത്; ഉദാഹരണത്തിന് ഇരുപത്തഞ്ചു വയസ്സിനുള്ളിൽ ഭാര്യയായ ഹിന്ദു സ്ത്രീ പ്രസവിച്ചില്ലെങ്കിൽ ഭർത്താവിന് വേറൊരു കല്യാണം കഴിക്കാം.
ജാതിഭേദമന്യേ ഇന്ത്യയിലെ ഹിന്ദുമതക്കാരും ബുദ്ധ, ജൈന, സിഖ് മതക്കാരും പിന്തുടരുന്നത് 1950 കളിൽ അംബേദ്ക്റിന്‍റെയും നെഹ്റുവിന്‍റെയും കഠിന പരിശ്രമങ്ങളിലൂടെ നിയമ നിർമാണം നടത്തി രൂപീകരിച്ച ഹിന്ദുകോഡാണ്. ഈ ഹിന്ദു കോഡും കുറ്റമറ്റതാണെന്ന് പറയാനാവില്ല.
1955 ലെ ഹിന്ദു മാര്യേജ് ആക്റ്റ് എടുത്തു നോക്കാം. ഹിന്ദു ജോയിന്‍റ് ഫാമിലി അഥവാ ഹിന്ദു കൂട്ടുകുടുംബമാണ് ഇതിൽ പിന്തുടർച്ചാവകാശവുമായി ബന്ധപ്പെട്ട ചട്ടങ്ങളുടെ അടിസ്ഥാനമായി പരിഗണിക്കുന്നത്. ഹിന്ദു കൂട്ടുകുടുംബ വ്യവസ്ഥിതി നിലനിൽക്കുന്നതാവട്ടെ പാരമ്പര്യമായി നയിക്കുന്ന ഒരു കുലപതിയിലൂടെയും പുരുഷബന്ധത്തിലൂടെ മാത്രം സ്ഥാപിക്കപ്പെടുന്ന വംശപരമ്പരയിലൂടെയുമാണ്.
അതിനാൽ ഈ ആക്റ്റ് പ്രകാരം സന്താനങ്ങളില്ലാതെ മരണപ്പെടുന്ന ഒരു സ്ത്രീയുടെ സ്വത്തുവകകൾ കൈവശപ്പെടുത്താനുള്ള അധികാരം ഭർത്താവിന്‍റെ കുടുംബത്തിനാണ്. ഇത് മരണപ്പെട്ട സ്ത്രീയുടെ മാതൃകുടുംബത്തിനു നേരെയുള്ള പക്ഷപാതപൂർണ്ണമായ വിവേചനമാണ്. സ്ത്രീ അവളുടെ കഴിവും പ്രാപ്തിയും കൊണ്ട് നേടിയെടുത്ത സമ്പാദ്യമാണെങ്കിൽ പോലും അത് അവളുടെ മരണത്തോടെ ഭർത്താവിന്‍റെ കുടുംബത്തിന്‍റെ അവകാശമായി മാറുന്നു.
ഇങ്ങനെയൊക്കെയാണ് ഇന്ത്യയിലെ വിവിധ മതക്കാർ പിന്തുടരുന്ന സിവിൽ നിയമങ്ങളുടെ കിടപ്പ്. ഇതു മാത്രമല്ല, ആദിവാസി ഗോത്ര വിഭാഗങ്ങളും നോർത്ത് ഈസ്റ്റിലെ മറ്റു പല വിഭാഗങ്ങളും പിന്തുടരുന്ന വ്യക്തിനിയമങ്ങളുമുണ്ട്. ഈ നിയമങ്ങളിലെല്ലാം സ്ത്രീ പുരുഷ തുല്യതക്ക് വിരുദ്ധമായതും ആധുനിക മൂല്യങ്ങൾക്ക് നിരക്കാത്തതുമായ ചട്ടങ്ങളുണ്ട്. അവ നീക്കം ചെയ്ത് ആധുനിക മൂല്യങ്ങൾക്ക് നിരക്കുന്നതായ നിയമങ്ങൾ കൊണ്ടുവരുക എന്ന ലക്ഷ്യത്തിലാണ് നമ്മുടെ രാഷ്ട്ര നിർമാതാക്കൾ ആർട്ടിക്കിൾ 44 ൽ ഏകസിവിൽ കോഡ് എന്ന ആശയം എഴുതിച്ചേർത്തത്.
എന്നാൽ, നിലവിലെ ഭരണാധികാരികളുടെ മുന്നിൽ ആധുനിക മൂല്യങ്ങളോ സ്ത്രീപുരുഷ തുല്യതയോ അല്ല വിഷയം. ഏകസിവിൽ കോഡ് എന്നാൽ മുസ്ലീങ്ങളെ കൊട്ടാനുളള ഒരു ഭരണഘടനാനുമതിയാണ് എന്ന ഒരു പൊതുബോധം ഇന്ത്യയിലുണ്ട്. ആ പൊതുബോധം സൃഷ്ടിച്ചതും അവർ തന്നെയാണ്.
ഓരോ അഞ്ചു വർഷം കഴിയുമ്പോഴും അവർ ആ പൊതുബോധത്തെ ഒന്ന് ഇളക്കും. തെരഞ്ഞെടുപ്പിൽ ജയിക്കും. അങ്ങനെ 2014 ഉം കഴിഞ്ഞ്, 19 ഉം കഴിഞ്ഞ് 24 ൽ എത്തിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് വരുന്നുണ്ട്. രാമജന്മഭൂമിയുടെ ചാർജ് ബാബറി വിധിയോടെ തീർന്നതിനാൽ ഏകസിവിൽ കോഡ് മാത്രമാണ് പ്രധാന ആശ്രയം. (CAA യും NRC യും നോർത്ത് ഈസ്റ്റിൽ ആളിക്കത്തി തിരിച്ചടിയുടെ വക്കിലെത്തിയതാണല്ലോ).
പക്ഷേ കാര്യത്തോടടുത്തപ്പോൾ തങ്ങളുടെ വ്യക്തി നിയമങ്ങളെയും ഏകസിവിൽ കോഡ് ബാധിക്കുമെന്ന് മുസ്ലീങ്ങൾ അല്ലാത്തവർക്കും മനസിലായിത്തുടങ്ങി. വോട്ടു കച്ചവടക്കാരായ ഭരണാധികാരികളെ സംബന്ധിച്ചിടത്തോളം വോട്ടാണ് മുഖ്യം, നിയമ പരിഷ്കാരത്തിന് വോട്ടു കച്ചവടത്തോളം മാത്രമേ പ്രാധാന്യമുള്ളൂ. കച്ചവടത്തെ ബാധിക്കുന്ന ഒരു പരിഷ്കാരവും അംഗീകരിക്കില്ല.
നാഗലാന്‍റിലെ ജനങ്ങൾ തങ്ങൾക്ക് ഏകസിവിൽ കോഡ് വേണ്ട എന്ന ആവശ്യം ഉന്നയിച്ചപ്പോൾ അവരെ ഒഴിവാക്കിത്തരാമെന്ന ഉറപ്പ് നൽകിയിരിക്കുകയാണ് ആഭ്യന്തര മന്ത്രിയും ഏകസിവിൽ കോഡിന്‍റെ മൊത്തക്കവടക്കാരനുമായ അമിത് ഷാ. ഇനി ഓരോ സമുദായവും ഈ ആവശ്യങ്ങൾ ഉന്നയിച്ച് വരുമെന്ന് അമിത്ഷായ്ക്ക് അറിയാം. ഓരോരുത്തർക്കും അവരെ ഒഴിവാക്കിത്തരാം എന്ന ഉറപ്പ് നൽകും. പ്രജകൾക്കും സന്തോഷം ഏകാധിപതിക്കും സന്തോഷം. വോട്ടുബാങ്ക് കച്ചവടം പൂർണ്ണ വിജയം. മുസ്ലീങ്ങൾ മാത്രം ഏകസിവിൽ കോഡ് ചുമക്കുന്നതോടെ 2024 ഇലക്ഷനും ഏകാധിപതിയുടെ പൂർണ്ണ വരുതിയിലായി.
ചുരുക്കത്തിൽ, ഇന്ത്യൻ ജനതയെ ആധുനിക മൂല്യങ്ങളിലേക്ക് എത്തിക്കണമെന്നോ, സ്ത്രീ പുരുഷ തുല്യത കൈവരിക്കാൻ ജനങ്ങളെ പ്രാപ്തമാക്കണമെന്നോ ഈ ഭരണകൂടത്തിന് ലക്ഷ്യമില്ല. അങ്ങനെ ലക്ഷ്യമുളളവർ അപ്പം ചുട്ടെടുക്കും പോലെ നിയമങ്ങൾ നിർമിച്ചെടുക്കാൻ തയ്യാറാവില്ല. ഇന്ത്യ പോലുള്ള രാജ്യത്ത് സാമൂഹിക പരിഷ്കരണം ലക്ഷ്യമാക്കുന്ന ഒരു നിയമനിർമാണത്തിന് മുതിരുമ്പോൾ ആദ്യം വിശ്വാസത്തിലെടുക്കേണ്ടത് ജനങ്ങളെയാണ്.
ജനങ്ങൾക്ക് വേണ്ടി നിർമിക്കുന്ന നിയമത്തെ പറ്റിയുള്ള ആശങ്കകൾ ജനങ്ങളിൽ നിന്ന് ദൂരീകരിക്കാനാവണം ആദ്യത്തെ ശ്രമം. അതിനു പകരം ഭരണഘടനാ പ്രാധാന്യമുളള ഏകസിവിൽ കോഡ് പോലുള്ള മഹത്തായ ആശയത്തെ ജനങ്ങളെ പരസ്പരം തല്ലിക്കാനും ഭിന്നിപ്പിക്കാനും വർഗീയമായി ധ്രുവീകരിക്കാനും അത് മുതലെടുത്ത് ഇലക്ഷനിൽ ജയിച്ചു കയറാനും ഉപയോഗിക്കുന്ന ഭരണകൂടം അംബേദ്കറുടെ തന്നെ വാക്കുകളിൽ ഭരണഘടനയുടെ മൂല്യങ്ങളെ തന്നെയാണ് ഇല്ലാതാക്കുന്നത്.
എന്താണ് ഏകീകൃത സിവിൽ കോഡ് ലക്ഷ്യമിടുന്നത് എന്ന് ജനങ്ങളെ ആദ്യം ബോധവൽക്കരിക്കേണ്ടതുണ്ട്. ഏതെങ്കിലും മതവിഭാഗങ്ങളെയോ സാംസ്കാരത്തെയോ അടിച്ചമർത്താനുള്ള ടൂൾ എന്ന തെറ്റിദ്ധാരണ അകറ്റാൻ കഴിയണം. ഇലക്ഷൻ പ്രചരണ വേദികളിൽ കയറി പ്രസംഗിക്കാനുള്ള വിവാദ ആശയമാക്കി മാറ്റുന്നതിന് പകരം ഇന്ത്യൻ ജനതയെ മൊത്തത്തിൽ പരാഷ്കരിക്കാനുള്ള നിയനിർമാണമായി പൊതുജനത്തെ ബോധ്യപ്പെടുത്തണം. സ്ത്രീ പുരുഷ തുല്യതയും അവകാശവും ലക്ഷ്യമിടുന്ന ആധുനിക മൂല്യങ്ങൾ അടങ്ങിയ ആശയമായി ഇതിനെ അവതരിപ്പിക്കാൻ കഴിയണം.
നിലവിൽ കോക്കാച്ചിയുടെ റോൾ നേടിക്കഴിഞ്ഞ ഏകസിവിൽ കോഡ് അതേ പേരിൽ ഒറ്റയടിക്ക് നിയമനിർമാണം നടത്തി നടപ്പിലാക്കാൻ ശ്രമിക്കുന്നതിന് പകരം ഘട്ടംഘട്ടമായി ഓരോ മാറ്റങ്ങളും കൊണ്ടുവരാനാവണം സർക്കാർ ശ്രമിക്കേണ്ടത്. ഘട്ടം ഘട്ടമായി മാറ്റങ്ങൾ കൊണ്ടു വരുമ്പോൾ ജനങ്ങൾക്ക് ഓരോ വിഷയത്തെയും വ്യതിരിക്തമായി മനസിലാക്കാൻ സാധിക്കുകയും ആശങ്കകൾ അകറ്റുകയും ചെയ്യാം. അതിന് ആദ്യം വേണ്ടത് രാഷ്ട്രീയ അജണ്ടയും ഇലക്ഷൻ താൽപര്യവും മാറ്റി നിർത്തുക എന്നതാണ്. വിവിധ സാമൂഹിക വിഭാഗങ്ങളുമായി കൂടിക്കാഴ്ച്ചകൾക്കും ചർച്ചകൾക്കും തയ്യാറാവുക എന്നതാണ്.
FAQS
എന്താണ് ഏകീകൃത സിവിൽ കോഡ് ?
മതം, ലിംഗം, ലൈംഗിക ആഭിമുഖ്യം എന്നിവയുടെ തരംതിരിവില്ലാതെ രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും തുല്യമായി ബാധകമാകുന്ന വ്യക്തി നിയമം എന്നതാണ് ഏകീകൃത സിവില്‍ കോഡ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. അതായത് വിവാഹം, വിവാഹ മോചനം, പിന്തുടര്‍ച്ചാവകാശം, ദത്തെടുക്കല്‍ എന്നിവയ്‌ക്കെല്ലാം രാജ്യത്താകമാനം എല്ലാ മതവിഭാഗങ്ങള്‍ക്കും ബാധകമായ നിയമം.
എന്താണ് ഹിന്ദു കോഡ് ബില്‍ ?
1950-കളിൽ പാസാക്കിയ നിരവധി നിയമങ്ങളാണ് ഹിന്ദു കോഡ് ബില്ലുകൾ, ഇന്ത്യയിലെ ഹിന്ദു വ്യക്തിനിയമം ക്രോഡീകരിക്കാനും പരിഷ്കരിക്കാനും ലക്ഷ്യമിട്ടുള്ളതായിരുന്നു ഈ ബില്ല്. പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസ് സർക്കാർ 1950-കളിൽ പരിഷ്‌കരണങ്ങൾ വിജയകരമായി നടപ്പാക്കി.
എന്താണ് ഭരണഘടന ?
ഒരു രാജ്യത്ത് ഒരുമിച്ചു ജീവിക്കുന്ന എല്ലാ ജനങ്ങളും അംഗീകരിക്കുന്ന ലിഖിത നിയമങ്ങളുടെ കൂട്ടമാണ് ഭരണഘടന. അത് ജനങ്ങളും സർക്കാരും തമ്മിലുള്ള ബന്ധത്തെ നിർണ്ണയിക്കുന്നു.
Quotes
സ്വേച്ഛാധിപത്യം സ്വാഭാവികമായും ജനാധിപത്യത്തിൽ നിന്ന് ഉയർന്നുവരുന്നു, ഏറ്റവും തീവ്രമായ സ്വാതന്ത്ര്യത്തിൽ നിന്നുള്ള സ്വേച്ഛാധിപത്യത്തിന്റെയും അടിമത്തത്തിന്റെയും ഏറ്റവും രൂക്ഷമായ രൂപം – പ്ലേറ്റോ